'തടസ്സങ്ങൾ നേരിട്ടതിൽ ഖേദിക്കുന്നു': സാങ്കേതിക തകരാറിന് പിന്നാലെ ക്ഷമാപണവുമായി മൈക്രോസോഫ്റ്റ്

ലണ്ടൻ: ഔട്ട്‌ലുക്ക് , മൈക്രോസോഫ്റ്റ് ടീംസ് , കോപൈലറ്റ് എന്നിവയുൾപ്പെടെയുള്ള സേവനങ്ങളെ ആഗോളതലത്തിൽ ബാധിച്ച സാങ്കേതിക തകരാറിന് പിന്നാലെ ഉപഭോക്താക്കളോടും പങ്കാളികളോടും ക്ഷമാപണം നടത്തി മൈക്രോസോഫ്റ്റ്. നിലവിൽ സേവനങ്ങളെല്ലാം സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും കമ്പനി അറിയിച്ചു.
നേരത്തെ നടത്തിയ നെറ്റ്‌വർക്ക് കപ്പാസിറ്റി അപ്‌ഗ്രേഡുമായി ബന്ധപ്പെട്ട ഒരു സാങ്കേതിക പ്രശ്നമാണ് തകരാറിന് കാരണമായതെന്ന് മൈക്രോസോഫ്റ്റ് എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കി. അടുത്തിടെ വരുത്തിയ ഒരു നെറ്റ്‌വർക്ക് മാറ്റത്തെത്തുടർന്നാണ് ഈ പ്രശ്നം പുറത്തുവന്നത്. സംഭവത്തിന് പിന്നിൽ സൈബർ ആക്രമണമോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏജന്റുകളോ അല്ലെന്നും കമ്പനി വിശദീകരിച്ചു.
"ഈ സംഭവം ഞങ്ങളുടെ ഉപഭോക്താക്കൾക്കും പങ്കാളികൾക്കും ഉണ്ടാക്കിയ തടസ്സങ്ങളിൽ ഞങ്ങൾ അഗാധമായി ഖേദിക്കുന്നു. ഞങ്ങളുടെ സേവനങ്ങളിൽ അവർ അർപ്പിക്കുന്ന വിശ്വാസത്തെക്കുറിച്ച് ഞങ്ങൾക്ക് ബോധ്യമുണ്ട്, ആ ഉത്തരവാദിത്തം ഞങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സേവനങ്ങളിൽ വലിയ തോതിലുള്ള വീണ്ടെടുക്കലും സ്ഥിരതയും ഇപ്പോൾ കാണുന്നുണ്ട്," മൈക്രോസോഫ്റ്റ് എക്സിൽ കുറിച്ചു.
തകരാറിന് കാരണമായ അടിസ്ഥാന പ്രശ്നം പരിഹരിച്ചതായും, ഇപ്പോഴും തടസ്സങ്ങൾ നേരിടുന്ന ഉപഭോക്താക്കൾക്കും മേഖലകൾക്കുമായി സേവനങ്ങൾ പുനഃസ്ഥാപിക്കുന്നത് തുടരുകയാണെന്നും കമ്പനി അറിയിച്ചു.
ഉപഭോക്താക്കളുടെ വലിയ തോതിലുള്ള ആവശ്യകത കണക്കിലെടുത്ത്, ഓരോ ഘട്ടത്തിലും സ്ഥിരത ഉറപ്പുവരുത്തിക്കൊണ്ട് സാവധാനമാണ് സേവനങ്ങൾ പഴയപടിയാക്കിയതെന്ന് മൈക്രോസോഫ്റ്റ് വിശദീകരിച്ചു. "ഇതിന് കൂടുതൽ സമയമെടുത്തെങ്കിലും, സേവനങ്ങൾ സുസ്ഥിരമായി പുനഃസ്ഥാപിക്കാൻ ഇത് സഹായിച്ചു. അവലോകനം പൂർത്തിയായാലുടൻ സംഭവത്തെക്കുറിച്ചുള്ള പൂർണ്ണമായ റിപ്പോർട്ട് ഞങ്ങൾ നൽകുന്നതാണ്," കമ്പനി വ്യക്തമാക്കി.
ഏകദേശം 18 മണിക്കൂറോളം നീണ്ടുനിന്ന ഈ ആഗോള തകരാർ മൂലം ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് മൈക്രോസോഫ്റ്റ് സേവനങ്ങൾ ലഭ്യമല്ലാതായി. അമേരിക്ക ഉൾപ്പെടെ കുറഞ്ഞത് 74 രാജ്യങ്ങളിലെ ബിസിനസ് സ്ഥാപനങ്ങൾ, സ്കൂളുകൾ, സർക്കാർ ഏജൻസികൾ, വിമാനക്കമ്പനികൾ എന്നിവയുടെ പ്രവർത്തനങ്ങളെ ഇത് സാരമായി ബാധിച്ചു.
ഔട്ട്‌ലുക്ക് ഇമെയിൽ, മൈക്രോസോഫ്റ്റ് ടീംസ്, കോപൈലറ്റ് എന്നിവയെയാണ് പ്രധാനമായും ബാധിച്ചത്. ലോകമെമ്പാടുമുള്ള വിമാന സർവീസുകളുടെ പ്രവർത്തനത്തെയും ഇത് തടസ്സപ്പെടുത്തിയതോടെ പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികളും യാത്രക്കാർക്കായി പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഓപ്പൺഎഐ , ആന്ത്രോപിക് എന്നിവ ഉപയോഗിക്കുന്ന എഐ സർവീസ് കണക്ടറുകളെയും ഈ തകരാർ ബാധിച്ചു.
ഔട്ടേജ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ ഡൗൺഡിറ്റക്ടറിലെ കണക്കുകൾ തകരാറിന്റെ വ്യാപ്തി വ്യക്തമാക്കുന്നതായിരുന്നു. ഔട്ട്‌ലുക്ക് തകരാറുകളെക്കുറിച്ചുള്ള പരാതികൾ ഉച്ചയ്ക്ക് ഒരു മണിയോടെ 1,38,058 എന്ന ഉയർന്ന നിരക്കിലെത്തിയ ശേഷം വ്യാഴാഴ്ച വൈകുന്നേരത്തോടെ 34,490 ആയി കുറഞ്ഞു. മൈക്രോസോഫ്റ്റ് 365-മായി ബന്ധപ്പെട്ട പരാതികൾ വൈകുന്നേരം 5:47-ഓടെ ഏകദേശം 13,000 ആയി കുറഞ്ഞപ്പോൾ, ഇതേ സമയത്ത് 763 ഉപയോക്താക്കൾ ടീംസിലും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു.








0 comments