അച്ഛന്റെ അതേ പാതയിൽ ആര്യവീർ; ഏഷ്യാകപ്പിൽ മിന്നും പ്രകടനം

ആര്യവീർ സെവാഗ്| Photo:ACC, GettyImages
മസ്കത്ത് : വീരേന്ദർ സെവാഗിന്റെ ആക്രമണോത്സുക ബാറ്റിങ് ശൈലിയിൽനിന്ന് വ്യത്യസ്തമായ സ്വന്തം ശൈലിയിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ നേടുകയാണ് മകൻ ആര്യവീർ സെവാഗ്. അണ്ടർ 19 ഏഷ്യാ കപ്പിൽ ഒരു മത്സരത്തിൽപ്പോലും നിരാശപ്പെടുത്താതെ ബാറ്റേന്തിയ ആര്യവീർ, അഞ്ച് ഇന്നിങ്സുകളിലായി 361 റൺസാണ് അടിച്ചുകൂട്ടിയത്. 90.25 ശരാശരിയിൽ ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറികളും ഉൾപ്പെടുന്നതാണ് താരത്തിന്റെ പ്രകടനം. ടൂർണമെന്റിലുടനീളം മികച്ച ഫോമിലായിരുന്നു ആര്യവീർ.
യുഎഇക്കെതിരെ നേടിയ 160 റൺസാണ് ടൂർണമെന്റിലെ ഉയർന്ന സ്കോർ. നേപ്പാളിനെതിരെ 70 റൺസും അഫ്ഗാനിസ്ഥാനെതിരായ സെമിയിൽ 51 റൺസും നേടിയ താരം പാകിസ്ഥാനെതിരായ ഫൈനലിലും തിളങ്ങി. നിർണായക പോരാട്ടത്തിൽ 61 പന്തിൽ 58 റൺസെടുത്ത ആര്യവീറിന്റെ ഇന്നിങ്സ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.
അവസാന പന്തിൽ ഒരു വിക്കറ്റിന്റെ ആവേശവിജയം സ്വന്തമാക്കിയ ഇന്ത്യ ഒമ്പതാം അണ്ടർ 19 ഏഷ്യാ കപ്പ് കിരീടവും ഉയർത്തി. ടൂർണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ആര്യവീർ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി പ്രതീക്ഷകളിലൊരാളായി മാറുകയാണ്.
ആക്രമണോത്സുകതയും ക്ഷമയും ചേർന്നതാണ് താരത്തിന്റെ ബാറ്റിങ് ശൈലി. തുടക്കത്തിൽ ക്രീസിൽ നിലയുറപ്പിക്കാൻ സമയം ചെലവഴിക്കുമെങ്കിലും പിന്നീട് ബൗളർമാർക്കെതിരെ കടന്നാക്രമിക്കാൻ ആര്യവീറിന് മടിയില്ല. കവർ ഭാഗത്തേക്കുള്ള കട്ടുകളും ബാക്ക്ഫൂട്ടിൽ നിന്നുള്ള ഷോട്ടുകളും സ്പിന്നർമാർക്കെതിരെ ക്രീസിൽ നിന്നുതന്നെ പന്ത് ഉയർത്തിയടിക്കാനുള്ള കഴിവും താരത്തിന്റെ ബാറ്റിങ്ങിന്റെ പ്രത്യേകതകളാണ്. പിതാവ് വീരേന്ദർ സെവാഗിന്റെ ശൈലിയുമായി സാമ്യം തോന്നിക്കുന്ന ഷോട്ടുകളും ആര്യവീറിന്റെ ബാറ്റിങ്ങിലുണ്ട്.
