ad
Deshabhimani

​വീഴാനൊരുങ്ങുന്ന കെട്ടിടത്തിന് 
‘അമൃത്‌ ഭാരത്’ മോടികൂട്ടൽ

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രധാന കവാടത്തിലെ ജീർണാവസ്ഥയിലുള്ള  കെട്ടിടത്തിൽ മിനുക്കുപണി നടക്കുന്നു
വെബ് ഡെസ്ക്

Published on Jul 10, 2026, 02:30 AM | 1 min read

കണ്ണൂർ

അരനൂറ്റാണ്ടിലേറെ പഴക്കമുള്ള, തകർന്നുവീഴാറായ കണ്ണൂർ റെയിൽവേ സ്റ്റേഷൻ കെട്ടിടം ‘അമൃത്‌ ഭാരത്’ സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി മോടി കൂട്ടുന്നു. ജീർണാവസ്ഥയിലുള്ള കെട്ടിടത്തിന്റെ സ‍ൗന്ദര്യവൽക്കരണം കടുത്ത സുരക്ഷാ ആശങ്കയാണ്‌ ഉയർത്തുന്നത്‌. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്‌ച ക്ലോക്ക് ടവർ തകർന്നുവീണതിന്‌ സമാനമായ അപകടസാധ്യത കണ്ണൂരിലും നിലനിൽക്കുന്നുണ്ട്‌. റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടവും അനുബന്ധ കെട്ടിടവുമാണ്‌ റെയിൽ ലാൻഡ്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റി (ആർഡിഎ) നവീകരിക്കുന്നത്‌. കെട്ടിടത്തിന്റെ മുഖച്ഛായ മാറ്റി വിമാനത്താവളം മാതൃകയിലുള്ള വികസനമായിരുന്നു വാഗ്‌ദാനം. അനുബന്ധമായി വാണിജ്യ കെട്ടിടങ്ങളുടെയും ക്വാർട്ടേഴ്‌സ്‌ സമുച്ചയങ്ങളുടെ നിർമാണവുമുണ്ട്‌. റെയിൽവേ സ്റ്റേഷന്റെ പ്രധാന കെട്ടിടം ജീർണാവസ്ഥയിലാണ്‌. സീലിങ്‌ പലതവണ അടർന്നുവീണതിനെത്തുടർന്ന് നിരന്തരം അറ്റകുറ്റപ്പണി നടത്തിയാണ്‌ കെട്ടിടം നിലനിർത്തുന്നത്. കെട്ടിടത്തിന്റെ ഘടനാപരമായ സുരക്ഷ ഉറപ്പാക്കിയിട്ടില്ല. പുതിയ കെട്ടിടം പണിയാതെ പുറംഭാഗം മാത്രമാണ്‌ നവീകരിക്കുന്നത്‌. കഴിഞ്ഞ സാമ്പത്തിക വർഷം പാലക്കാട് ഡിവിഷനിൽ കോഴിക്കോട് കഴിഞ്ഞാൽ കൂടുതൽ ടിക്കറ്റ് വരുമാനമുള്ള സ്റ്റേഷനാണിത്‌. എന്നാൽ, ഇവിടുത്തെ വികസനം ഇന്നും കണ്ണിൽപ്പൊടിയിടലാണ്‌. സ്റ്റേഷനിൽ പിറ്റ്‌ലൈൻ നിർമാണം, പ്രസ്‌ക്ലബ് – മുനീശ്വരൻ കോവിൽ ഭാഗത്തുള്ള മേൽനടപ്പാലം, പ്ലാറ്റ്ഫോം നമ്പർ ഒന്നിനും രണ്ടിനുമിടയിൽ 12 അടി വീതിയുള്ള മേൽനടപ്പാലം, വടക്കുഭാഗത്തെ ടിക്കറ്റ് കൗണ്ടറിനു സമീപം എസ്കലേറ്റർ തുടങ്ങിയ ആവശ്യങ്ങൾ ഇപ്പോഴും നടപ്പായിട്ടില്ല. എസ്‌കലേറ്റർ, ലിഫ്റ്റ് എന്നിവ പലപ്പോഴും പ്രവർത്തിക്കാറില്ല. നാലാം പ്ലാറ്റ് ഫോമിൽ റിസർവ്‌ ടിക്കറ്റുകൾ നൽകുന്ന ഭാഗത്ത് ജനറൽ ടിക്കറ്റുകൾക്കായി വെൻഡിങ് മെഷീൻ മാത്രം. സീസൺ ടിക്കറ്റുകാർ ടിക്കറ്റ് പുതുക്കണമെങ്കിൽ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് ഓടണം. ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ ജീവനക്കാരില്ലെന്ന കാരണത്താൽ മതിയായ ക‍ൗണ്ടറുകൾ പ്രവർത്തിക്കുന്നില്ല. ഇത്തരം പരാധീനതകൾക്കിടയിലാണ്‌ തട്ടിക്കൂട്ട്‌ നവീകരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home