കെട്ടിടങ്ങള്‍ പൊളിച്ചുപണിയണമെന്ന ആവശ്യം ശക്തം
ഇരുമ്പനത്തെ റെയില്‍വേ ക്വാര്‍ട്ടേഴ്സ് തകർന്നുവീണു

ഇരുമ്പനത്തെ റെയില്‍വേ ക്വാര്‍ട്ടേഴ്സ് തകര്‍ന്നനിലയിൽ
കൊച്ചി
ഇരുമ്പനത്ത് സ്ഥിതിചെയ്യുന്ന, റെയില്‍വേയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകളിലൊന്ന് തകര്‍ന്നു വീണു. കാലപ്പഴക്കംമൂലം അപകടാവസ്ഥയിലായിരുന്ന ക്വാര്‍ട്ടേഴ്സാണ് നിലംപതിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം. ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങളെ റെയിൽവേ, വേറെ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.
പൊളിഞ്ഞുവീണ കെട്ടിടവും സമീപമുള്ള മറ്റു കെട്ടിടങ്ങളും ഒരേകാലത്ത് നിര്‍മിച്ചതാണ്. ഉത്തരേന്ത്യയില്‍നിന്നുള്ള മെക്കാനിക്കല്‍, ട്രാഫിക്, എൻജിനിയറിങ് വിഭാഗം ജീവനക്കാരാണ് ഈ ക്വാര്‍ട്ടേഴ്സുകളില്‍ കുടുംബമായി താമസിക്കുന്നത്.
കെട്ടിടത്തിന്റെ ജീര്‍ണാവസ്ഥ ഇവരുടെ ജീവന് ആശങ്കയുണ്ടാക്കുന്നു. അടിയന്തരമായി ഇവിടെനിന്ന് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. ഇരുമ്പനത്ത് ശേഷിക്കുന്ന റെയില്‍വേ കെട്ടിടങ്ങളും സുരക്ഷിതമല്ല. എറണാകുളം ജങ്ഷന്‍ റെയിൽവേ കോളനിയില്‍ കാലപ്പഴക്കം ചെന്ന നിരവധി കെട്ടിടങ്ങളുണ്ട്. ഇവയുടെ ഉറപ്പും നിലവിലെ സ്ഥിതിയും പരിശോധിക്കാന്‍ എന്‍ഐടിയില്‍നിന്നുള്ള വിദഗ്ധസംഘത്തെ റെയില്‍വേ നിയോഗിച്ചിട്ടുണ്ട്.
ഇവിടെ നോര്‍ത്ത് എന്‍ഡ്, സൗത്ത് എന്‍ഡ് എന്ന പേരില്‍ രണ്ട് ക്വാര്‍ട്ടേഴ്സ് ബ്ലോക്കാണ് ഉള്ളത്. ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന്റെ പുനരുദ്ധാരണ പ്രവൃത്തിക്കൊപ്പം ഇവയും പുനര്‍നിര്‍മിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ജീവനക്കാര്‍ക്ക് താമസിക്കാന്‍ പുതിയ കെട്ടിടം വേണമെന്നും ഇതിനായി മാസ്റ്റര്‍ പ്ലാന്‍ വേണമെന്നും ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ അവശ്യപ്പെട്ടിട്ടുണ്ട്.
നോര്‍ത്തിലെ ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന്റെ ഭാഗമായി പൊളിച്ച ക്വാര്‍ട്ടേഴ്സുകളില്‍ താമസിച്ചിരുന്നവര്‍ക്ക് നിലവില്‍ താൽക്കാലിക താമസസ്ഥലം ഒരുക്കി നല്‍കിയിട്ടുണ്ട്. ഈ സ്റ്റേഷന്‍ നവീകരിക്കാന്‍ കരാർ കമ്പനിയായ സേലം റാങ്ക് പ്രോജക്ട്സ് ആൻഡ് ഡെവലപേഴ്‌സുമായി ഉണ്ടാക്കിയ കരാര്‍ റെയില്‍വേ റദ്ദാക്കിയിരുന്നു.











0 comments