ആദ്യ ശ്രമത്തിൽ വൻ നേട്ടം; സ്റ്റാർഷിപ്പിനെ വിജയകരമായി കൈകളിലൊതുക്കി സ്പേസ് എക്സ്

ടെക്സസ്: പൂർണമായും പുനരുപയോഗിക്കാവുന്ന റോക്കറ്റുകൾ വികസിപ്പിക്കാനുള്ള ശ്രമത്തിൽ നിർണായക നേട്ടവുമായി ഇലോൺ മസ്കിന്റെ സ്പേസ് എക്സ്. കമ്പനിയുടെ ഭീമൻ ബഹിരാകാശ പേടകമായ സ്റ്റാർഷിപ്പ് ഭ്രമണപഥത്തിൽനിന്ന് ഭൂമിയിലേക്ക് തിരിച്ചെത്തി. വിക്ഷേപണ ടവറിലെ യന്ത്രവൽകൃത കൈകൾ വിജയകരമായി പേടകത്തെ പിടിച്ചെടുത്തു. ദക്ഷിണ ടെക്സസിലെ സ്റ്റാർബേസ് വിക്ഷേപണ കേന്ദ്രത്തിലായിരുന്നു ചരിത്രനേട്ടം.
ഏകദേശം 52 മീറ്റർ നീളമുള്ള സ്റ്റാർഷിപ്പ് ഭൂമിയെ 14 തവണ ചുറ്റിയശേഷം 22 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് തിരിച്ചെത്തിയത്. ഭ്രമണപഥത്തിൽനിന്ന് തിരിച്ചെത്തുന്ന റോക്കറ്റിന്റെ മുകൾഭാഗം വിക്ഷേപണ ടവറിൽ പിടിച്ചെടുക്കുന്നത് ആദ്യമായാണ്.
ബൂസ്റ്ററിന്റെ തിരിച്ചിറക്കം പരാജയപ്പെട്ടു
സ്റ്റാർഷിപ്പിന്റെ രണ്ട് ഭാഗങ്ങളും വിക്ഷേപണ കേന്ദ്രത്തിൽ തിരിച്ചെത്തിച്ച് പിടിച്ചെടുക്കാനായിരുന്നു സ്പേസ് എക്സിന്റെ ലക്ഷ്യം. എന്നാൽ താഴത്തെ ഭാഗമായ സൂപ്പർ ഹെവി ബൂസ്റ്റർ തിരിച്ചിറങ്ങുന്നതിനിടെ സാങ്കേതിക പ്രശ്നം കണ്ടെത്തിയതോടെ മെക്സിക്കോ ഉൾക്കടലിൽ സാങ്കൽപ്പിക ലാൻഡിങ് നടത്തുകയായിരുന്നു. സംഭവത്തിന്റെ കാരണം കമ്പനി അന്വേഷിച്ചുവരികയാണ്.
അതേസമയം, സ്റ്റാർഷിപ്പ് ഭ്രമണപഥത്തിലെ യാത്ര വിജയകരമായി പൂർത്തിയാക്കി. സ്പേസ് എക്സിന്റെ 26 പുതിയ തലമുറ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ വിന്യസിച്ചു.
നാസയുടെ ചാന്ദ്രദൗത്യത്തിന് കരുത്താകും
നാസയുടെ ആർട്ടെമിസ് പദ്ധതിയുടെ ഭാഗമായി മനുഷ്യരെ ചന്ദ്രനിലെത്തിക്കുന്നതിനുള്ള ലാൻഡറായി സ്റ്റാർഷിപ്പിനെയും പരിഗണിക്കുന്നുണ്ട്. ഈ നേട്ടത്തിൽ നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ സ്പേസ് എക്സിനെ അഭിനന്ദിച്ചു. അടുത്ത വർഷം രണ്ട് സ്റ്റാർഷിപ്പുകൾ ഭ്രമണപഥത്തിൽവെച്ച് ബന്ധിപ്പിച്ച് ഒരു പേടകത്തിൽനിന്ന് മറ്റൊന്നിലേക്ക് ഇന്ധനം കൈമാറാനുള്ള പരീക്ഷണവും കമ്പനി ലക്ഷ്യമിടുന്നു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദീർഘദൂര യാത്രകൾക്ക് ഈ സാങ്കേതികവിദ്യ നിർണായകമാണ്.
സ്റ്റാർഷിപ്പിന്റെ പരീക്ഷണ വിക്ഷേപണങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നും വിക്ഷേപണം നടത്താൻ സ്പേസ് എക്സ് ഒരുങ്ങുകയാണ്. റോക്കറ്റുകൾ ആവർത്തിച്ച് ഉപയോഗിക്കുന്നതിലൂടെ ബഹിരാകാശ യാത്രയുടെ ചെലവ് കുറയ്ക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.








0 comments