Deshabhimani

വിഇഎച്ച് ഗ്ലോബൽ; യോഗ്യതയില്ലാത്ത കമ്പനിക്ക് കരാർ നൽകിയത് ആരുടെ താൽപ്പര്യപ്രകാരം? മുഖ്യമന്ത്രി മറുപടി പറയണം: പിണറായി

pinarayi vijayan
വെബ് ഡെസ്ക്

Published on Nov 15, 2026, 01:32 PM | 1 min read

തിരുവനന്തപുരം : വിഇഎച്ച് ഗ്ലോബലിൽ നിന്നും വൈദ്യുതി വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രി വി ജി സതീശൻ ജനങ്ങളോട് മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഇഎച്ച് ഗ്ലോബൽ എന്ന കമ്പനിയിൽ നിന്നും ടെൻഡറോ റഗുലേറ്ററി കമീഷൻ്റെ അനുമതിയോ കൂടാതെ യൂണിറ്റിന് 11 രൂപ നിരക്കിൽ യുഡിഎഫ് സർക്കാർ 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയതിലെ അഴിമതി മുമ്പും ചൂണ്ടിക്കാണിച്ചിരുന്നു. ഈ ഇടപാടിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.


​വൈദ്യുതിനിയമത്തിലെ സെക്ഷൻ 62, 63 പ്രകാരം റെഗുലേറ്ററി കമീഷൻ അംഗീകരിച്ച രീതിയിലോ, മത്സരാധിഷ്ഠിത ടെൻഡറിലൂടെയോ മാത്രമേ വൈദ്യുതി വാങ്ങൽവില നിർണയിക്കാവൂ. എന്നാൽ കഴിഞ്ഞ മാസം വിഇഎച്ച് ഗ്ലോബലിൽ നിന്നും യൂണിറ്റിന് 11 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത് വെറും ഓഫറുകളുടെ അടിസ്ഥാനത്തിലാണ്. ഈ വഴിവിട്ട നടപടിക്ക് റെഗുലേറ്ററി കമീഷൻ ഇതുവരെ അംഗീകാരം നൽകിയിട്ടുമില്ല. കാറ്റിൽനിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് 3 മുതൽ 4 രൂപ വരെ മാത്രം വിലയുള്ളപ്പോഴാണ് 11 രൂപയ്ക്ക് സർക്കാർ ഈ കരാർ ഒപ്പിട്ടത്. സംസ്ഥാന ഖജനാവിന് വലിയ നഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.


സെപ്തംബർ 22-നാണ് പീക്ക് സമയത്ത് വൈദ്യുതി നൽകണമെന്ന വിഇഎച്ചിന്റെ ഓഫർ സർക്കാർ അംഗീകരിച്ചത്. വിഇഎച്ചിന് ടെൻഡറിൽ പങ്കെടുക്കാൻ യോഗ്യതയില്ലെന്ന് ഇതേ ഉത്തരവിൽ തന്നെ പറയുന്നുണ്ട് എന്നതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം. യോഗ്യതയില്ലാത്ത ഒരു കമ്പനിക്ക് കരാർ നൽകിയത് ആരുടെ താല്പര്യപ്രകാരമാണ്? ജിഎൻഎ കരാറിലെ അഴിമതിയെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക്, 'കരാറിൽ ഒപ്പിട്ടില്ലല്ലോ' എന്ന മറുപടി നൽകി ഒളിച്ചോടിയ മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ അങ്ങനെ പറയാനാകില്ല. ഒപ്പിട്ട ഈ അഴിമതിക്കരാറിനെക്കുറിച്ചെങ്കിലും ജനങ്ങളോട് വ്യക്തമായ ഒരു മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും പിണറായി വിജയൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home