ad
Deshabhimani

കോർപറേഷൻ ഓഫീസിലേക്ക്‌ മാർച്ച്‌

മേയർ നാടിന്‌ അപമാനം: ഐഎൻടിയുസി

കേരള പ്രദേശ്‌ വഴിയോര വ്യാപാര കോൺഗ്രസ്‌ (ഐഎൻടിയുസി) 
കോർപറേഷൻ ഓഫീസിലേക്ക്‌ നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തവർ
വെബ് ഡെസ്ക്

Published on Jul 10, 2026, 02:30 AM | 1 min read

കണ്ണൂർ

പാവപ്പെട്ട വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള കണ്ണൂർ കോർപറേഷൻ ഭരണസമിതിക്കെതിരെ കോൺഗ്രസിൽ കലാപം പടരുന്നു. ഭരണസമിതിക്കും മേയർ പി ഇന്ദിരയ്‌ക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ്‌ തൊഴിലാളി സംഘടനയായ ഐഎൻടിയുസി കോർപറേഷൻ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. കോർപറേഷനിൽ തെരുവോര കച്ചവടക്കാർ ഏറ്റവും കൂടുതലുള്ള പയ്യാന്പലം ഡിവിഷനിൽനിന്ന്‌ അവരുടെകൂടി വോട്ടുവാങ്ങി വിജയിച്ച മേയർ ആ നാടിന്‌ തന്നെ അപമാനമായി മാറിയെന്ന്‌ സമരം ഉദ്‌ഘാടനം ചെയ്‌ത ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ ഡോ. ജോസ്‌ ജോർജ്‌ പ്ലാന്തോട്ടം പറഞ്ഞു. ഇരുളിന്റെ മറവിൽ അവരുടെ പണം കട്ടെടുക്കുകയും തൊഴിലിടം നശിപ്പിക്കാനും ശ്രമിക്കുന്നത്‌ ലജ്ജാകരമാണ്‌. നേതൃത്വത്തിന്‌ തന്നെ അപമാനമായ രീതിയിൽ വഴിയോര കച്ചവടക്കാരെ ഇറക്കിവിടാനാണ്‌ മേയർ തുടർന്നും ശ്രമിക്കുന്നതെങ്കിൽ ഇ‍ൗ കിരാത ഭരണത്തിനെതിരായി ശക്തമായ സമരത്തിന്‌ തൊഴിലാളികൾ നേതൃത്വം നൽകും. ഏകാധിപത്യ, രാജകീയ ഭരണത്തിന്‌ വേണ്ടിയല്ല കണ്ണൂർ കോർപറേഷനിൽ പാവപ്പെട്ട കോൺഗ്രസ്‌ പ്രവർത്തകർ മേയറെയും കോൺഗ്രസിനെയും തെരഞ്ഞെടുത്തത്‌ എന്നും ജോസ്‌ ജോർജ്‌ പ്ലാന്തോട്ടം പറഞ്ഞു. വൻകിട കച്ചവടക്കാർക്കുവേണ്ടി വിടുപണിചെയ്യുന്നവരായി മാറിയ കോർപറേഷൻ ഭരണാധികാരികൾ കള്ളന്മാരുടെ പണിയാണ്‌ ഇപ്പോൾ ചെയ്യുന്നതെന്ന്‌ സ്വാഗത പ്രസംഗത്തിൽ വഴിയോര വ്യാപാര കോൺഗ്രസ്‌ ജില്ലാസെക്രട്ടറി ടി നിഷാന്ത്‌ പറഞ്ഞു. ജല്ലാ പ്രസിഡന്റ്‌ എം പ്രഭാകരൻ അധ്യക്ഷനായി. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ യു കെ ജലജല, എം വി പ്രേമരാജൻ, ഷമർ പള്ളിപ്രം, കെ സി ഉല്ലാസൻ, പി ഇസ്‌മയിൽ, പി എ ഹരി തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home