ad
Deshabhimani

മന്ത്രി തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നു

എ പി അനില്‍ കുമാറുമായി സഹകരിക്കില്ലെന്ന് മുസ്ലിംലീഗ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 22, 2026, 12:30 AM | 1 min read

വണ്ടൂര്‍

വണ്ടൂര്‍ മണ്ഡലം മുസ്ലിംലീഗ് പ്രവര്‍ത്തകസമിതി യോഗത്തില്‍ മന്ത്രി എ പി അനില്‍ കുമാറിനെതിരെ രൂക്ഷവിമര്‍ശം. നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പും ശേഷവുമുള്ള അനിൽ കുമാറിന്റെ പെരുമാറ്റത്തില്‍ മാറ്റമുണ്ടെന്നാണ് കുറ്റപ്പെടുത്തല്‍. ലീഗിന് സ്വാധീനമുള്ള മണ്ഡലത്തില്‍ പഞ്ചായത്ത് കമ്മിറ്റികളോടോ -മണ്ഡലം കമ്മിറ്റികളോടോ ആലോചിക്കാതെയാണ്‌ മന്ത്രി തീരുമാനങ്ങളെടുക്കുന്നത്. മാവേലി സ്റ്റോർ, കെഎസ്ഇബി, ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളില്‍ സ്വന്തം ഇഷ്‌ടത്തിന്‌ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. മണ്ഡലത്തിലുള്ള ഒരാളെ പേഴ്സണല്‍ അസിസ്റ്റന്റായി നിയമിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. തിരുവാലി പഞ്ചായത്തിൽ ലീഗിന് ഒരുവര്‍ഷം പ്രസിഡന്റ് സ്ഥാനം നൽകണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 30-നകം തീരുമാനിക്കുമെന്നാണ് മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍, പഞ്ചായത്ത് ഭരണസമിതിയിൽ ലീഗ് നിർണായക ശക്തിയായിട്ടും അനുകൂല നടപടിയെടുക്കാന്‍ മന്ത്രി തയ്യാറായില്ല. കാളികാവ് പഞ്ചായത്തിലെ സിഡിഎസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ലീഗിനെ പരിഗണിക്കണമെന്ന ആവശ്യവും തള്ളി. അവഗണന തുടരുന്ന സാഹചര്യത്തിൽ എ പി അനില്‍ കുമാറുമായി സഹകരിച്ചുപോകാൻ കഴിയില്ലെന്നാണ് യോഗത്തിൽ പങ്കെടുത്തവര്‍ വ്യക്തമാക്കിയത്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽനിന്നുള്ള ലീഗ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home