Deshabhimani

print edition ഐഒസിക്ക്‌ കത്തയച്ച്‌ ഉഷ ; സമഗ്രാന്വേഷണം വേണം

pt usha
വെബ് ഡെസ്ക്

Published on Nov 12, 2026, 01:30 AM | 1 min read

ന്യൂഡൽഹി : ഇന്ത്യൻ ഒളിന്പിക്‌ അസോസിയേഷൻ (ഐഒഎ) ജനറൽ ക‍ൗൺസിൽ തെരഞ്ഞെടുപ്പിലെ തോൽവിയിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട്‌ ഒളിന്പ്യൻ പി ടി ഉഷ. വിഷയത്തിൽ രാജ്യാന്തര ഒളിന്പിക്‌ കമ്മിറ്റിക്ക്‌ (ഐഒസി) കത്തയച്ചു. തോൽപ്പിച്ചതിന്‌ പിന്നിൽ കേന്ദ്രസർക്കാറിന്റെ ഇടപെടലുണ്ടായോ എന്നതിലുൾപ്പെടെ അന്വേഷണം വേണമെന്നാണ്‌ ആവശ്യം.


ഐഒസി പ്രസിഡന്റ്‌ കേസ്‌റ്റി കൊവൻട്രിക്ക്‌ മൂന്ന്‌ പേജുള്ള കത്താണ്‌ രാജ്യസഭാംഗം കൂടിയായ ഉഷ അയച്ചത്‌. തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന്‌ കത്തിൽ ആരോപിച്ചു. നടപടി ക്രമങ്ങളും പ്രചാരണവുമായി ബന്ധപ്പെട്ടും അന്വേഷണം വേണം. ദേശീയ ഒളിന്പിക്‌സ്‌ കമ്മിറ്റികളിലെ രാഷ്‌ട്രീയ ഇടപെടലുകൾ ചെറുക്കാൻ നിയമിക്കപ്പെട്ട ജെയിംസ് മക്ലിയോഡ്, ജെറോം പോയ്‌വി എന്നിവർക്കും കത്തിന്റെ പകർപ്പ്‌ നൽകി.


അഞ്ജു ബോബി ജോർജ്ജ്, സൈന നെഹ്‌വാൾ, റാണി രാംപാൽ, ഡോളാ ബാനർജി എന്നിവർക്ക്‌ വോട്ട്‌ ചെയ്‌തോയെന്ന്‌ കായികമന്ത്രാലയം ആരാഞ്ഞതായി ആരോപണമുണ്ടായിരുന്നു. ഇക്കാര്യവും പരാതിയിൽ ഉൾപ്പെടുത്തി. ​


തെരഞ്ഞെടുപ്പ് ഫലത്തെ വെല്ലുവിളിക്കുന്നില്ലെന്നും എന്നാൽ സർക്കാർ ഇടപെടൽ ഉണ്ടായോ എന്ന്‌ ഐഒസി അന്വേഷിക്കണമെന്ന്‌ ഉഷ ആവശ്യപ്പെട്ടു. നൽകിയ നാല് പരാതിയും റിട്ടേണിങ്‌ ഓഫീസർ നിരാകരിച്ചു. എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങൾ തെരഞ്ഞെടുപ്പിൽ ആർക്കുവേണ്ടിയും ഒരുതരത്തിലും വോട്ടുപിടിക്കരുതെന്ന വ്യവസ്ഥ അംഗങ്ങളായ ഡോള ബാനർജി, യോഗേശ്വർ ദത്ത് എന്നിവർ ലംഘിച്ചു. പ്രത്യേക പാനലിനായി വാട്‌സ്‌ആപ്പിലൂടെ വോട്ടുപിടിച്ചു. ആർക്കാണ്‌ വോട്ടുചെയ്‌തതെന്ന്‌ മന്ത്രാലയത്തിൽ നിന്ന്‌ ചോദിച്ചുവെന്ന ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി സഞ്ജയ് മിശ്രയുടെ ചാറ്റും പരാതിയിൽ ഉൾപ്പെടുത്തി. മന്ത്രാലയം അത്തരമൊരു നിർദേശം നൽകിയെന്ന്‌ കരുതുന്നില്ല. എന്നാൽ മന്ത്രാലയമോ സർക്കാരോ ഇടപെട്ടോയെന്ന്‌ കണ്ടെത്തണം. സർക്കാർ നിരീക്ഷണം രഹസ്യബാലറ്റിലൂടെയുള്ള തെരഞ്ഞെടുപ്പിനെ തുരങ്കംവയ്‌ക്കുമെന്നും ഉഷ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home