വെട്ടിയത് ഹോട്ടൽ ഉടമ
വറുത്തമീനിൽ ഉപ്പ് കുറഞ്ഞു; ഷെഫിന്റെ കൈത്തണ്ടയ്‌ക്ക് വെട്ടേറ്റു

അങ്കമാലി
വറുത്ത മീനിൽ ഉപ്പ് കുറഞ്ഞതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ ഷെഫിന്റെ കൈത്തണ്ടയിൽ ഹോട്ടൽ ഉടമ വെട്ടി. കറുകുറ്റി മീൻവിലാസം ഹോട്ടലിലെ ഷെഫ് കൊല്ലം സ്വദേശി റിയാസിനാണ് വെട്ടേറ്റത്. ഞായറാഴ്ചയായിരുന്നു സംഭവം.
ഹോട്ടലിന്റെ ഉടമകളായ മലപ്പുറം സ്വദേശികളായ നാലുപേരിലൊരാളായ മുഹമ്മദ് ഉബൈസ് ഭക്ഷണം കഴിക്കാൻ വന്നു. വറുത്തമീൻ കഴിച്ചപ്പോൾ ഉപ്പുണ്ടായിരുന്നില്ല. മീൻ മോശമാണെന്നും ഉപ്പ് കുറവാണെന്നും പറഞ്ഞ് റിയാസുമായി തർക്കമായി. ഫ്രീസർ കേടാണെന്നും ശരിയാക്കാൻ പറഞ്ഞിട്ട് നാളുകളായെന്നും ഷെഫ് ഉടമയോട് പറഞ്ഞു.
അടുക്കളയിലേക്ക് പോയ ഷെഫിന്റെ പുറകിൽ മുഹമ്മദ് ഉബൈസ് എത്തി കത്തിയെടുത്ത് വെട്ടുകയായിരുന്നു. ആശുപത്രി ചികിത്സയ്ക്കുശേഷം ഷെഫ് റിയാസ് വീട്ടിലേക്ക് പോയി. അങ്കമാലി പൊലീസ് മുഹമ്മദ് ഉബൈസിന്റെ പേരിൽ കേസെടുത്തു.








0 comments