Deshabhimani

നാമ്പത്തിക കുടിശ്ശിക; ദുബായ് വിമാനത്താവളത്തിൽ ചെക്ക്-ഇൻ നിർത്തിവച്ചു; 4 വിമാനങ്ങൾ റദ്ദാക്കി സ്പൈസ്ജെറ്റ്

spicejet
വെബ് ഡെസ്ക്

Published on Nov 14, 2026, 07:24 AM | 1 min read

ന്യൂഡൽഹി: ദുബായ് വിമാനത്താവളത്തിൽ നിന്നുള്ള നാല് വിമാന സർവീസുകൾ ബജറ്റ് എയർലൈനായ സ്പൈസ്ജെറ്റ് റദ്ദാക്കി. വ്യാഴാഴ്ച ദുബായ് വിമാനത്താവളത്തിൽ നിന്ന് രണ്ട് സ്പൈസ്ജെറ്റ് വിമാനങ്ങൾക്ക് മാത്രമാണ് പറന്നുയരാൻ അനുമതി ലഭിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കുടിശ്ശിക വരുത്തിയതിനെ തുടർന്ന് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസിയായ ഡനാറ്റ ചെക്ക്-ഇൻ സേവനങ്ങൾ നിർത്തിവച്ചതോടെയാണ് സർവീസുകൾ റദ്ദാക്കിയത്.


ഡനാറ്റയ്ക്ക് 14 ദശലക്ഷം യുഎഇ ദിർഹത്തിലധികം തുകയാണ് സ്പൈസ്ജെറ്റ് കുടിശ്ശികയായി നൽകാനുള്ളത്. എന്നാൽ, നവംബർ 12ന് മാത്രമായിരുന്നു ചെക്ക്-ഇൻ സേവനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നത്. അതേസമയം, സ്പൈസ്ജെറ്റ് നേരിടുന്ന പ്രവർത്തന പ്രതിസന്ധികൾ കാരണം വിമാന സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കാണിച്ച് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വെള്ളിയാഴ്ച യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി.


യാത്ര പുറപ്പെടുന്നതിന് മുൻപ് വിമാനത്തിന്റെ നിലവിലെ സ്ഥിതി സ്പൈസ്ജെറ്റുമായി നേരിട്ട് ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് ജിഎംആറിന്റെ കീഴിലുള്ള വിമാനത്താവള അധികൃതർ യാത്രക്കാരോട് ആവശ്യപ്പെട്ടു. എത്ര വിമാനങ്ങളെ ഇത് ബാധിക്കുമെന്നോ തടസ്സങ്ങളുടെ വ്യാപ്തി എത്രത്തോളമാണെന്നോ ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് വ്യക്തമാക്കിയിട്ടില്ല.


നവംബറിൽ പ്രതിദിനം ഏകദേശം 65 ഷെഡ്യൂൾഡ് സർവീസുകൾ മാത്രമാണ് സ്പൈസ്ജെറ്റ് നടത്തുന്നതെങ്കിലും, ഇതിൽ 15 മുതൽ 20 വരെ വിമാനങ്ങൾ ദിവസവും റദ്ദാക്കുന്നതായാണ് റിപ്പോർട്ടുകൾ. വിമാനങ്ങൾ പാട്ടത്തിന് നൽകിയവർ, എണ്ണക്കമ്പനികൾ, വിമാനത്താവള ഓപ്പറേറ്റർമാർ, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസികൾ എന്നിവർക്കുള്ള കുടിശ്ശികയും കമ്പനിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.


അവശ്യ സേവനങ്ങൾക്ക് മുൻകൂറായി പണം നൽകുന്ന 'ക്യാഷ് ആൻഡ് ക്യാരി' രീതിയിലാണ് നിലവിൽ എയർലൈൻ പ്രവർത്തിക്കുന്നത്. പണമടയ്ക്കാത്തതിനെ തുടർന്ന് മൂന്ന് വിമാനങ്ങൾ നിലത്തിറക്കിയതോടെ കമ്പനിയുടെ ആകെ വിമാനങ്ങളുടെ എണ്ണം ഏകദേശം 12 ആയി ചുരുങ്ങി. സാമ്പത്തിക പ്രതിസന്ധി ജീവനക്കാരെയും ബാധിച്ചിട്ടുണ്ട്; 2026 ജൂൺ മുതൽ ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home