കൊല്ലം മോഹന്റെ സംസ്‌കാരം ഇന്ന്; അനുസ്മരിച്ച് മോഹൻലാലും മമ്മൂട്ടിയും

ഫോട്ടോഗ്രാഫർ കൊല്ലം മോഹന്റെ മൃതദേഹം കൊല്ലം പ്രസ് ക്ലബ്ബിൽ പൊതുദർശനത്തിനായി എത്തിച്ചപ്പോൾ
കൊല്ലം : യാത്രയ്ക്കിടെ ട്രെയിനിൽനിന്ന് വീണ് മരിച്ച പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫർ കൊല്ലം മോഹന്റെ (എസ് മോഹനൻനായർ– 74) സംസ്‌കാരം ശനി പകൽ 11ന് മുളങ്കടകം ശ്മശാനത്തിൽ നടക്കും. വെള്ളി പകൽ ആശാൻപള്ളം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വൈകിട്ട് ആറിന് കൊല്ലത്തെ വീട്ടിൽ എത്തിച്ചു. കൊല്ലം പ്രസ്‍ക്ലബ്ബിന് മുന്നിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. പ്രസ്‍ക്ലബ്ബിനു വേണ്ടി സെക്രട്ടറി സനൽ ഡി പ്രേം, ട്രഷറർ കണ്ണൻനായർ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. തുടർന്നാണ് മണലിലുള്ള വീട്ടിലേക്ക് കൊണ്ടുപോയത്. രാത്രി വൈകിയും നിരവധിപേർ അന്തിമോപചാരം അർപ്പിക്കാൻ എത്തി.
കൊല്ലം മോഹനെ അനുസ്മരിച്ച് മോഹൻലാലും മമ്മൂട്ടിയും. ഇരുവരും ഫേസ്ബുക്ക് പോസ്റ്റിലൂടെ മോഹനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചു. "തന്റെ ഇഷ്ട ഫോട്ടോഗ്രാഫറായിരുന്നു കൊല്ലം മോഹൻ. എല്ലാവർക്കും കൊല്ലം മോഹനാണേൽ തനിക്ക് മോഹൻ ചേട്ടനാണ്. തന്നെ കുറിച്ചുള്ള സചിത്ര പുസ്തകം ആത്മബന്ധത്തിന്റെ കഥ കൂടിയാണ്. അദ്ദേഹത്തിന്റെ ക്യാമറക്കണ്ണുകൾ നിശ്ചലമായാലും മലയാളിയുടെ മനസ്സിൽനിന്ന് അദ്ദേഹം പകർത്തിയ ചിത്രങ്ങൾ മായില്ല.’– മോഹൻലാൽ കുറിച്ചു. കൊല്ലം മോഹന് ആദരാഞ്ജലികൾ എന്ന കൊല്ലം മോഹന്റെ ഫോട്ടോ ഉൾപ്പെടുത്തിയ ഒറ്റവരി പോസ്റ്റാണ് മമ്മൂട്ടി കുറിച്ചത്.








0 comments