സെപ്‌റ്റിക് ടാങ്കിലെ മലിനജലം റോഡിലേക്ക്
നഗരസഭയ്‌ക്ക് അനക്കമില്ല എത്രനാൾ സഹിക്കണം

കാസർകോട്
കാസർകോട് പുതിയ ബസ്സ്റ്റാൻഡിന് സമീപത്തെ സെപ്‌റ്റിക് ടാങ്ക് പൊട്ടിയൊലിച്ച് പ്രദേശമാകെ പരക്കുന്പോഴും നന്നാക്കില്ലെന്ന വാശിയിൽ നഗര ഭരണക്കാർ. നിരവധി തവണയാണ് വിഷയം മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വാർത്തയായത്. നഗരസഭാ ഷോപ്പിങ് കോംപ്ലക്‌സിലെ കെട്ടിടങ്ങളിൽനിന്നുള്ള അഴുക്കുജലവും മാലിന്യവും നിറഞ്ഞ ടാങ്കാണ് നിറഞ്ഞുകവിഞ്ഞ് പുറത്തേക്കൊഴുകുന്നത്. ഓട്ടോ– ടാക്‌സി സ്‌റ്റാൻഡിനോട് ചേർന്നായതിനാൽ തൊഴിലാളികൾ പ്രതിഷേധിച്ചതോടെ അഴുക്കുവെള്ളത്തിന് മുകളിൽ ബ്ലീച്ചിങ് പൗഡറിട്ട് തടിതപ്പുകയായിരുന്നു. ചുമട്ടുതൊഴിലാളികളുടെ വിശ്രമകേന്ദ്രവും ഉപജീവന മാർഗമായി നടത്തുന്ന ലോട്ടറി സ്‌റ്റാളും ഇതിനടുത്താണ്. ചന്ദനത്തിരിയും മറ്റും കത്തിച്ചുവച്ചാണ് ഇവർ ദുർഗന്ധം ഒഴിവാക്കാൻ ശ്രമിക്കുന്നത്. പുതിയ ബസ്‌സ്‌റ്റാൻഡിലേക്ക് സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് ബസ് കയറാനെത്തുന്നത്. മലിനജലത്തിൽ ചവിട്ടാതെ കടന്നുപോകാൻ പ്രയാസപ്പെടുന്നത് നിത്യകാഴ്‌ചയായി. മഴക്കാലപൂർവ ശുചീകരണം പേരിനായതോടെ എങ്ങും പകർച്ചവ്യാധി ഭീഷണിയാണ്. അതിനിടയ്‌ക്കാണ് പൊതുജനങ്ങൾക്ക് സൗജന്യമായി രോഗം പകരാനായി നഗരഭരണക്കാരും ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്. ബസ്‌സ്‌റ്റാൻഡ് കെട്ടിടത്തിൽ ഹോട്ടലുകൾ പ്രവർത്തിപ്പിക്കാൻ പാടില്ലെന്നാണ് നിലവിലെ വ്യവസ്ഥ. എന്നാൽ ഇവിടെ ഹോട്ടലുകൾ നിരവധിയാണ്. ഇവിടങ്ങളിലെയും നഗരസഭയുടെ പൊതുശൗചാലയത്തിലെയും മലിനജലവും കക്കൂസ് മാലിന്യവും സംഭരിക്കുന്നത് മൂന്നുവർഷംമുമ്പ് നിർമിച്ച ഇൗ കുഴിയിലാണ്. ആവശ്യത്തിന് സംഭരണ ശേഷിയില്ലാത്ത കുഴി വളരെ പെട്ടെന്നാണ് നിറയുന്നത്. യഥാസമയം ഇവ മാറ്റാൻ നഗരസഭ തയ്യാറാകാത്തതാണ് നിറഞ്ഞുകവിഞ്ഞ് പുറത്തേക്കൊഴുകാൻ കാരണം.











0 comments