ad
Deshabhimani

അധ്യാപകരുടെ സെൻസസ്‌ ഡ്യൂട്ടി

പറഞ്ഞതിലും കൂടുതൽ വീട്ടിൽ കയറണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖിക

Published on Jul 10, 2026, 12:05 AM | 1 min read

പത്തനംതിട്ട

സെൻസസ്‌ ഡ്യൂട്ടിക്കായി എന്യൂമറേറ്റർമാർക്ക്‌ പരമാവധി 200 വീടുകളുടെ ചുമതലയാണ്‌ നൽകുകയെന്നായിരുന്നു വാദമെങ്കിലും പലർക്കും കയറിയിറങ്ങേണ്ടത്‌ 300 മുതൽ 350 വരെ വീടുകളിൽ. എന്യൂമറേറ്റർമാരായ അധ്യാപകരിൽ പലരും ഇതോടെ പ്രതിസന്ധിയിലായി.

എല്ലാവർക്കും തുല്യമായി ജോലി വീതിച്ച്‌ നൽകാത്തതാണ്‌ പ്രതിസന്ധിയായത്‌. ചിലർക്ക് പരമാവധി ഇരുന്നൂറോ അതിൽ കുറവോ വീടുകളുടെ മാത്രം ചുമതലയുള്ളപ്പോളാണ്‌ ഇ‍ൗ അനീതിയെന്ന്‌ എന്യൂമറേറ്റർമാർ പറയുന്നു. ഇതോടെ മൂന്നുദിവസത്തിൽ നമ്പറിടൽ പൂർത്തിയാക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ്‌ നിരവധിപേർ. ജൂലൈ ഒന്നുമുതൽ മൂന്നുവരെയുള്ള മൂന്ന്‌ ദിവസത്തിൽ വീടുകൾ കണ്ടെത്തി നമ്പറിടണമെന്നായിരുന്നു നിർദേശം. എന്നാൽ പട്ടികയിൽ കൂടുതൽ വീടുള്ളവർക്ക്‌ ഇത്‌ അസാധ്യമായി. കാലാവസ്ഥ പ്രതികൂലമായതും സമയം പാലിക്കൽ ദുഷ്‌കരമാക്കി. ചുമതല അനുവദിച്ച സമയത്ത്‌ പൂർത്തിയാക്കാൻ കനത്ത മഴയത്തും ഡ്യൂട്ടിക്കിറങ്ങിയ അധ്യാപകരിൽ പലരും പകർച്ചപ്പനി ബാധിതരായി ചികിത്സയിലാണ്‌. ദുർഘടവും മനുഷ്യസാന്നിധ്യമില്ലാത്തതുമായ മേഖലകളിൽ ചുമതല നൽകിയതോടെ വൈകുന്നേരങ്ങളിലെ ഡ്യൂട്ടി പേടിയോടെയാണ്‌ ചെയ്യുന്നതെന്ന്‌ അധ്യാപികമാർ പറയുന്നു. തങ്ങൾക്കറിയാവുന്ന പ്രദേശങ്ങളിൽ എന്യൂമറേറ്റർമാർക്ക്‌ കൂട്ടായി പോകാനും വീടുകൾ കാണിച്ചുകൊടുക്കാനും അധ്യാപകർ തന്നെയാണ്‌ മുന്നിൽ.

കുട്ടികളെ പഠിപ്പിക്കണ്ടേ

അധ്യാപകരെ സെൻസസ്‌ ഡ്യൂട്ടിക്കായി നിയോഗിച്ചതോടെ ജില്ലയിലെ പല സ്കൂളുകളിലും അധ്യയനം മുടങ്ങി. നാല്‌ അധ്യാപകർ മാത്രമുള്ള എൽപി സ്കൂളുകളിൽ രണ്ട്‌ അധ്യാപകരും ഡ്യൂട്ടിയിലുള്ള സാഹചര്യമുണ്ട്‌. എച്ച്‌എമ്മുമാർക്കാകട്ടെ സ്കൂൾ നടത്തിപ്പ്‌ ചുമതല കൂടിയുള്ളതിനാൽ പലപ്പോഴും യോഗങ്ങൾക്കും മറ്റുമായി പോകേണ്ടിവരും. ഇതോടെ സ്കൂളുകളിൽ ഒരു അധ്യാപകൻ മാത്രമാകും. മല്ലപ്പള്ളി മേഖലയിൽ 26 അധ്യാപകരുള്ള ഒരു സ്കൂളിൽ 20 പേരും സെൻസസ്‌ ഡ്യൂട്ടിയിലാണ്‌. പഠനം മുടങ്ങാതിരിക്കാൻ താൽക്കാലിക അധ്യാപകരെ നിമയിക്കണമെന്ന്‌ അധ്യാപക സംഘടനകളുടെ ആവശ്യത്തിൽ സംസ്ഥാന സർക്കാർ അനുകൂല തീരുമാനമെടുത്തിട്ടില്ല. ആഗസ്ത്‌ 10ഓടെ ഓണപരീക്ഷ ആരംഭിക്കാനിരിക്കെ പാഠഭാഗങ്ങൾ ത‍ീർക്കുക അധ്യാപകർക്ക്‌ ബാലികേറാമലയാകും. വിദ്യാർഥികളുടെ പഠനത്തെ ബാധിക്കാത്ത വിധത്തിൽ അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിന്യാസം നടത്താൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ നിർദേശം നൽകിയിട്ടുണ്ട്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home