ad
Deshabhimani

print edition സ്‌പോർട്‌സ്‌ ക‍ൗൺസിലിന്‌ ചെറുപ്പം

VP Sanu.jpg
avatar
ജിജോ ജോർജ്‌

Published on Mar 14, 2026, 01:46 AM | 1 min read

മലപ്പുറം: കേരളത്തിന്റെ കായികരംഗത്തെ നയിക്കാൻ ചെറുപ്പത്തിന്റെ ചുറുചുറുക്കുമായി വി പി സാനു എത്തുകയാണ്‌. രാജ്യത്തെ വിദ്യാർഥി പോരാട്ടങ്ങളുടെ മുന്നിൽ നിറഞ്ഞുനിന്നയാളാണ്‌. പ്രായം 37 വയസ്സ്‌. എസ്‌എഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറിയിൽ തുടങ്ങി അഖിലേന്ത്യാ പ്രസിഡന്റുവരെയായി സംഘാടന മികവ്‌ തെളിയിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ സാനു സംസ്ഥാന സ്‌പോർട്‌സ്‌ ക‍ൗൺസിൽ പ്രസിഡന്റാകുമ്പോൾ കായിക കേരളത്തിനും പ്രതീക്ഷ ഏറെയാണ്‌. തിങ്കളാഴ്‌ച തിരുവനന്തപുരത്തെത്തി ചുമതലയേൽക്കുന്നതിനുമുമ്പ്‌ ‘ദേശാഭിമാനി’യോട്‌ സംസാരിക്കുന്നു.

• പുതിയ ഉത്തരവാദിത്തം, പ്രതീക്ഷ?


സ്‌പോർട്‌സ്‌ ക‍ൗൺസിൽ പ്രസിഡന്റ്‌ സ്ഥാനം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. വലിയൊരു ഉത്തരവാദിത്തമാണ്‌. വലിയ പാരന്പര്യമാണ്‌ കേരളത്തിന്റെ കായികമേഖലയ്ക്കുള്ളത്‌. അത്‌ കൂടുതൽ മികവോടെ മുന്നോട്ടുകൊണ്ടുപോകും. 2036 ഒളിന്പിക്‌സ്‌ മെഡൽ ലക്ഷ്യമിട്ട്‌ സംസ്ഥാന കായിക വകുപ്പും സ്‌പോർട്സ്‌ ക‍ൗൺസിലും പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്‌. അത്തരം പ്രവർത്തനങ്ങൾ കൂടുതൽ ഉ‍ൗർജിതമാക്കും. ഒളിന്പിക്‌സ്‌ മെഡൽ തന്നെയാണ്‌ നമ്മുടെ സ്വപ്‌നം. അത്‌ യാഥാർഥ്യമാക്കുന്നതിനാകും പ്രഥമ പരിഗണന. താഴെത്തട്ടിൽനിന്നും കുട്ടികളെ കണ്ടെത്തും. അതിനായി തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച്‌ കൂടുതൽ പദ്ധതികൾ തയ്യാറാക്കും. ‘ഒരു പഞ്ചായത്തിൽ ഒരുകളിക്കളം’ പോലുള്ള പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കിവരികയാണ്‌.

​• സ്‌പോർട്‌സ്‌ ഹോസ്‌റ്റലുകൾ, പോരായ്‌മകൾ?


​കായികതാരങ്ങൾക്ക്‌ മികച്ച സ‍ൗകര്യമൊരുക്കി രാജ്യാന്തര മികവിലേക്ക്‌ ഉയർത്തുകയാണ്‌ ലക്ഷ്യം. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സമയത്തുതന്നെ പല കായികസംഘടനകളുടെയും പ്രതിനിധികൾ വിളിച്ചിരുന്നു. സ്‌പോർട്‌സ്‌ ഹോസ്‌റ്റലിലെ കുട്ടികളുടെ താമസസ‍ൗകര്യം, ഭക്ഷണം തുടങ്ങിയ വിഷയങ്ങൾ പലരും ശ്രദ്ധയിൽപ്പെടുത്തി. ഇ‍ൗ വിഷയത്തെക്കുറിച്ച്‌ വിശദമായി പഠിക്കും. പ്രശ്‌നങ്ങൾ മനസിലാക്കി ഇടപെടും. ആവശ്യമെങ്കിൽ ഹോസ്‌റ്റലുകളുള്ള കോളേജിലെ കായികാധ്യാപകരുമായി സംസാരിക്കും.

കായികതാരങ്ങളുടെയും സംഘടനകളുടെയും സ്‌പോർട്‌സ്‌ പ്രേമികളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണം.

​• കായികതാരങ്ങൾതന്നെ വേണോ?


ആര്‌ സ്‌പോർട്‌സ്‌ ക‍ൗൺസിൽ പ്രസിഡന്റാകുന്നുവെന്നതല്ല, എങ്ങനെ പ്രവർത്തിക്കുന്നുവെന്നതാണ് പ്രധാനം. ആരുവന്നാലും സംസ്ഥാനത്തിന്റെ കായികരംഗം കൂടുതൽ മെച്ചപ്പെടണം. കായികമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നന്നായി നടക്കണം. കായിക അസോസിയേഷനുകളെയും സംഘടനകളെയും ഏകോപിച്ച്‌ കൊണ്ടുപോകാൻ കഴിയണം. അതിന്‌ കായികതാരം തന്നെ വേണമെന്നില്ല. ​​ നല്ലരീതിയിൽ പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home