മാഗ്നസ് കാൾസനെ അട്ടിമറിച്ച് 15 കാരൻ ഇന്ത്യൻ താരം വന്ദൻ സവായ്

മാഗ്നസ് കാൾസൻ, വന്ദൻ അലങ്കാർ സവായ്
ന്യൂഡൽഹി: ലോക ഒന്നാം നമ്പർ ചെസ് താരം മാഗ്നസ് കാൾസനെ അട്ടിമറിച്ച് 15 കാരനായ ഇന്ത്യൻ താരം വന്ദൻ അലങ്കാർ സവായ് ശ്രദ്ധേയനായി. ചെസ്സ് ഡോട്ട് കോമിന്റെ പ്രതിവാര ടൈറ്റിൽഡ് തൂസ്‌ഡേ മത്സരത്തിലാണ് കാൾസനെ 50 നീക്കങ്ങളിൽ വന്ദൻ പരാജയപ്പെടുത്തിയത്.
വെള്ളക്കരുക്കളുമായി കളിച്ച വന്ദൻ, 26-ാം നീക്കത്തിനിടെ കാൾസൻ വരുത്തിയ പിഴവ് മുതലെടുത്താണ് നിർണായക മുൻതൂക്കം നേടിയത്. “അദ്ദേഹം പിഴവ് വരുത്തിയപ്പോൾ ഞാൻ ഞെട്ടിപ്പോയി,” വന്ദൻ പറഞ്ഞു.
മത്സരത്തിൽ പങ്കെടുക്കാൻ ആദ്യം വന്ദന് താൽപര്യമുണ്ടായിരുന്നില്ലെന്നും മാതാപിതാക്കളുടെ നിർബന്ധത്തിലാണ് കളിച്ചതെന്നും അമ്മ ഡോ. മാധുരി അലങ്കാർ സവായ് പറഞ്ഞു. നാലാം റൗണ്ടിന് ശേഷം ക്ഷീണം കാരണം മത്സരം അവസാനിപ്പിച്ച വന്ദൻ ആകെ മൂന്ന് ജയവും ഒരു തോൽവിയും നേടി.
വന്ദന്റെ അടുത്ത ലക്ഷ്യം ഇന്റർനാഷണൽ മാസ്റ്റർ പദവി നേടുകയാണ്. ചെസ് ഭാവിയിലെ മുഴുവൻ സമയ കരിയറാക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ചരിത്രത്തിലും പൊളിറ്റിക്കൽ സയൻസിലും താൽപര്യമുണ്ടെന്നും 15 കാരൻ വ്യക്തമാക്കി.










0 comments