3 സ്‌കൂളിൽ റാഗിങ്
ബെള്ളൂരിൽ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദനം

മുള്ളേരിയ
ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിക്ക് നേരെ പ്ലസ്ടു വിദ്യാർഥികളുടെ ക്രൂരമായ റാഗിങ്ങും മർദനവും. മർദനമേറ്റ ബെളിഞ്ച സ്വദേശിയും പ്ലസ് വൺ വിദ്യാർഥിയുമായ സൽമാനുൽ ഫാരിസിനെ മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ 9.10 ഓടെയാണ് സംഭവം. ഷർട്ടിന്റെ ബട്ടൺ ഇടാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. രാവിലെ വെള്ളമെടുക്കാൻ പോയ സൽമാനോട് ഷർട്ടിന്റെ ബട്ടൺ മുഴുവൻ ഇടണമെന്ന് പ്ലസ്ടു വിദ്യാർഥികൾ ആവശ്യപ്പെടുകയായിരുന്നു. ‘നിങ്ങളും ബട്ടൺ ഇട്ടില്ലല്ലോ' എന്ന് തിരിച്ചുചോദിച്ചതോടെ സീനിയർ വിദ്യാർഥികൾ കൂട്ടത്തോടെ എത്തി മർദിക്കുകയായിരുന്നു. സ്‌കൂൾ ഓഫീസിനോട് ചേർന്നുള്ള ക്ലാസ് റൂമിൽ എത്തിയാണ് ആക്രമണം. അധ്യാപകരും ജീവനക്കാരും തടയാൻ ശ്രമിച്ചെങ്കിലും അക്രമികൾ പിന്മാറിയില്ല. സൽമാനുൽ ഫാരിസിന്റെ തല സ്കൂൾ കെട്ടിടത്തിന്റെ ഗ്രില്ലിൽ ഇടിപ്പിക്കുകയും നെഞ്ചത്ത് ചവിട്ടുകയും ചെയ്തതായി ആക്രമണം കണ്ട വിദ്യാർഥികൾ പറഞ്ഞു. തല ഗ്രില്ലിൽ ഇടിക്കുന്ന ശബ്ദംകേട്ടാണ് അധ്യാപകർ ഓടിയെത്തിയത്. ആക്രമണത്തിൽ വിദ്യാർഥിയുടെ കാലിന്റെ മുട്ടിനും പരുക്കേറ്റിട്ടുണ്ട്. കടുത്ത വേദനയെ തുടർന്ന് കൈ ഉയർത്താൻപോലും കഴിയാത്ത അവസ്ഥയിലാണ് സൽമാൻ. രണ്ടുദിവസം മുൻപും സ്കൂളിൽ ഷൂ ധരിച്ചെത്തിയതിന്റെ പേരിൽ സീനിയർ വിദ്യാർഥികൾ സൽമാനെ റാഗ് ചെയ്തിരുന്നതായി സഹപാഠികൾ പറഞ്ഞു. സംഭവത്തിൽ ശക്തമായ നടപടിയെടുക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു. എടനീർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ 20 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച പകൽ 11 ഓടെയായിരുന്നു സംഭവം. വിദ്യാർഥിയെ തടഞ്ഞുനിർത്തി നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി പരിക്കേൽപ്പിച്ചെന്നാണ് കേസ്. കുമ്പള സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ പത്താം ക്ലാസ് വിദ്യാർഥികൾ മർദിച്ചെന്നാണ് കേസ്.











0 comments