Deshabhimani

ലെവൽ ക്രോസിങ്ങുകളിൽ അപകടം ഒഴിയുന്നില്ല; രണ്ടു വർഷം 92 കേസുകൾ, 92 പേർ അറസ്റ്റിൽ

level crossings

എഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Nov 14, 2026, 07:16 AM | 1 min read

നിലമ്പൂർ : റെയിൽവേ ലെവൽ ക്രോസിങ്ങുകളിലെ അപകടങ്ങൾ തടയാൻ പരിശോധനയും നിരീക്ഷണവും ശക്തമാക്കി റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്). 2025, 2026 വർഷങ്ങളിലായി പാലക്കാട് ഡിവിഷനിൽ 92 ലെവൽ ക്രോസിങ് അപകടക്കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രണ്ടു വർഷവും 46 കേസുകൾ വീതം. സംഭവങ്ങളുമായി ബന്ധപ്പെട്ട് 92 പേരെ അറസ്റ്റ് ചെയ്തു. വാഹനങ്ങളും പിടിച്ചെടുത്തു.


റെയിൽവേ സ്വത്തിന് സംഭവിച്ച നാശനഷ്ടങ്ങൾക്ക് 19,89,249 രൂപ ഈടാക്കി. കേസുകൾ തീർപ്പാക്കിയതിൽ കോടതികൾ 1,55,000 രൂപ പിഴയും ചുമത്തി. ആർടിഒകളുമായി ചേർന്ന് നടത്തിയ ഇടപെടലിനെ തുടർന്ന് എട്ടുപേരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു. കൂടുതൽ നടപടികൾ പുരോഗമിക്കുകയാണ്.


2026 സെപ്തംബറിൽ എടക്കാട്–കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലെ താഴെചൊവ്വ ലെവൽ ക്രോസിങ് ഗേറ്റ് 239 അടയ്ക്കുന്നതിനിടെ മാരുതി ജിംനി റെയിൽവേ ട്രാക്കിലേക്ക് കടന്നു. സംഭവത്തിൽ ഡ്രൈവറെ അറസ്റ്റ് ചെയ്ത് വാഹനം പിടിച്ചെടുത്തു. ഒക്ടോബറിൽ പട്ടാമ്പി–പള്ളിപ്പുറം സ്റ്റേഷനുകൾക്കിടയിലെ പാലത്തറ ഗേറ്റ് 167/എയിലെ ലിഫ്റ്റിങ് ബാരിയർ മാരുതി വാഗൺആർ ഇടിച്ചുതകർത്തു. 87,669 രൂപ നാശനഷ്ടപരിഹാരം ഈടാക്കി.


അപകടസാധ്യതയുള്ള ലെവൽ ക്രോസിങ്ങുകളിൽ സൗരോർജത്തിൽ പ്രവർത്തിക്കുന്ന നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. തിരക്കേറിയ സമയങ്ങളിൽ ഡ്രോൺ നിരീക്ഷണവും ആരംഭിക്കുകയാണ്. 2026ൽ പൊതുജനങ്ങൾക്കായി 174 ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. കോട്ടിക്കുളം ഗേറ്റ് 280ൽ മൂന്ന് അപകടങ്ങൾ ഉണ്ടായതിനെ തുടർന്ന് നവംബർ അഞ്ചിന് ഹോസ്ദുർഗ് സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെയും ട്രാഫിക് പൊലീസിന്റെയും സഹകരണത്തോടെ പ്രത്യേക ബോധവൽക്കരണ പരിപാടിയും നടത്തി.


ലെവൽ ക്രോസിങ് സിഗ്നലുകൾ കർശനമായി പാലിക്കണമെന്നും ഗേറ്റ് അടയ്ക്കുമ്പോഴോ അടഞ്ഞുകിടക്കുമ്പോഴോ കടക്കാൻ ശ്രമിക്കരുതെന്നും ആർപിഎഫ് ഡിവിഷണൽ സുരക്ഷാ കമീഷണർ അമ്പു പി കുമാർ പറഞ്ഞു. ഗേറ്റ് പൂർണമായി തുറന്നശേഷവും ട്രാക്കിൽ തടസ്സങ്ങളില്ലെന്ന് ഉറപ്പാക്കിയും മാത്രമേ കടക്കാവൂ എന്നും അദ്ദേഹം അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home