print edition പണച്ചാക്കുമായി ബിജെപിക്കാരന്റെ സെൽഫി

പണം നിറച്ച ബാഗുമായി സിദ്ധാർഥ്

വി എസ് വിഷ്‌ണുപ്രസാദ്
Published on Jul 10, 2026, 01:35 AM | 1 min read
തിരുവനന്തപുരം: വലിയ ബാഗുനിറയെ അഞ്ഞൂറിന്റെ നോട്ടുകെട്ടുമായി ബിജെപി പ്രവർത്തകന്റെ സെൽഫി. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച സൈബർ ടീമിലെ പ്രധാനി സിദ്ധാർഥിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തെരഞ്ഞെടുപ്പുഫണ്ട് തട്ടിപ്പ് വാർത്തകൾക്കിടെയാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്.
ഫണ്ടുവെട്ടിപ്പ് വാർത്തയ്‌ക്ക് പിന്നാലെ അച്ചടക്ക നടപടിക്കുവിധേയയായ സംസ്ഥാന സെക്രട്ടറി എം പി അഞ്‌ജനയുടെ അനുയായിയാണ് സിദ്ധാർഥ്. പാറശാല സ്വദേശിയായ ഇയാൾ ബാഗുനിറയെ നോട്ടുകെട്ടുമായി ഇരിക്കുന്നതിന്റെ സെൽഫി സ്റ്റാറ്റസിട്ടിരുന്നു. കോട്ടയം സ്വദേശിയായ സംസ്ഥാന നേതാവ് പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചാണ് സ്റ്റാറ്റസ് നീക്കിയത്. ഇതിന്റെ സ്‌ക്രീൻഷോട്ട് ബിജെപിക്കാർ തന്നെയാണ് പ്രചരിപ്പിക്കുന്നത്.
ബിജെപിയുടെ ‘സൈബർ അറ്റാക്ക്’ ടീമിന്റെ നേതാവാണത്രേ സിദ്ധാർഥ്. പ്രധാന നേതാക്കളുമായി ഇയാൾക്ക് അടുപ്പമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്ന ചിത്രമുൾപ്പെടെ ഇയാളുടെ ഇൻസ്റ്റഗ്രാമിലുണ്ടായിരുന്നു. പണസഞ്ചിയുമായുള്ള ചിത്രം പ്രചരിച്ചതോടെ ചിത്രങ്ങൾ നീക്കി.
സിദ്ധാർഥിനെ അറിയില്ലെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. എന്നാൽ, ഇയാൾ എങ്ങനെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തിയെന്നും പ്രധാനമന്ത്രിയുൾപ്പെടെയുള്ളവരെ സ്വീകരിക്കാൻ അവസരമൊരുക്കിയതാരെന്നും കണ്ടുപിടിക്കണമെന്ന് നേതാക്കൾ പറയുന്നു. ഫണ്ട് വെട്ടിപ്പുൾപ്പെടെയുള്ള വിഷയമുയർത്തി ബിജെപിയിൽ പോരാട്ടത്തിനൊരുങ്ങുകയാണ് ഒരുവിഭാഗം നേതാക്കൾ.











0 comments