Deshabhimani

യുഎസിൽ വിമാന സർവീസുകൾ പൂർണമായി നിർത്തിവച്ചു; ബാധിച്ചത് 7000ത്തിലധികം വിമാനങ്ങളെ

flight cancellation
വെബ് ഡെസ്ക്

Published on Nov 14, 2026, 06:33 AM | 1 min read

വാഷിങ്ടൺ: യുഎസിലെ എയർ ട്രാഫിക് കൺട്രോൾ കേന്ദ്രങ്ങളിലുണ്ടായ ആശയവിനിമയ തകരാറിനെ തുടർന്ന് രാജ്യത്തുടനീളമുള്ള എല്ലാ വിമാന സർവീസുകളും (പുറപ്പെടുന്ന വിമാനങ്ങൾ) ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വെള്ളിയാഴ്ച നിർത്തിവച്ചു. ഫ്ലൈറ്റ് ട്രാക്കറായ ഫ്ലൈറ്റ്അവെയറിന്റെ കണക്കനുസരിച്ച് ഏകദേശം 7,000-ത്തിലധികം വിമാനങ്ങളുടെ സർവീസുകളെ ഇത് ബാധിച്ചു.


എല്ലാ എയർ റൂട്ട് ട്രാഫിക് കൺട്രോൾ സെന്ററുകളെയും ബാധിച്ച ആശയവിനിമയ തകരാറാണ് വിമാനങ്ങൾ നിർത്തിവയ്ക്കാൻ കാരണമായതെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫിഎക്സിൽ കുറിച്ചു. പ്രശ്നം കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമങ്ങൾ FAA സാങ്കേതിക വിദഗ്ധർ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


തകരാറിന് പിന്നിൽ സൈബർ ആക്രമണമോ മറ്റ് അട്ടിമറികളോ ഉള്ളതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു.


വാർത്താസമ്മേളനത്തിൽ സംസാരിച്ച DHS ഡയറക്ടർ മാർക്ക്വെയ്ൻ മുള്ളിൻ , ഇത് ടെലികമ്മ്യൂണിക്കേഷൻ സംവിധാനത്തിലുണ്ടായ തകരാർ മാത്രമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പറഞ്ഞു. "ഇതൊരു ആക്രമണമാണെന്നതിന് ഇതുവരെ സൂചനകളൊന്നുമില്ല. നിലവിലെ വിവരമനുസരിച്ച് ഇതൊരു ടെലികമ്മ്യൂണിക്കേഷൻ തകരാർ മാത്രമാണ്," അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.


യുഎസ് വ്യോമയാന ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തിവയ്ക്കുന്നത്. 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിന് ശേഷമായിരുന്നു ആദ്യത്തേത്. പൈലറ്റുമാർക്ക് വിവരങ്ങൾ നൽകുന്ന സംവിധാനത്തിലുണ്ടായ തകരാറിനെ തുടർന്ന് 2023 ജനുവരിയിൽ രണ്ട് മണിക്കൂറോളം ആഭ്യന്തര വിമാന സർവീസുകൾ നിർത്തിവച്ചതായിരുന്നു രണ്ടാമത്തേത്.


രാജ്യത്തെ എയർ ട്രാഫിക് കൺട്രോൾ ശൃംഖലയെ യുഎസ് വ്യോമയാന മേഖല എത്രത്തോളം ആശ്രയിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. FAA കണക്കുകൾ പ്രകാരം 14,000-ത്തിലധികം എയർ ട്രാഫിക് കൺട്രോളർമാരാണ് ദിവസേന 44,000-ത്തിലധികം വിമാനങ്ങളെ നിയന്ത്രിക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home