2025 ആഗസ്ത് 27ന് ഡൽഹി പ്രീമിയർ ലീഗിൽ സെൻട്രൽ ഡൽഹി കിങ്സിനായി കളിച്ചാണ് സീനിയർ ട്വന്റി20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഈസ്റ്റ് ഡൽഹി റൈഡേഴ്സിനെതിരായ ആദ്യ മത്സരത്തിൽ 16 പന്തിൽ നാല് ഫോറുകളടക്കം 22 റൺസെടുത്തു. ഇന്ത്യൻ പേസർ നവ്ദീപ് സൈനിക്കെതിരെ രണ്ട് ബൗണ്ടറികൾ നേടിയ താരം സ്പിന്നർ റൗണക് വാഗേലയ്ക്കെതിരെയും തുടർച്ചയായി രണ്ട് ഫോറുകൾ പായിച്ചു. 2024ലെ കൂച്ച് ബെഹാർ ട്രോഫിയിൽ മേഘാലയക്കെതിരെ 297 റൺസ് നേടിയതിലൂടെയും ആര്യവീർ ശ്രദ്ധ നേടിയിരുന്നു.
338 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ആര്യവീറും നായകൻ ലക്ഷ്യ റായ്ചന്ദാനിയും ചേർന്ന് നൽകിയത്. ഇരുവരും ചേർന്ന് 95 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി. ഫൈനലിൽ ബാറ്റിങ്ങിനിടെ കൈമുട്ടിന് പരിക്കേറ്റിട്ടും ആര്യവീർ പിന്മാറിയില്ല. ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങളുടെ വൈകാരികതയും സമ്മർദവും അതിജീവിച്ചാണ് താരം നിർണായക അർധസെഞ്ചുറി നേടിയത്. പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിൽ പുറത്തായതിനാൽ ഫൈനലിൽ മികച്ച പ്രകടനം നടത്താൻ ആഗ്രഹിച്ചിരുന്നുവെന്നും ആര്യവീർ പറഞ്ഞു.
'ലക്ഷ്യം പിന്തുടർന്ന് ജയിക്കാമെന്ന വിശ്വാസം ടീമിനുണ്ടായിരുന്നു. പത്ത് ഓവറിൽ 100-120 റൺസ് നേടേണ്ട സാഹചര്യമുണ്ടായാലും അതിന് കഴിയുന്ന രീതിയിലാണ് ടീം യോഗങ്ങളിൽ ചർച്ചകൾ നടത്താറുള്ളത്. ആരെങ്കിലും അവസാനം വരെ ക്രീസിൽ തുടരേണ്ടതുണ്ടായിരുന്നു. ലക്ഷ്യ അത് മികച്ച രീതിയിൽ ചെയ്തു. അവസാന ഘട്ടത്തിൽ മോഹിത് ഉൽവയും മനാൽ ചൗഹാനും നടത്തിയ പ്രകടനവും അവിശ്വസനീയമായിരുന്നു - ആര്യവീർ പറഞ്ഞു.
ഇന്ത്യയുടെ വിജയത്തിൽ അവസാന ഓവറുകളിൽ മോഹിത് ഉൽവയുടെ പ്രകടനവും നിർണായകമായി. 26 പന്തിൽ പുറത്താകാതെ 49 റൺസെടുത്ത താരം അവസാന പന്തിൽ ബൗണ്ടറി നേടിയാണ് ഇന്ത്യക്ക് ആവേശവിജയം സമ്മാനിച്ചത്.
ആക്രമണോത്സുകതയും സമ്മർദഘട്ടങ്ങളിൽ പതറാതെ ബാറ്റ് ചെയ്യാനുള്ള ക്ഷമയും ഒരുപോലെ കൈമുതലായുള്ള ആര്യവീർ, നിർണായക മത്സരങ്ങളിലെ മികവിലൂടെയും സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെയും തന്റെ പ്രതിഭ തെളിയിക്കുകയാണ്. സ്വന്തം ബാറ്റിങ് മികവിലൂടെ ക്രിക്കറ്റ് ലോകത്ത് തന്റേതായ ഇടം കണ്ടെത്താനുള്ള യാത്രയിലാണ് ഈ യുവതാരം.








0 comments