മണ്ണുത്തി കവർച്ച: മുഖ്യപ്രതി അറസ്‌റ്റിൽ

സൂരജ് പവാർ
തൃശൂർ
മണ്ണുത്തിയിൽ ഗൃഹനാഥനെ മർദിച്ച് ബന്ദിയാക്കി 47 പവൻ കവർന്ന കേസിലെ പ്രധാന പ്രതി അറസ്‌റ്റിൽ. രാജസ്ഥാൻ സ്വദേശി സൂരജ് പവാറിനെ രാജസ്ഥാനിലെ ചിറ്റോർഗഡ് ജില്ലയിലെ മാന്ദ്ഫിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് തൃശൂർ സിറ്റി ഷാഡോ പൊലിസും മണ്ണുത്തി പൊലീസും ചേർന്ന് പിടികൂടിയത്. പ്രതിയെ വെള്ളിയാഴ്‌ച കോടതിയിൽ ഹാജരാക്കും. രാജസ്ഥാനിലെ തിരുട്ട് ഗ്രാമത്തിൽ ഒളിച്ചു താമസിച്ച ഇയാളെ രണ്ടു ദിവസം നീണ്ട നിരീക്ഷണത്തിനോടുവിലാണ് സഹസികമായി പിടികൂടിയതെന്ന് കമീഷണർ നകുൽ രാജേന്ദ്ര ദേശ് മുഖ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കവർച്ച ചെയ്യപ്പെട്ട സ്വർണാഭരണങ്ങളിൽ 26 പവൻ ഇയാളിൽ നിന്നും പൊലീസ് കണ്ടെടുത്തു. സൂരജ് പവാർ മധ്യപ്രദേശിലെ പ്രത്യേക ഗോത്ര വർഗക്കാരനാണ്. ഇവരുടെ ഗോത്ര രീതി പ്രകാരം ഏറ്റവും മികച്ച രീതിയിൽ കവർച്ചയും മോഷണവും നടത്തുന്നവർക്കാണ് എളുപ്പത്തിൽ കല്യാണം നടക്കുകയെന്ന് വിശ്വസിക്കുന്നു. ട്രക്കുകളിൽ കയറി വിവിധ സംസ്ഥാനങ്ങളിലേക്ക് പോയി റോഡരികിലെ വീടുകളിൽ കവർച്ച നടത്തുന്നതാണ് ഇവരുടെ രീതി. എതിർക്കുന്നവരെ വകവരുത്തും. കേസിലെ രണ്ടും മൂന്നും പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവർ മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കവർച്ച, കൊള്ള തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. അന്വേഷക സംഘത്തിൽ തൃശൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എസിപി കെ സി സേതു, ഒല്ലൂർ എസിപി തോംസൺ , മണ്ണുത്തി ഇൻസ്പെക്ടർ ബിജു, സബ്ഇൻസ്പെക്ടർമാരായ ഡേവിസ്, ജയൻ, അസി. സബ് ഇൻസ്പെക്‌ടർ പി കെ പഴനി സ്വാമി എന്നിവരുണ്ടായി.











0 comments