വിഷ്ണുവിന്റെ മികവിൽ സാഫ് ഫൈനലിൽ ഇന്ത്യ; കലാശപ്പോരിൽ പാകിസ്ഥാൻ എതിരാളി

പി വി വിഷ്ണു
ധാക്ക : മലയാളി താരം പി വി വിഷ്ണുവിന്റെ മികവിൽ ഭൂട്ടാനെ കീഴടക്കി സാഫ് ചാമ്പ്യൻഷിപ്പ് ഫുട്ബോൾ ഫൈനലിൽ കടന്ന ഇന്ത്യക്ക് കിരീടപ്പോരാട്ടത്തിൽ പാകിസ്ഥാൻ എതിരാളി. സെമിഫൈനലിൽ രണ്ടിനെതിരെ ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. മത്സരത്തിന്റെ എട്ടാം മിനിറ്റിൽ വിഷ്ണു ഇന്ത്യയ്ക്കായി ആദ്യ ഗോൾ നേടി.
നീണ്ട ഡയഗണൽ പാസ് മകൃത്യമായി നിയന്ത്രിച്ച താരം വലതുകാലിലേക്ക് പന്ത് മാറ്റി വലയിലെത്തിക്കുകയായിരുന്നു. 27-ാം മിനിറ്റിൽ ചിങ്‌ലെൻസാന സിങ്ങിലൂടെ ഇന്ത്യ ലീഡ് രണ്ടാക്കി ഉയർത്തി. ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് പാകിസ്ഥാൻ ഫൈനലിലെത്തിയത്. നവംബർ 17ന് ധാക്കയിലെ നാഷണൽ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് ഫൈനൽ. കിരീടം നിലനിർത്താനിറങ്ങുന്ന ഇന്ത്യക്ക് പത്താം സാഫ് കിരീടമാണ് ലക്ഷ്യം.
കാസർകോട് സ്വദേശിയായ വിഷ്ണു ഈസ്റ്റ് ബംഗാളിന്റെ താരമാണ്. വിങ്ങറായി കളിക്കുന്ന താരം വേഗതയും പന്തടക്കവും കൊണ്ട് ശ്രദ്ധേയനാണ്. ഗോകുലം കേരളയുടെ ബി ടീമിലൂടെ വളർന്ന താരം ലൂക്ക എസ്‌സി, മുത്തൂറ്റ് എഫ്‌എ എന്നീ ക്ലബുകളിലും കളിച്ചു.
2023ൽ ഈസ്റ്റ് ബംഗാളിലെത്തിയതോടെ ഐഎസ്എല്ലിലും ശ്രദ്ധേയ സാന്നിധ്യമായി. വേഗതയും പന്ത് നിയന്ത്രിക്കാനുള്ള മികവും എതിർ പ്രതിരോധത്തെ മറികടന്ന് മുന്നേറാനുള്ള കഴിവുമാണ് വിഷ്ണുവിന്റെ കരുത്ത്. ഇന്ത്യൻ അണ്ടർ 23 ടീമിലും ഇടം നേടിയിട്ടുണ്ട്. ക്ലബ് ഫുട്ബോളിലെ പ്രകടനങ്ങളിലൂടെ ദേശീയ തലത്തിൽ ശ്രദ്ധ നേടിയ താരം ഇപ്പോൾ സാഫ് ചാമ്പ്യൻഷിപ്പിലും ഇന്ത്യയുടെ പ്രതീക്ഷയായി മാറുകയാണ്.








0 comments