ad
Deshabhimani

print edition ഫ്രഞ്ച്‌ 
പടയോട്ടം

ഗോൾ നേടിയ ഫ്രാൻസിന്റെ   
കിലിയൻ എംബാപ്പെയുടെ ആഹ്ലാദം

ലോകകപ്പ്‌ ഫുട്‌ബോൾ ക്വാർട്ടറിൽ 
മൊറോക്കോയ്‌ക്കെതിരെ ഗോൾ നേടിയ ഫ്രാൻസിന്റെ 
കിലിയൻ എംബാപ്പെയുടെ ആഹ്ലാദം

വെബ് ഡെസ്ക്

Published on Jul 10, 2026, 03:49 AM | 1 min read

ബോസ്‌റ്റൺ: മൊറോക്കോയുടെ വന്പ്‌ തകർത്ത്‌ ഫ്രാൻസിന്റെ കുതിപ്പ്‌. രണ്ട്‌ ഗോൾ ജയത്തോടെ തുടർച്ചയായ മൂന്നാംതവണയും ഫ്രാൻസ്‌ സെമിയിലേക്ക്‌ മുന്നേറി. ലോകകപ്പ്‌ ഫുട്‌ബോൾ ക്വാർട്ടറിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയ്‌ക്കെതിരെ രണ്ടാംപകുതിയിലായിരുന്നു ഫ്രാൻസിന്റെ മിന്നലാട്ടം. സൂപ്പർ താരം കിലിയൻ എംബാപ്പെ ആദ്യ ഗോൾ തൊടുത്തു. ആറ്‌ മിനിറ്റിനുള്ളിൽ രണ്ടാംഗോളും പിറന്നു. ഉസ്‌മാൻ ഡെംബെലെയാണ്‌ ലക്ഷ്യം കണ്ടത്‌.


ആദ്യഘട്ടത്തിൽ ഫ്രഞ്ച്‌ മുന്നേറ്റത്തെ മൊറോക്കോ തടഞ്ഞു. എന്നാൽ അരമണിക്കൂറിനുള്ളിൽ മുൻ ചാന്പ്യൻമാർക്ക്‌ ആദ്യ അവസരം കിട്ടി. എംബാപ്പെയെ ബോക്‌സിൽവച്ച്‌ ന‍ൗസയ്‌ർ മസ്‌റൂയ്‌ വീഴ്‌ത്തിയതിന്‌ പെനൽറ്റി. പക്ഷേ, എംബാപ്പെയ്‌ക്ക്‌ അപ്രതീക്ഷിതമായി പിഴച്ചു. ഫ്രഞ്ച്‌ ക്യാപ്‌റ്റന്റെ ദുർബലമായ കിക്ക്‌ ഗോൾകീപ്പർ യാസിനെ ബോനോ തടഞ്ഞു.


ഇടവേളയ്‌ക്കുശേഷം ഫ്രാൻസ്‌ കളി മാറ്റി. തുടക്കംമുതൽ ആക്രമണം. മിക്കേൽ ഒലീസെയും ദിസിരെ ദുവെയും മൊറോക്കൻ പ്രതിരോധത്തെ പരീക്ഷിച്ചു. 60–ാം മിനിറ്റിൽ ഫ്രഞ്ചുകാർ മൊറോക്കൻ വല തകർത്തു. ദുവെ നൽകിയ പാസ്‌, ബോക്‌സിന്‌ പുറത്തുനിന്ന്‌ എംബാപ്പെ മിന്നുന്ന ഷോട്ടില‍ൂടെ വലയിലെത്തിച്ചു. എട്ട്‌ ഗോളുമായി ഗോൾവേട്ടക്കാരിൽ അർജന്റീന ക്യാപ്‌റ്റൻ ലയണൽ മെസിക്കൊപ്പം ഒന്നാമതെത്തി. മൂന്ന്‌ ഗോളിന്‌ അവസരവുമൊരുക്കി. ലോകകപ്പിലാകെ 20 ഗോളായി. മെസിയെക്കാൾ ഒരെണ്ണം മാത്രം കുറവ്‌. ഇരുപത്തേഴുകാരന്റെ മൂന്നാമത്തെ ലോകകപ്പാണിത്‌. ആകെ മത്സരം ഇരുപതും.


ഗോൾനേടി ആറ്‌ മിനിറ്റിനുള്ളിലാണ്‌ ഡെംബെലെയുടെ ഗോളിന്‌ അവസരമൊരുക്കിയത്‌. ഡെംബെലെയ്‌ക്ക്‌ ലോകകപ്പിൽ അഞ്ച്‌ ഗോളുമായി. ഫൈനൽ വിസിലിന്‌ 20 മിനിറ്റ്‌ ശേഷിക്കെ എംബാപ്പെയെ പിൻവലിച്ചു. സ്‌പെയ്‌ൻ–ബൽജിയം ക്വാർട്ടർ മത്സരത്തിലെ വിജയികളാണ്‌ സെമിയിൽ ഫ്രാൻസിന്റെ എതിരാളികൾ. 14നാണ്‌ ആദ്യ സെമി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home