ബ്ലാക്ക്‌മെയിലിങ്ങും വിവാഹസമ്മർദവും; യുപിയിൽ 28 കാരനായ പൊലീസ് എസ്‌ഐ മരിച്ച നിലയിൽ

സന്ദീപ് കുമാർ
ലഖ്‌നൗ: പ്രണയബന്ധത്തിലായിരുന്ന യുവതിയുടെ ബ്ലാക്ക്‌മെയിലിങ്ങും വിവാഹത്തിനുള്ള സമ്മർദവും മൂലം ഉത്തർപ്രദേശിൽ 28കാരനായ പൊലീസ് സബ് ഇൻസ്‌പെക്ടർ ജീവനൊടുക്കിയെന്ന് ആരോപണം. ബല്ലിയ ജില്ലയിലെ റെയിൽവേ ട്രാക്കിലാണ് സന്ദീപ് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചിത്ബർഗാവ് പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടറായി ജോലി ചെയ്തിരുന്ന സന്ദീപ് കുമാർ ശനിയാഴ്ച രാത്രിയാണ് മരിച്ചത്. രാത്രി ഏഴിനും എട്ടിനുമിടയിൽ റെയിൽവേ ട്രാക്കിൽ ഒരാൾ മരിച്ചതായി ലോക്കോ പൈലറ്റിന്റെ റിപ്പോർട്ടിലൂടെ പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചത് സന്ദീപ് കുമാറാണെന്ന് തിരിച്ചറിഞ്ഞത്.
സന്ത് കബീർ നഗർ സ്വദേശിയായ സന്ദീപ് കഴിഞ്ഞ 11 മാസമായി ചിത്ബർഗാവ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. സംഭവസ്ഥലത്തിന് സമീപത്തുനിന്ന് അദ്ദേഹത്തിന്റെ ബുള്ളറ്റ് മോട്ടോർസൈക്കിളും കണ്ടെത്തി.
സിക്കന്ദർപുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയുമായി സന്ദീപ് പ്രണയബന്ധത്തിലായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. യുവതി വിവാഹത്തിന് നിർബന്ധിക്കുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തിരുന്നതായാണ് ആരോപണം. രണ്ട് വർഷം മുമ്പ് ഇതേ യുവതി മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെതിരെ ബലാത്സംഗക്കേസ് നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. യുവതിക്കെതിരായ ആരോപണങ്ങളും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും അന്വേഷണവിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.








0 comments