print edition വന്നത് ദീപം തെളിക്കാനെന്ന് ഉഷ

കോഴിക്കോട് : സംസ്ഥാന സ്‌കൂൾ കായികമേളയിൽ ദീപം തെളിക്കാനാണ് എത്തിയതെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായ ഒളിമ്പ്യൻ പി ടി ഉഷ പറഞ്ഞു. പക്ഷേ, അതിന് സാധിച്ചില്ല. ചിലയിടങ്ങളിൽ നമ്മൾ പിന്നോട്ട് നിൽക്കേണ്ട സാഹചര്യമുണ്ടാകും. സ്‌പോർട്‌സ് താരങ്ങൾ ഇത്തരം സാഹചര്യത്തിന് അനുസരിച്ച് പിൻവാങ്ങുകയാണ് ചെയ്യാറ്.
‘ദീപം കൊളുത്തുന്നതിനാണ് ക്ഷണിച്ചത്. അത് സന്തോഷമുള്ള കാര്യമാണ്. അതിനുവേണ്ടി മാത്രമാണ് ജബൽപൂരിൽനിന്നും കോഴിക്കോട്ടെത്തിയത്. നേരത്തെ നിശ്‌ചയിച്ചതിൽ എന്തെങ്കിലും മാറ്റമുള്ളതായി പറഞ്ഞിരുന്നില്ല. കൈമാറിവന്ന ദീപശിഖ ഏറ്റുവാങ്ങി കാണികളെ അഭിവാദ്യം ചെയ്‌തു. തുടർന്ന് സ്‌റ്റേഡിയത്തിൽ ദീപം തെളിക്കാൻ ശ്രമിക്കവേ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ മുഖ്യമന്ത്രിക്ക് കൈമാറാൻ ആവശ്യപ്പെട്ടു. പിന്നെ ഒന്നും ആലോചിച്ചില്ല. ദീപശിഖ കൈമാറി’– ഉഷ പറഞ്ഞു
വിജയത്തിന് കുറുക്കു വഴികളില്ലെന്നും വലിയ സ്വപ്‌നങ്ങൾ കാണുകയും കഠിനാധ്വാനം ചെയ്യുകയും വേണമെന്ന് ഉദ്‌ഘാടനച്ചടങ്ങിൽ പറഞ്ഞു. സ്‌കൂൾ മൈതാനങ്ങളിൽ നിന്നാണ് നാളത്തെ ഒളിമ്പിക്‌സ് താരങ്ങൾ വളർന്നു വരുന്നത്. വിജയിക്കുമ്പോൾ മാത്രമല്ല പരാജപ്പെടുമ്പോഴും വിദ്യാർഥികളെ ചേർത്തു പിടിക്കണമെന്ന് ഉഷ പറഞ്ഞു.









0 comments