പൊലീസ് സഹ. സംഘം പിരിച്ചുവിട്ട ജനാധിപത്യവിരുദ്ധ *നടപടിയിൽ പ്രതിഷേധിക്കുക: സിപിഐ എം

കോഴിക്കോട്
സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണസംഘം ഭരണസമിതി പിരിച്ചുവിട്ട സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. ആഗസ്‌തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പിരിച്ചുവിടൽ. അഡ്മിനിസ്ട്രേറ്ററെ നിയോഗിച്ച് സംഘം പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ നീക്കമാണിതിന് പിന്നിൽ. ഇതിനെതിരെ കക്ഷിരാഷ്ട്രീയഭേദമന്യേ സഹകാരികളും ജനാധിപത്യവിശ്വാസികളും രംഗത്തുവരണമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.
സംഘം ഭരണസമിതി പിടിച്ചെടുക്കാനാണ് നടപടിയെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് ഫെയ്സ്ബുക്കില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡയറി നല്‍കിയതിലും ജനറല്‍ബോഡിയില്‍ പങ്കെടുത്തവര്‍ക്ക് ഉപഹാരം നല്‍കിയതിലും ഓണക്കോടി നല്‍കിയതിലും വലിയ ഫണ്ടുകള്‍ ഉപയോഗിച്ചുവെന്നും മറ്റുമാണ് ഭരണസമിതി പിരിച്ചുവിടാൻ പറഞ്ഞ കാരണം. ഇതൊക്കെ എല്ലാ സംഘങ്ങളിലും നടക്കുന്നതും സ്വാഭാവികവുമാണ്. ഇതിൽ അഴിമതി നടന്നിട്ടില്ലെന്ന് സഹകരണ വകുപ്പ് അധികൃതർക്ക് അറിയാവുന്നതാണ്. നിയമാനുസൃതം സംഘത്തിന്റെ ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സംഘം കോടതിയെ സമീപിച്ചത്. കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനിരിക്കെയാണ് രാഷ്ട്രീയലക്ഷ്യത്തോടെ പിരിച്ചുവിടൽ. അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഉപയോഗിച്ച് അടുത്ത തെരഞ്ഞെടുപ്പില്‍ സംഘം പിടിച്ചെടുക്കുവാനുള്ള ഗൂഢാലോചന ഇതിന് പിന്നിൽ വ്യക്തമാണ്. പിരിച്ചുവിടൽ സഹകരണ ജനാധിപത്യത്തോടുള്ള നഗ്നമായ വെല്ലുവിളിയാണ് സർക്കാർ സ്വീകരിച്ചതെന്നും സിപിഐ എം പറഞ്ഞു.











0 comments