മാനവീയം വീഥിയിൽ പ്രതിഷേധം കനക്കും
മാനവികതയുടെ വീഥി; 'ലെറ്റ് ദ സ്ട്രീറ്റ് സിങ്'

തിരുവനന്തപുരം : തിരുവനന്തപുരത്തിന്റെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥിയിൽ ഗായിക പുഷ്പവതിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. ‘നമ്മുടെ മാനവീയം നമ്മുടെ ശബ്ദം’, ‘ലെറ്റ് ദി സ്ട്രീറ്റ് സിങ്’ (Let the Street Sing) എന്ന പേരുകളിൽ വിവിധ കലാപരിപാടികൾ പ്രതിഷേധ സൂചകമായി നടത്തുമെന്ന് സാസ്കാരിക പ്രവർത്തകർ അറിയിച്ചു. അനുമതി വാങ്ങാതെയാണ് പ്രതിഷേധ സൂചകമായി പരിപാടികൾ നടത്തുന്നത്. ഇന്ന് വൈകിട്ട് 5.30 മുതൽ നടത്തുന്ന പരിപാടികളിൽ നിരവധിപേർ പങ്കെടുക്കും.
മാനവീയം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഗായിക പുഷ്പവതിയുടെ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ പരിപാടിക്ക് മുമ്പ് അനുമതി നിഷേധിച്ചതായി നഗരസഭ അറിയിക്കുകയായിരുന്നു. കാരണം വ്യക്തമാക്കാതെയായിരുന്നു അനുമതി നിഷേധിച്ചത്. ഇതിനുപിന്നാലെ ബിജെപി ഭരിക്കുന്ന നഗരസഭയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ബിജെപി പരിപാടികൾക്കെല്ലാം അനുമതി നൽകുകയും മറ്റ് സാസ്കാരിക പരിപാടികൾക്ക് അനുമതി നിഷേധിക്കുകയും ചെയ്യുന്ന നഗരസഭയുടെ ഇരട്ടത്താപ്പിനെതിരെ വിവിധയിടങ്ങളിൽ നിന്നായി പ്രതിഷേധസ്വരമുയർന്നു. ഇതിന്റെ ഭാഗമായാണ് ഞായറാഴ്ച നടത്തുന്ന പരിപാടികൾ.
മാനവികതയുടെ വീഥി
രാത്രിവെളിച്ചത്തിൽ പാടാനും പാട്ടുകേൾക്കാനും നൃത്തം ചെയ്യാനും ആഘോഷങ്ങൾക്കും ജനത ഒത്തുചേരുന്ന സാംസ്‌കാരിക ഇടമാണ് മാനവീയം വീഥി. മതനിരപേക്ഷതയും മാനവികതയുമാണ് വീഥിയുടെ മുഖവും ഉള്ളടക്കവും. വിശേഷദിനങ്ങളുടെ ആഘോഷവും സന്തോഷത്തിന്റെ പ്രകടനങ്ങളും അനീതികൾക്കെതിരായ പ്രതിരോധവുമെല്ലാം ഇവിടെയുണ്ട്. നാടിന്റെ പരിച്ഛേദമാണ് വീഥിയെന്നു പറയാം. ഭിന്നിപ്പിന്റെ വേലികളില്ലാതെ കലർന്നുനിൽക്കുന്ന മനുഷ്യരാണ് ഇവിടെയുള്ളത്. ചോദ്യങ്ങൾ ചോദിക്കുന്ന, എതിർശബ്‌ദം സർഗാത്മകമായി ഉയർത്തുന്ന വീഥി പ്രായഭേദമന്യേ എല്ലാവരുടെയും പ്രിയ ഇടമാണ്.
2001ൽ അന്നത്തെ എൽഡിഎഫ് സർക്കാരാണ് കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾക്കായി മാനവീയം വീഥി തുറന്നിട്ടത്. തെരുവുനാടകങ്ങൾ, പ്രദർശനങ്ങൾ, കലാമേളകൾ തുടങ്ങിയവ മാനവീയം തെരുവിടം കൾച്ചർ കലക്ടീവിന്റെയും ഇതര സംഘങ്ങളുടെയും നേതൃത്വത്തിൽ അരങ്ങേറുന്നു. യുവതയ്ക്ക് റീൽസ് ചിത്രീകരണത്തിന്റെ ഇഷ്ട പശ്ചാത്തലമാണിവിടം. പുത്തൻ ട്രെൻഡുകളിൽ പ്രീ വെഡിങ് ഫോട്ടോഷൂട്ടിന്റെയും വേദി. ഒരു ഗിത്താറുമായെത്തുന്ന കലാകാരന് ചുറ്റും പാട്ടും താളവുമായി ഒത്തുകൂടുന്നവർ. അവിടെ സൗഹൃദമുണരുന്നു, വിയോജിപ്പുകളും എതിരഭിപ്രായവും പ്രകടിപ്പിക്കപ്പെടുന്നു. എതിർശബ്‌ദം കേൾക്കാനും സംവദിക്കാനും ആളുണ്ടിവിടെ.
