വനിതാ ചെസ് ലോകകപ്പ്: ആദ്യ കളിയിൽ സമനില

PHOTO CREDIT: X
ബതുമി (ജോർജിയ): വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ രണ്ട് ഇന്ത്യൻ താരങ്ങൾ മുഖാമുഖം എത്തിയതോടെ പോരാട്ടം കനത്തു. പരിചയസമ്പന്നയായ ഗ്രാൻഡ്‌മാസ്‌റ്റർ കൊണേരു ഹമ്പിയും ഇന്റർനാഷണൽ മാസ്‌റ്ററായ ദിവ്യ ദേശ്‌മുഖും ഏറ്റുമുട്ടിയപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വനിതാ ചെസ് ലോകകപ്പ് ഫൈനലിലെ ആദ്യ മത്സരം സമനിലയിൽ അവസാനിച്ചു. 41 നീക്കങ്ങളുടെ പിരിമുറുക്കങ്ങൾക്കും പോരാട്ടത്തിനുമൊടുവിലാണ് കളി സമ നിലയിൽ അവസാനിച്ചത്.
ഫൈനലിൽ ക്ലാസിക്കൽ വിഭാഗത്തിലുള്ള രണ്ട് കളിയാണുളളത്. ആര് ജയിച്ചാലും ലോകകപ്പ് ഇന്ത്യയിലെത്തും. ചരിത്രത്തിലാദ്യമായാണ് ലോക കിരീടത്തിനായി ഇന്ത്യക്കാർ കരുക്കൾ നീക്കുന്നത്.
ഇരുവരും അടുത്ത വർഷം, ലോക ചാമ്പ്യൻ ജു വെൻജുനെ നേരിടാനുള്ള കാൻഡിഡേറ്റ്‌സ് ടൂർണമെന്റിന് അർഹത നേടി. ഇന്ത്യൻ ഗ്രാൻഡ്‌മാസ്‌റ്ററായ ഹമ്പി ഒന്നാം സീഡ് ചൈനയുടെ ടിങ്‌ജി ലിയെ സെമിയിൽ കീഴടക്കിയാണ് കലാശക്കളിക്ക് ടിക്കറ്റെടുത്തത്. ആദ്യ രണ്ട് കളിയും സമനിലയിൽ പിരിഞ്ഞതിനാൽ ടൈബ്രേക്കിലാണ് വിജയിയെ നിശ്ചയിച്ചത്.
ടൈബ്രേക്കിൽ റാപ്പിഡ് മത്സരങ്ങൾ സമനിലയായപ്പോൾ അതിവേഗ മത്സരമായ ബ്ലിറ്റ്‌സിൽ രണ്ട് കളിയും ജയിച്ചാണ് ആന്ധ്രയിൽനിന്നുള്ള മുപ്പത്തെട്ടുകാരിയുടെ മുന്നേറ്റം. പ്രീക്വാർട്ടറിൽ മുൻ ലോക ചാമ്പ്യൻ അലക്‌സാന്ധ്ര കൊസ്‌റ്റെനുകിനെയും ക്വാർട്ടറിൽ സോങ് യുസിനെയും കീഴടക്കി. 2019ലും 2024ലും ലോക റാപ്പിഡ് ചാമ്പ്യനാണ് ഹമ്പി.
ഹമ്പിയേക്കാൾ പകുതി വയസ്സ് പ്രായമുള്ള ദിവ്യ ലോകകപ്പിൽ അപ്രതീക്ഷിത കുതിപ്പാണ് നടത്തിയത്. പ്രീക്വാർട്ടറിൽ സു ജിനെറെയും ക്വാർട്ടറിൽ ഇന്ത്യൻ താരം ഡി ഹരികയെയും വീഴ്‌ത്തി. സെമിയിൽ മുൻ ലോക ചാമ്പ്യൻ ടാൻ സോങ് യിയെയാണ് മറികടന്നത്. പത്തൊമ്പത് വയസ്സുള്ള കളിക്കാരി കളത്തിൽ പ്രായത്തേക്കാൾ കവിഞ്ഞ പക്വതയോടെയാണ് കരുക്കൾ നീക്കുന്നത്.
ഉലയാത്ത പ്രതിരോധവും എതിരാളിയുടെ പിഴവിനായി കാത്തിരിക്കാനുള്ള ക്ഷമയും ഹമ്പിയ്‌ക്ക് മത്സരത്തിൽ മുൻതൂക്കം നൽകുന്നു. എതിരാളിയെ നിലംപരിശാക്കുന്ന ആക്രമണമാണ് ദിവ്യയുടെ കരുത്ത്. 2023ൽ ഡി ഹരിക ക്വാർട്ടർ ഫൈനലിലെത്തിയതായിരുന്നു ഇതിനുമുമ്പ് ലോകകപ്പിൽ ഇന്ത്യയുടെ വലിയനേട്ടം.









0 comments