രോഗിയുടെ മരണം
ഡോക്ടറുടെ ചികിത്സാവീഴ്ച ആരോഗ്യവകുപ്പ് ഡയറക്ടർ അന്വേഷിക്കും

മേപ്പയൂർ
കോൺഗ്രസ് നേതാവായിരുന്ന കീഴ്പ്പയൂരിലെ മേലാട്ട് ബാലകൃഷ്ണന്റെ മരണത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോ. പ്രമോദ് ശ്രീനിവാസന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയും ചികിത്സാ നിഷേധവുമാണ് മരണത്തിന് കാരണമായതെന്ന കുടുംബത്തിന്റെ പരാതിയിലാണ് നടപടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആരോഗ്യമന്ത്രിയുടെ നിർദേശം. അർബുദത്തെ തുടർന്നുണ്ടായ രക്തക്കുറവിനാലാണ് ഏപ്രിൽ 27ന് ബാലകൃഷ്ണനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. പ്രമോദ് ശ്രീനിവാസൻ രോഗിയെ അഡ്മിറ്റ് ചെയ്യാനോ പ്രാഥമിക ചികിത്സ നൽകാനോ തയ്യാറായില്ലെന്ന് കുടുംബം പരാതിയിൽ പറയുന്നു. ചികിത്സ നടത്തുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി റഫറൻസ് ലെറ്റർ വാങ്ങി, അതുമായി തിരികെ കൊയിലാണ്ടിയിൽ എത്തി തന്റെ കുറിപ്പും വാങ്ങി, കോട്ടപ്പറമ്പ് ആശുപത്രിയിൽ പോയി രക്തം സംഘടിപ്പിച്ചു വരണമെന്ന നിർദേശമാണ് ഡോക്ടർ നൽകിയത്. ഇതേ തുടർന്ന് കൂടെയുള്ളവർ കോഴിക്കോട്ടേക്ക് പോയി തിരികെ എത്തുമ്പോഴേക്കും രോഗി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. അവശനായ രോഗിയുമായി വീണ്ടും ഡോക്ടറെ സമീപിച്ചെങ്കിലും ഡോക്ടർ നോക്കിയില്ലെന്നും പരാതിയിൽ പറയുന്നു. പിന്നീട് ഡ്യൂട്ടി മാറി വന്ന ഡോക്ടർ രോഗിയെ അഡ്മിറ്റ് ചെയ്തെങ്കിലും രാത്രിയോടെ നില വഷളായി.* തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും അവിടെയെത്തുമ്പോഴേക്കും മരിച്ചു. അന്ന് മന്ത്രിക്ക് പരാതി നൽകിയിരുന്നെങ്കിലും കാവൽ മന്ത്രിസഭയുടെ ഭാഗമായതിനാൽ നടപടികൾ വൈകുകയായിരുന്നു.











0 comments