എൽഡിഎഫിന്റെ മാനവീയം
2001ലെ എൽഡിഎഫ് സർക്കാരിന്റെ മാനവീയം പദ്ധതിയുടെ ഭാഗമായാണ് വീഥിയെ മാനവീയം എന്ന് നാമകരണം ചെയ്യുന്നത്. വിദ്യാഭ്യാസവകുപ്പ് മന്ത്രിയായിരിക്കെ എം എ ബേബിയാണ് മാനവീയം എന്ന ആശയം രൂപകൽപ്പന ചെയ്‍തത്. യൂറോപ്യൻ നഗരങ്ങളിലെ തെരുവുകളെ അനുസ്മരിപ്പിക്കുന്ന വീഥിയെ 2023 നവംബർ ഒന്നിന് കേരളപ്പിറവിയോടനുബന്ധിച്ച് സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമായി സർക്കാർ പ്രഖ്യാപിച്ചു. ആഗസ്‌തിൽ മാനവീയത്തിന്റെ പുനർ നവീകരണവും ഉദ്‌ഘാടനവും നടത്തി. ഓപ്പൺ എയർ സ്റ്റേജ്, ഇരിപ്പിടം, നടപ്പാത, ശൗചാലയങ്ങൾ, കുടിവെള്ള കിയോസ്‌കുകൾ, ചുമരിൽ ചിത്രങ്ങൾ, ഫുഡ് കിയോസ്‌കുകൾ, ഫീഡിങ് റൂം, വാഷ്‌റൂം തുടങ്ങിയവ സജ്ജമാക്കി. 4.85 കോടി രൂപ ചെലവിട്ടായിരുന്നു നിർമാണം.
വയോജനങ്ങൾക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയ മാനവീയം വീഥി കേരളത്തിലെ ആദ്യത്തെ വയോജന സൗഹൃദ സാംസ്‌കാരിക ഇടനാഴിയുമാണ്. മലയാളത്തിന്റെ പ്രിയ കഥാകാരി കമലാ സുരയ്യയുടെ (മാധവിക്കുട്ടി) ഓർമയ്ക്കായി നട്ടുവളർത്തിയ നീർമാതളവും ഉണ്ടിവിടെ. 1995 മുതൽ കലാ സാംസ്‌കാരിക കൂട്ടായ്‌മയുടെ കേന്ദ്രമായി ഇവിടം മാറിയിരുന്നു.
മ്യൂസിയം–വെള്ളയമ്പലം റോഡിലെ വയലാർ പ്രതിമമുതൽ ആൽത്തറ ജങ്ഷനിലെ ജി ദേവരാജന്റെ പ്രതിമവരെ 180 മീറ്ററുള്ള വീഥിയാണ് ബിജെപിയെ അസ്വസ്ഥമാക്കുന്നത്. സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രത്തെ ഇരുട്ടിലാക്കാനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോൾ ഉയർന്നുവരുന്ന വിവാദങ്ങൾ.
പലതരക്കാരായ മനുഷ്യർ ഇടകലരുന്ന എവിടെയും ഉണ്ടാകുന്ന ഇടർച്ചകൾ ഇവിടെയുമുണ്ട്. തർക്കങ്ങളും സംഘർഷങ്ങളുമെല്ലാം.. പൊതുഇടങ്ങൾ ശക്തിപ്പെടരുതെന്ന നിലപാടുള്ളവരും മതരാഷ്ട്രവാദികളും ദുരാചാര പൊലീസ് ചമയുന്നവരും മാനവീയത്തിന് എതിരാണ്. മാനവീയം തുറന്ന നാൾമുതലുള്ള ഇത്തരം വിലാപങ്ങൾക്കും നീക്കങ്ങൾക്കും ഇന്നും ‘നല്ല മാർക്കറ്റുണ്ട്’. എതിർസ്വരങ്ങളെ നിശബ്ദമാക്കാനാണ് എന്നും സംഘപരിവാർ ശ്രമിക്കുന്നത്. പുഷ്പവതിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ചത് അവസാന ഉദാഹരണം.
യുവ കവിയും ആക്ടിവിസ്റ്റുമായ ആമിർ അസീസ് എഴുതിയ ഏറെ പ്രശസ്തമായ "സബ് യാദ് രഖാ ജായേഗാ’ എന്ന ഉറുദു വിപ്ലവ കവിതയുടെ മലയാളം വിവർത്തനമായ "സകലതും ഓർത്തുവയ്‌ക്കപ്പെടും, സകലതിനെക്കുറിച്ചും ഓർത്തുവയ്‌ക്കപ്പെടും... എന്ന വരികൾ ഗായിക പുഷ്പവതി തന്നെയാണ് മാനവീയം വീഥിയിൽ മുമ്പു നടന്ന ഐക്യദാർഢ്യപരിപാടിയിൽ ആലപിച്ചത്. ഇതിന്റെ ഭാഗമായാവാം ഇപ്പോഴത്തെ വിലക്കെന്നത് സുവ്യക്തമാണ്. പാട്ടിലൂടെയും പറച്ചിലിലൂടെയും പ്രതിഷേധിക്കുന്ന ജനതയെ ഭയക്കുന്ന ബിജെപി ഇതിന് കടിഞ്ഞാണിടാൻ ശ്രമിക്കുന്നത് മാനവീയത്തിനെതിരെ പലതരം ആരോപണങ്ങൾ ഉയർത്തിയിട്ടാണ്. എന്നാൽ ഇതിനെതിരെ പ്രതികരിക്കാൻ ഒരു ജനതയൊന്നാകെ വരുംദിവസങ്ങളിലും മാനവീയത്തിലെത്തും.








0 comments