സീപോർട്ട്–എയർപോർട്ട് ലിങ്ക് റോഡിൽ വിള്ളൽ:
ചരക്കുവാഹനങ്ങൾക്ക് നിയന്ത്രണം

കാക്കനാട് സീപോർട്ട്–എയർപോർട്ട് റോഡിൽ നിന്ന് പടമുകളിലേക്കുള്ള കുന്നുപുറം ലിങ്ക് റോഡിൽ രൂപപ്പെട്ട വലിയ വിള്ളലുള്ള സ്ഥലം എൽഡിഎഫ് സംഘം മെട്രോ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നു
കാക്കനാട്
സീപോർട്ട്–എയർപോർട്ട് റോഡിൽനിന്ന് പടമുകളിലേക്കുള്ള കുന്നുപുറം ലിങ്ക് റോഡിൽ വലിയ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് സുരക്ഷാ മുൻകരുതലെന്ന നിലയിൽ ഇതുവഴിയുള്ള ചരക്കുവാഹനങ്ങളുടെ ഗതാഗതം താൽക്കാലികമായി നിരോധിച്ചു.
വിള്ളൽ രൂപപ്പെട്ട ഭാഗം സിമന്റ് ഗ്രൗട്ട് ഉപയോഗിച്ച് താൽക്കാലികമായി അടയ്ക്കാനുള്ള കെഎംആർഎൽ നടപടി തൃക്കാക്കര നഗരസഭ പ്രതിപക്ഷനേതാവ് സി പി സാജലിന്റെ നേതൃത്വത്തിൽ തടഞ്ഞു.
രണ്ടു ദിവസമായി ചെറിയതോതിൽ രൂപപ്പെട്ടിരുന്ന വിള്ളൽ ബുധൻ രാവിലെമുതൽ വ്യാപിച്ചതോടെ നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്ന് കെഎംആർഎൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി.
തുടർന്ന് മെട്രോ ഉദ്യോഗസ്ഥരും റോഡ് സേഫ്റ്റി അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയും വിള്ളൽ താൽക്കാലികമായി സിമന്റ് ഗ്രൗട്ട് ഉപയോഗിച്ച് അടച്ചു. എന്നാൽ, താൽക്കാലികമായി നടപടി സ്വീകരിച്ചാൽ വലിയ അപകടം ഉണ്ടാകുമെന്ന് കാണിച്ച് നഗരസഭ പ്രതിപക്ഷനേതാവ് സി പി സാജലിന്റെ നേതൃത്വത്തിൽ തടയുകയായിരുന്നു.
മെട്രോ റെയിൽ നിർമാണം നടക്കുന്നതിനാൽ കഴിഞ്ഞ രണ്ടു മാസമായി ഈ ഭാഗത്തുനിന്ന് ഒരു ദിശയിലേക്കു മാത്രമാണ് വാഹനഗതാഗതം അനുവദിച്ചിട്ടുള്ളത്. കനത്ത മഴയെ തുടർന്ന് മണ്ണ് താഴ്ന്നതാണ് വിള്ളലിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വർഷങ്ങൾക്കുമുമ്പ് മണ്ണിട്ട് നികത്തിയാണ് സീപോർട്ട്–എയർപോർട്ട് റോഡിൽനിന്ന് പടമുകളിലേക്കുള്ള ലിങ്ക് റോഡ് നിർമിച്ചത്. റോഡ് ഉയർന്നും ഇരുവശങ്ങളും താഴ്ന്നനിലയിലുമാണ്. മെട്രോ നിർമാണത്തെ തുടർന്ന് ഫുട്പാത്ത് ഉൾപ്പെടെയുള്ള ഭാഗങ്ങൾ വാഹനഗതാഗതത്തിനായി ഉപയോഗിച്ചതിനാൽ റോഡിന്റെ വടക്കുഭാഗത്ത് പൂർണമായും ബാരിക്കേഡുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനായി സ്പീഡ് ബ്രേക്കറുകളും സ്ഥാപിക്കും. നഗരസഭ പ്രതിപക്ഷനേതാവ് സി പി സാജൽ, കൗൺസിലർ കെ എ നജീബ്, കെഎംആർഎൽ ചീഫ് എക്സിക്യൂട്ടീവ് എൻജിനിയർ വിനു കോശി, ഉദ്യോഗസ്ഥരായ സുനീഷ് ബാബു, സുബ്രഹ്മണ്യ അയ്യർ, റോഡ് സേഫ്റ്റി എൻഫോഴ്‌സ്മെന്റ് മൊബൈൽ സ്ക്വാഡ് ഇൻസ്പെക്ടർ എസ് ഉദയകുമാർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.











0 comments