Deshabhimani

ഐഒഎ തിരഞ്ഞെടുപ്പ്: പി ടി ഉഷയുടെ നാമനിർദേശം അംഗീകരിച്ചു; എതിർപ്പുകൾ തള്ളി

PT USHA
വെബ് ഡെസ്ക്

Published on Nov 15, 2026, 01:03 PM | 1 min read

ന്യൂഡൽഹി: ഡിസംബർ അഞ്ചിന് നടക്കുന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പി ടി ഉഷയുടെയും ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ ഹർജീന്ദർ സിങ്ങിന്റെയും നാമനിർദേശങ്ങൾ തിരഞ്ഞെടുപ്പ് ഓഫീസർ അംഗീകരിച്ചു. ഇരുവരുടെയും അംഗത്വ യോഗ്യത ചോദ്യം ചെയ്തുള്ള പരാതികളും തള്ളി.


ഐസ് ഹോക്കി അസോസിയേഷനിൽ ഉഷ അംഗമല്ലെന്നും അതിനാൽ ഐഒഎ ജനറൽ ബോഡിയിൽ ഫെഡറേഷനെ പ്രതിനിധീകരിക്കാൻ അർഹതയില്ലെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ പരാതി. നവംബർ 13ന് ലഭിച്ച പരാതികളിൽ വിശദീകരണം തേടിയ തിരഞ്ഞെടുപ്പ് ഓഫീസർ നവംബർ 14ന് ഐഎച്ച്എഐ പ്രതിനിധികൾക്ക് നേരിട്ട് ഹാജരാകാൻ നിർദേശം നൽകി.


ഹർജീന്ദർ സിങ്ങും ശ്രീനിവാസ് കോട്‌നിയും ഹിയറിങ്ങിൽ പങ്കെടുത്ത് ഉഷയും നിലവിലെ സെക്രട്ടറി ജനറലും അസോസിയേഷനിലെ സജീവ അംഗങ്ങളാണെന്ന് വ്യക്തമാക്കി. ഇതിന് തെളിവായി രേഖകളും നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും സമർപ്പിച്ചു.


മറ്റൊരു ദേശീയ കായിക ഫെഡറേഷനിൽ അംഗത്വമുള്ളതുകൊണ്ടുമാത്രം ഒരാളെ അയോഗ്യനാക്കാനാകില്ലെന്ന് ഐഒഎയും വിശദീകരിച്ചു. ഐഒഎ ഭരണഘടനയിലോ 2025ലെ ദേശീയ കായിക ഭരണ നിയമത്തിലോ ഇതുസംബന്ധിച്ച് വ്യക്തമായ വിലക്കില്ലെന്നും തിരഞ്ഞെടുപ്പ് നടപടികളിൽ വ്യക്തമാക്കി.


നാല് വനിതാ 'സ്പോർട്സ്പേഴ്സൺസ് ഓഫ് മെറിറ്റ്' സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിക്കാനാകാതിരുന്ന ഉഷയെ വ്യാഴാഴ്ച ഐഎച്ച്എഐയുടെ പ്രതിനിധിയായി ജനറൽ ബോഡിയിലേക്ക് നാമനിർദേശം ചെയ്തിരുന്നു. ഇതോടെയാണ് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യത നിലനിർത്തിയത്.


അതേസമയം, മുൻ ഐഒഎ പ്രസിഡന്റ് നരീന്ദർ ബത്രയും ഉഷയുടെ നാമനിർദേശത്തെ ചോദ്യം ചെയ്തിരുന്നു. ഐസ് ഹോക്കി അസോസിയേഷനിലെ അംഗത്വ അപേക്ഷ, അംഗത്വം ലഭിച്ച തീയതി, അംഗത്വത്തിന്റെ വിഭാഗം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അന്തിമ വോട്ടർ പട്ടിക ഞായറാഴ്ച വൈകുന്നേരം പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home