ഈ ജനസഞ്ചയമാണ് മറുപടി

മാത്തിലിൽ സിപിഐ എം സംഘടിപ്പിച്ച ബഹുജനറാലി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
പയ്യന്നൂർ
ഇടതുപക്ഷത്തെ ദുർബലമാക്കാൻ തുനിഞ്ഞിറങ്ങിയ ശത്രുക്കളുടെ കൈയിലെ കോടാലിയായി മാറിയവർക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി സിപിഐ എം. പാർടിയെ സംശയനിഴലിൽ നിർത്തി നേടിയ താൽക്കാലിക വിജയം അൽപായുസായിരിക്കുമെന്ന് വിളംബരം ചെയ്യുന്നതായിരുന്നു പയ്യന്നൂരിലും മാത്തിലും ശനിയാഴ്ച ആയിരങ്ങൾ അണിനിരന്ന പൊതുയോഗങ്ങൾ. ജന്മി നാടുവാഴിത്വത്തിനെതിരെ ജീവൻ നൽകി പോരാടിയവരുടെ മണ്ണിന് കമ്യൂണിസ്‌റ്റ് പാർടിയോടുള്ള ഹൃദയബന്ധം വിളിച്ചോതുന്നതായിരുന്നു പൊതുയോഗങ്ങളിലേക്ക് എത്തിയ ജനസഞ്ചയം. വീഴ്ചകൾ പരിശോധിച്ച് തിരുത്തിയും ബഹുജന സമക്ഷം നിലപാടുകൾ നിരത്തിയും വെല്ലുവിളികളെ കരുത്തോടെ നേരിടുമെന്നതിന്റെ പ്രഖ്യാപനമായി പൊതുയോഗങ്ങൾ. പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് രണ്ട് പൊതുയോഗങ്ങളും ഉദ്ഘാടനം ചെയ്തത്. മാത്തിലിൽ സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം സി സത്യപാലൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, കെ ഡി അഗസ്ത്യൻ, പി വി തമ്പാൻ, കെ പി ഗോപാലൻ, കെ ബി ബാലകൃഷ്ണൻ, കെ വി ഗോവിന്ദൻ, പി അനസൂയ എന്നിവർ സംസാരിച്ചു. പെരിങ്ങോം ഏരിയാ സെക്രട്ടറി പി ശശിധരൻ സ്വാഗതം പറഞ്ഞു. പയ്യന്നൂർ നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, ജില്ലാ സെക്രട്ടറിയറ്റംഗം സി സത്യപാലൻ, പി ശശിധരൻ, സരിൻ ശശി, ഏരിയാ സെക്രട്ടറി പി സന്തോഷ്, സി കൃഷ്ണൻ, വി നാരായണൻ എന്നിവർ പങ്കെടുത്തു.









0 comments