ad
Deshabhimani

കഞ്ചാവ്‌ കച്ചവടക്കാരെന്ന്‌ ആരോപിച്ച്‌ യുവാക്കളുടെ തല മൊട്ടയടിച്ച 
6 കോൺഗ്രസുകാർ അറസ്‌റ്റിൽ

arrest

കഞ്ചാവ് വിൽപ്പനക്കാരെന്ന്‌ ആരോപിച്ച് ആക്രമണത്തിനിരയായ ആൽബിൻ ഷാജി, ഗോകുൽ ദീപക്, മുഹമ്മദ് അൽഫാസ്

വെബ് ഡെസ്ക്

Published on Jul 10, 2026, 03:29 AM | 2 min read

പെരുമ്പാവൂര്‍


കഞ്ചാവ് വില്‍പ്പനക്കാരെന്നാരോപിച്ച് ആള്‍ക്കൂട്ടവിചാരണ നടത്തി മൂന്ന്‌ യുവാക്കളുടെ തലമൊട്ടയടിച്ച ആറ്‌ കോൺഗ്രസ്‌ പ്രവർത്തകർ അറസ്‌റ്റിൽ. കോൺഗ്രസ്‌ പ്രവർത്തകരായ കണ്ടന്തറ കാരോത്തുകുടി കെ എ ശെരീഫ് (54), കണ്ടന്തറ ചിരയ്ക്കക്കുടി സാജിത് (54), കണ്ടന്തറ കാരോത്തുകുടി മാഹിൻകുട്ടി (42), കണ്ടന്തറ പട്ടരുമഠം പി വി ഷമീർ (46), മുടിക്കൽ ഉപ്പൂട്ടിൽ റഫീഖ് (57), കണ്ടന്തറ കാരോത്തുകുടി കെ എ അൻവർ (50) എന്നിവരെയാണ് പെരുന്പാവൂർ പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്. സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ പ്രവർത്തകരായ ‘തൂഫാൻ വാരിയേഴ്‌സാ’ണ്‌ ശെരീഫും സാജിതും ഷമീറും റഫീഖും. പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല അടുത്തിടെ പെരുന്പാവൂരിൽ നടത്തിയ പരിപാടിയിൽ ഇവർ പങ്കാളികളായിരുന്നു.


മഞ്ഞപ്പെട്ടി നീറിയാണിക്കൽ ഗോകുൽ ദീപക് (18), കണ്ടന്തറ പുത്തൻപുര ആൽബിൻ ഷാജി (20), മഞ്ഞപ്പെട്ടി കളപ്പോത്ത് മുഹമ്മദ് അൽഫാസ് (20) എന്നിവരെയാണ് ക്രൂരമർദനത്തിനിരയാക്കി തല മൊട്ടയടിച്ചത്‌. കോൺഗ്രസ് നേതാവും വെങ്ങോല പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവുമായ ശെരീഫിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. കഞ്ചാവ് വിൽപ്പന ആരോപിച്ച് അതിഥിത്തൊഴിലാളിയെ ആക്രമിച്ച കേസിൽ മൂന്നുമാസംമുമ്പ് ശെരീഫ് റിമാൻഡിലായിട്ടുണ്ട്‌. പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായി ആരോപണമുണ്ട്‌. അറസ്റ്റ്‌ നടപടി പൂർത്തിയാക്കിയിട്ടും കോടതിയിൽ ഹാജരാക്കാതെ വൈകിപ്പിക്കുന്നത് ജാമ്യം ലഭിക്കാനുള്ള അവസരമൊരുക്കലാണെന്നാണ് ആക്ഷേപം.


വ്യാഴം വൈകിട്ട് നാലിന്‌ കണ്ടന്തറയിലായിരുന്നു സംഭവം. ടോപ്‌സ്‌ സോഡ കമ്പനി ജീവനക്കാരായ ആൽബിൻ ഷാജിയും മുഹമ്മദ് അൽഫാസും സുഹൃത്ത്‌ ഗോകുൽ ദീപക്കിന്റെ ജോലിക്കാര്യത്തിനായി എത്തിയപ്പോഴാണ്‌ ആറംഗസംഘം ഇവരെ വളഞ്ഞത്‌. അസഭ്യം പറഞ്ഞ്‌ നടുറോഡില്‍ കുനിച്ചുനിര്‍ത്തി മര്‍ദിച്ചു. തുടർന്ന്‌ കമ്പനിക്കകത്ത്‌ സൂപ്പർവൈസറുടെ മുറിയിൽ കയറ്റി നഗ്‌നരാക്കിയും മർദനം തുടർന്നു. ബാർബറെ സ്ഥലത്ത്‌ കൊണ്ടുവന്നാണ്‌ മുടി വടിച്ചത്‌. വടിച്ചെടുത്ത മുടി ആക്രമണത്തിനിരയായവരെക്കൊണ്ടുതന്നെ വാരിക്കുകയും ചെയ്‌തു.


