print edition യു എസ് ഓപ്പൺ ഇന്നുമുതൽ

ന്യൂയോർക്ക്: സീസണിലെ അവസാന ഗ്രാൻഡ്‌സ്ലാം ടെന്നീസ് ടൂർണമെന്റായ യുഎസ് ഓപ്പൺ ഇന്ന് തുടങ്ങും. ന്യൂയോർക്കിലെ ബില്ലി ജീൻ കിങ് നാഷണൽ ടെന്നീസ് കോംപ്ലക്‌സിലെ ഹാർഡ് കോർട്ടിലാണ് മത്സരങ്ങൾ. ഇന്ത്യൻ സമയം രാത്രി 8.30 മുതൽ സ്‌റ്റാർ സ്‌പോർട്‌സിലും ജിയോ ഹോട്‌സ്‌റ്റാറിലും തത്സമയം കാണാം. പുരുഷ വിഭാഗത്തിൽ സ്‌പെയ്‌നിന്റെ കാർലോസ് അൽകാരസും വനിതകളിൽ ബെലാറസിന്റെ അരീന സബലേങ്കയുമാണ് നിലവിലെ ചാമ്പ്യൻമാർ.
പരിക്കേറ്റ് വിശ്രമത്തിലായിരുന്ന അൽകാരസ് നാല് മാസത്തെ ഇടവേളയ്‌ക്കുശേഷമാണ് കളത്തിലെത്തുന്നത്. ഓസ്‌ട്രേലിയൻ ഓപ്പൺ നേടി മികച്ച തുടക്കമിട്ടെങ്കിലും ഫ്രഞ്ച് ഓപ്പണും വിംബിൾഡണും ഇരുപത്തിമൂന്നുകാരന് നഷ്‌ടമായി. 2022ലും 2025ലും യുഎസ് ഓപ്പൺ നേടിയിട്ടുണ്ട്. റഷ്യയുടെ റോമൻ സഫിയുള്ളിനാണ് ആദ്യ റൗണ്ട് എതിരാളി. ഒന്നാം റാങ്കുകാരനായ ഇറ്റലിയുടെ യാനിക് സിന്നെർ പരിക്കിനെ തുടർന്ന് കളിക്കുന്നില്ല. ജർമൻ താരം അലക്‌സാണ്ടർ സ്വരേവാണ് ഒന്നാം സീഡ്. ഫ്രഞ്ച് ഓപ്പൺ നേടിയ സ്വരേവ് വിംബിൾഡണിൽ റണ്ണറപ്പായി. ഇറ്റലിയുടെ ലൊറൻസോ സൊനെഗോയെയാണ് ആദ്യ റൗണ്ടിൽ നേരിടുന്നത്.
സെർബിയൻ താരം നൊവാക് ജൊകോവിച്ച് 25–ാം ഗ്രാൻഡ്‌സ്ലാം നേടുമോയെന്നതാണ് ആകാംക്ഷ. 2023ൽ യുഎസ് ഓപ്പൺ നേടിയശേഷം കിരീടങ്ങളില്ല. അർജന്റീനയുടെ മരിയാനോ നവോനിയുമായി ഏറ്റുമുട്ടും. വനിതകളിൽ സബലേങ്കക്കൊപ്പം അമേരിക്കൻ താരങ്ങളായ ജെസീക പെഗുല, കൊകൊ ഗഫ്, പോളണ്ടിന്റെ ഇഗ ഷ്വാടെക്, കസാഖ്‌സ്ഥാന്റെ എലെന റിബാകിന എന്നിവർ കിരീട പ്രതീക്ഷയിലാണ്.
46–ാം വയസ്സിൽ അമേരിക്കൻ താരം വീനസ് വില്യംസ് നാട്ടുകാരിയായ സോഫിയ കെനിനെ നേരിടുന്നു. വീനസും സഹോദരി സെറീനയും വനിതാ ഡബിൾസിലുമുണ്ട്. മിക്‌സഡ് ഡബിൾസിൽ സെറീനയും അൽകാരസും ടീമായി മത്സരിക്കും. ഇത്തവണ സമ്മാനത്തുകയിൽ വൻ വർധനയാണ്. ജേതാക്കൾക്ക് 52 കോടിയാണ് സമ്മാനം. കഴിഞ്ഞ തവണ 8.75 കോടിയായിരുന്നു. റണ്ണറപ്പിന് 26 കോടി.








0 comments