ad
Deshabhimani

ധവളപത്രം കേരളത്തെ വിൽക്കാനുള്ള 
പശ്ചാത്തലമൊരുക്കൽ: കെ എൻ ബാലഗോപാൽ

കാസർകോട്‌  ഇ എം എസ്‌ പഠനകേന്ദ്രം സംഘടിപ്പിച്ച ‘സംസ്ഥാന ബജറ്റും കേരളീയ സമൂഹവും’ സെമിനാർ കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 10, 2026, 02:30 AM | 1 min read

കാസർകോട്‌

യുഡിഎഫ്‌ സർക്കാരിന്റെ ആദ്യ ബജറ്റും ധവളപത്രവും കേരളത്തെ വിറ്റുതുലയ്‌ക്കാനുള്ള പശ്ചാത്തലമൊരുക്കലാണെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ പറഞ്ഞു. കാസർകോട്‌ ഇ എം എസ്‌ പഠനകേന്ദ്രം സംഘടിപ്പിച്ച ‘സംസ്ഥാന ബജറ്റും കേരളീയ സമൂഹവും’ സെമിനാർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ സർക്കാരിന്റെ പ്രവർത്തനം വിലയിരുത്താനുള്ള സമയമായിട്ടില്ലെങ്കിലും ബജറ്റും ധവളപത്രവും പരിശോധിക്കുമ്പോൾ എന്താണ്‌ യുഡിഎഫിന്റെ നയസമീപനമെന്ന്‌ വ്യക്തമാവുകയാണ്‌. പ്രതിപക്ഷത്തായിരുന്നപ്പോഴും അധികാരത്തിലേറിയശേഷവും കേരളം വലിയ തകർച്ചയിലാണ്‌ എന്ന്‌ വരുത്തിത്തീർക്കാനാണ്‌ വി ഡി സതീശനും യുഡിഎഫും ശ്രമിച്ചത്‌. പണമുണ്ടാക്കണമെങ്കിൽ ലാഭത്തിലുള്ള പൊതുമുതലുൾപ്പെടെ എല്ലാം വിറ്റേതീരൂ എന്നതാണ്‌ യുഡിഎഫ്‌ നിലപാട്‌. സ്വകാര്യ മൂലധനവും മുഴുവനായുള്ള സ്വകാര്യവൽക്കരണവും തമ്മിൽ വലിയ വ്യത്യാസമുണ്ട്‌. സംസ്ഥാന ഖജനാവ്‌ നിറയ്‌ക്കുകയല്ല മറ്റുപലരുടെയും ഖജനാവ്‌ നിറയ്‌ക്കുകയാണ്‌ അവരുടെ ലക്ഷ്യം. എൽഡിഎഫ്‌ സർക്കാർ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ യുഡിഎഫ്‌ കൈയൊഴിഞ്ഞു. വിമാനത്താവളങ്ങൾ, വൈദ്യുതി; പല മേഖലയിലും പ്രത്യേക താൽപര്യമുണ്ട്‌. തദേശ സ്ഥാപനങ്ങളുടെ വിഹിതവും വെട്ടി. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വിറ്റഴിക്കാനുള്ള ഗൂഢനീക്കങ്ങളാണ്‌ ഏറ്റവുമെടുവിലായി പുറത്തുവരുന്നത്‌. മുഖ്യമന്ത്രിയും നധമന്ത്രിയും തുറമുഖ മന്ത്രിയും ഒരാൾ എന്നതാണ്‌ സ്ഥിതിവിശേഷം. സ്വന്തം മുന്നണിയിൽത്തന്നെ ബോധ്യപ്പെടുത്താനാവാത്ത കാര്യങ്ങൾക്കാണ്‌ മുഖ്യമന്ത്രി നേതൃത്വം നൽകുന്നത്‌. എൽഡിഎഫ്‌ സർക്കാരിനെ കടക്കെണിയിലായ സർക്കാർ എന്നായിരുന്നു നിരന്തരം ആക്ഷേപിച്ചത്‌. കണക്കുനോക്കാതെയാണ്‌ വിമർശനമെല്ലാം. ആറായിരം കോടിയിലേറെ തുകയായിരുന്നു ട്രഷറി ബാലൻസ്‌. കേരളം കടക്കെണിയിലാണെന്ന്‌ വരുത്തി നാടിനെ വിറ്റുതലയ്‌ക്കാനുള്ള നീക്കം തിരിച്ചറിഞ്ഞ്‌ ചെറുക്കണമെന്നും ബാലഗോപാൽ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ അധ്യക്ഷനായി. ഡോ. സി ബാലൻ സ്വാഗതംപറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ കെ വി കുഞ്ഞിരാമൻ, ഇ പത്മാവതി എന്നിവർ സംബന്ധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home