നഗ്‌നരാക്കി മർദനം, വടിച്ചിട്ട മുടി വാരിച്ചു


പെരുമ്പാവൂർ


​‘സോഡാ കന്പനിയിൽ കൂട്ടുകാരന്‌ ജോലി തേടി എത്തിയതായിരുന്നു ഞങ്ങൾ. പക്ഷേ, നേരിടേണ്ടിവന്നത്‌ കൊടും മർദനം’. കഞ്ചാവ് വിൽപ്പനക്കാരെന്ന് ആരോപിച്ച് ആൾക്കൂട്ട വിചാരണയ്‌ക്ക്‌ ഇരയായി തല മൊട്ടയടിക്കപ്പെട്ട യുവാക്കളുടെ കണ്ണിൽ ഇപ്പോഴും വിട്ടുമാറാതെ ഭയം. ഒരു മണിക്കൂർ നീണ്ട കൊടിയ മർദനത്തിനും ചോദ്യം ചെയ്യലിനുംശേഷമാണ്‌ മൂന്നുപേരുടെയും തല മൊട്ടയടിച്ചത്‌.


കണ്ടന്തറ പുത്തൻപുര ആൽബിൻ ഷാജി (20), മഞ്ഞപ്പെട്ടി കളപ്പോത്ത് വീട്ടിൽ മുഹമ്മദ് അൽഫാസ് (20) എന്നിവർ ടോപ്‌സ്‌ സോഡ കമ്പനി ജീവനക്കാരാണ്. സുഹൃത്ത്‌ മഞ്ഞപ്പെട്ടി നീറിയാണിക്കൽ ഗോകുൽ ദീപക്കിന്‌ (18) ജോലി തേടിയാണ്‌ ഇവർ വ്യാഴാഴ്‌ച വൈകിട്ട്‌ കന്പനിയിൽ എത്തിയത്‌.

‘കമ്പനിക്കകത്തെ സൂപ്പർവൈസറുടെ മുറിയിൽ കയറ്റി നഗ്‌നരാക്കി. തുടർന്ന്‌ തറയിൽ വീണ വസ്‌ത്രം എടുക്കാൻ ആവശ്യപ്പെട്ടു. ഇതിനായി കുനിഞ്ഞപ്പോൾ മുതുകിന്‌ കൈമുട്ടുകൊണ്ട്‌ മർദിച്ചു. വസ്‌ത്രം ധരിപ്പിച്ചശേഷം അതിഥിത്തൊഴിലാളിയായ ബാർബറെ വിളിച്ചുവരുത്തി തല മൊട്ടയടിക്കുകയായിരുന്നു. അതിനുശേഷം അവരുടെ മുടി അവരവർതന്നെ എടുത്തുകൊണ്ടുപോകാനും ആജ്ഞാപിച്ചു’–ആൽബിൻ ഷാജി പറയുന്നു.


ആൾക്കൂട്ടം വളഞ്ഞ് ഇരുവരുമെത്തിയ ബൈക്കിന്റെ താക്കോൽ ഊരിയെടുത്താണ്‌ ചോദ്യം ചെയ്യൽ തുടങ്ങിയത്. നെഞ്ചിലും തലയിലും മർദിച്ചു. കുനിച്ചുനിർത്തി കൈമുട്ടുകൊണ്ട് മുതുകിലും ഇടിച്ചു. തങ്ങളുടെ കൈയിൽ കഞ്ചാവില്ലെന്ന്‌ കരഞ്ഞുപറഞ്ഞിട്ടും മർദനം നിർത്തിയില്ലെന്ന്‌ മുഹമ്മദ് അൽഫാസും ഗോകുൽ ദീപക്കും പറയുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home