print edition യൂറോപ്പിന്റെ ലോകം

Image Credit ANI
ന്യൂയോർക്ക്: ലോകഫുട്‌ബോളിലെ യൂറോപ്യൻ ആധിപത്യം വീണ്ടും തെളിയുന്നു. 48ൽനിന്ന് എട്ട് ടീമുകളിലേക്ക് ലോകകപ്പ് ചുരുങ്ങിയപ്പോൾ ആറും യൂറോപ്പിൽനിന്നാണ്. 16 ടീമുകളായിരുന്നു ടൂർണമെന്റിനെത്തിയത്. ഇതിൽ പതിമൂന്നും നോക്കൗട്ടിലെത്തി. അതിൽ ഏഴ് ടീമുകൾ പ്രീ ക്വാർട്ടറിലുമെത്തി. ക്വാർട്ടറിൽ ആറും. 1994നുശേഷം ആദ്യമായാണ് യൂറോപ്പിന് പുറത്ത് നടക്കുന്ന ലോകകപ്പിൽ ഇത്രയും ടീമുകൾ അവസാന എട്ടിലിടം പിടിക്കുന്നത്. മറ്റ് വൻകരകളിൽ നടന്ന ലോകകപ്പിൽ രണ്ടുതവണ മാത്രമാണ് യൂറോപ്യൻ സംഘങ്ങൾക്ക് ജയിക്കാനായത്. 2010ൽ ദക്ഷിണാഫ്രിക്കയിൽ സ്‌പെയ്‌നും 2014ൽ ബ്രസീലിൽ ജർമനിയും.
വടക്കൻ അമേരിക്കയിൽ നടക്കുന്ന ലോകകപ്പിൽ യൂറോപ്യൻ ടീമുകൾ ക്ഷീണിക്കുമെന്നായിരുന്നു പ്രവചനം. കനത്ത ചൂടും പരിചിതമല്ലാത്ത സാഹചര്യങ്ങളും മത്സര സമയവും യാത്രകളും വെല്ലുവിളിയാകുമെന്ന് കണക്കുക്കൂട്ടി. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ കളിക്കിറങ്ങിയ യൂറോപ്പിലെ പത്ത് ടീമുകളിൽ ഏഴിനും ജയിക്കാനായില്ല. ഇംഗ്ലണ്ട്, നോർവെ, സ്വിറ്റ്‌സർലൻഡ് ടീമുകൾ ചൂടിൽ ബുദ്ധിമുട്ടി. ‘എത്ര ചൂടായാലും ജയിച്ചേ മതിയാകു’ എന്നായിരുന്നു ബൽജിയം പരിശീലകൻ റൂഡി ഗാർഷ്യ പറഞ്ഞത്. ആദ്യ രണ്ട് കളിയിൽ സമനിലയായിരുന്നു ബൽജിയത്തിന്. എന്നാൽ ആദ്യ റൗണ്ടുകൾ കഴിഞ്ഞ് തകർപ്പൻ പ്രകടനം പുറത്തെടുത്തു. പ്രീ ക്വാർട്ടറിൽ ആതിഥേയരായ അമേരിക്കയെ തകർത്തു. ഇംഗ്ലണ്ടും സഹ ആതിഥേയരായ മെക്‌സിക്കോയെ വീഴ്‌ത്തി. കളത്തിലെ സാങ്കേതിക മികവ് മാത്രമല്ല യൂറോപ്യൻ മുന്നേറ്റത്തിന്റെ കാരണം. സമ്മർദങ്ങളെ അതിജീവിക്കുന്നതിലും കൃത്യമായ ശൈലിയിൽ 90 മിനിറ്റ് കളിക്കുന്നതും കരുത്തായി. ഒരു ഗോളിന് പിന്നിട്ട് നിന്നാലും മാനസികമായി തളരില്ല. ‘വാറിൽ’ കൂടുതൽ മത്സരപരിചയങ്ങളുള്ളതും തുണച്ചു.
പ്രതീക്ഷിച്ച വമ്പൻമാരെല്ലാം മുന്നേറിയപ്പോൾ ജർമനി മാത്രമാണ് നിരാശപ്പെടുത്തിയത്. റൗണ്ട് ഓഫ് 32ൽ പരാഗ്വായ്‌യോട് തോറ്റ് നാലുവട്ടം ചാമ്പ്യൻമാർ പുറത്തായി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും മടങ്ങി. സ്‌പെയ്‌നിനോടായിരുന്നു കീഴടങ്ങൽ. വമ്പൻ അട്ടിമറികളും യൂറോപ്യൻ നിര നടത്തി. അഞ്ചുതവണ ജേതാക്കളായ ബ്രസീലിനെ നോർവെ ഞെട്ടിച്ചു. മറ്റൊരു ലാറ്റിനമേരിക്കൻ വമ്പൻമാരായ കൊളംബിയയെ സ്വിറ്റ്‌സർലൻഡും തുരത്തി. ലോകകപ്പിന്റെ 22 പതിപ്പുകളിൽ 12 തവണയും യൂറോപ്യൻമാരാണ് ചാമ്പ്യൻമാർ.











0 comments