കള്ളപ്പന്നീ... നീ തീർന്നെടാ തീർന്ന്

പി പി സതീഷ് കുമാർ
Published on Jul 10, 2026, 02:30 AM | 1 min read
കണ്ണൂർ
കൊയ്‌ത്തിന് പാകമായി തുടങ്ങുന്പോഴാണ് വേശാലയിലെ കോമക്കരി പാടശേഖരത്തിൽ പലപ്പോഴും പന്നിക്കൂട്ടമിറങ്ങുക. വയൽച്ചേറ് കുത്തിയിളക്കി പിന്നെയൊരു വിളയാട്ടമാണ്. ഇത് കണ്ടുകണ്ട് മനംമടുത്താണ് കർഷകർ വയൽ ഉപേക്ഷിച്ചത്. ഒന്നും രണ്ടും വിളയും മൂന്നാം വിളയായി ടൺകണക്കിന് പച്ചക്കറിയും കൃഷിയിറക്കിയിരുന്ന പാടശേഖരം ഇതോടെ തരിശുനിലമായി കാടുകയറി. ഏതാനും മാസം മുന്പാണ് കുറ്റ്യാട്ടൂർ പഞ്ചായത്ത് കാട്ടുപന്നികളെ തടയാൻ പാടശേഖരത്തിൽ സൗരവേലി പണിതത്. നേർത്ത നാലുവരി കന്പികൾ പാടശേഖരത്തിന് കോട്ടകെട്ടിയതോടെ പന്നിക്കൂട്ടം കളംവിട്ടു. ഒന്നാംവിളയുടെ പച്ചപ്പ് പുതച്ചുനിൽക്കുന്ന കോമക്കരി പാടശേഖരമാണ് ഇവിടുത്തെ പുതിയ കാഴ്‌ച. കഴിഞ്ഞ വേനലിൽ ടൺകണക്കിന് പച്ചക്കറിയാണ് ഒരിഞ്ച് തരിശിടാത്ത മണ്ണിൽ വിളഞ്ഞത്. 4955 മീറ്ററിലാണ് കഴിഞ്ഞ വർഷം ജനകീയാസൂത്രണത്തിലൂടെ പഞ്ചായത്ത് സൗരവേലി ഒരുക്കിയത്. 6.5 ലക്ഷം രൂപയാണ് പഞ്ചായത്തിന്റെ പദ്ധതി വിഹിതം. ഇത്രതന്നെ തുക ഗുണഭോക്താക്കളും ചെലവഴിച്ചു. സൗരോർജം ബാറ്ററിയിൽ ശേഖരിച്ച് 15 സെന്റീ മീറ്റർ അകലത്തിലുള്ള കന്പികളിലൂടെ രാത്രി വൈദ്യുതി കടത്തിവിടും. 1.3 സെക്കൻഡ് മാത്രം നീളുന്നതാണ് വൈദ്യുതി പ്രവാഹം. അതിനാൽ മനുഷ്യനും ജീവജാലങ്ങൾക്കും ജീവഹാനിയില്ല. വന്യമൃഗങ്ങൾ ലൈനിൽ സ്‌പർശിക്കുന്ന മാത്രയിൽ നേരിയ ഷോക്കേറ്റ് പിൻവാങ്ങും. മുള്ളൻപന്നിയും മയിലും ഉൾപ്പെടെയുള്ള ചെറുജീവികൾക്കും കൃഷിയിടത്തിലേക്ക് നോ എൻട്രിയാണ്. മലപ്പുറത്തെ സോൾഗ സോളാർ കെ്‌നോളജീസാണ് വേലി നിർമിച്ചത്. കോമക്കരി, കുറ്റ്യാട്ടൂർ പാടശേഖരങ്ങളിലായി 16 ഏക്കറിലും ഏഴ് കർഷകരുടെ 10 ഏക്കർ സ്വകാര്യഭൂമിയിലും പഞ്ചായത്ത് സൗരവേലി സ്ഥാപിച്ചിട്ടുണ്ട്. എഴുപതോളം കർഷകരിൽ പദ്ധതിയുടെ നേരിട്ടുള്ള പ്രയോജനമെത്തി. ഇൗ വർഷം കൂടുതൽ കൃഷിയിടങ്ങളിൽ സൗരവേലിക്കായി 7.5 ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. ‘‘വെയിലത്തും മഴയത്തും നടുനിവർത്താതെ പണി ചെയ്‌ത് ഉണ്ടാക്കിയതെല്ലാം പലവട്ടം പന്നികൊണ്ടുപോയി. അതിന്റെ ബേജാറ് അനുഭവിച്ചോർക്കേ അറിയൂ. പന്നി കയറിയ കണ്ടം കണ്ടുനിൽക്കാനാവൂല. പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ഒന്നും പന്നി കൂട്ടാക്കിയിരുന്നില്ല. സോളാറ് കന്പി കെട്ടിയേപ്പിന്നെ പന്നി ഇൗട തിരിഞ്ഞ് നോക്കീറ്റില്ല’’– കർഷകയായ പി കെ പത്മാവതി പറയുന്നു.










0 comments