ad
Deshabhimani

‘ഓപ്പറേഷൻ കടന്നലു’മായി പ്രകാശൻ

നാണിയിൽ പ്രകാശൻ

നാണിയിൽ പ്രകാശൻ

avatar
ശ്രീകാന്ത്‌ പാണപ്പുഴ

Published on Aug 30, 2026, 02:42 AM | 2 min read


പഴയങ്ങാടി

ജനജീവിതത്തിന്‌ ഭീഷണിയായ കടന്നൽക്കൂടുകൾ എവിടെയെങ്കിലും ഉണ്ടോ? അവിടെ രക്ഷകനായി അടുത്തിലയിലെ നാണിയിൽ പ്രകാശനുണ്ട്‌. ജനവാസ കേന്ദ്രത്തിൽ അപകടകരമായ രീതിയിൽ കെട്ടിയ പതിനായിരത്തിലധികം കടന്നൽക്കൂടുകളാണ്‌ പ്രകാശൻ നീക്കിയത്‌. മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഭീഷണിയാകുന്ന കടന്നലുകളെ കൂടോടെ നശിപ്പിക്കുന്നതിൽ വിദഗ്ധനാണ്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി കുടുംബങ്ങൾക്ക് നാണിയിൽ പ്രകാശൻ രക്ഷകനാണ്. ​കടന്നൽക്കുത്തേറ്റ് 
തുടക്കം ​2006- ലാണ് പ്രകാശൻ കടന്നൽകൂടുകൾ നശിപ്പിക്കുന്ന ജോലിയാരംഭിച്ചത്. ചെറുകുന്നിൽ മരംമുറിക്കാനായി മുകളിൽ കയറുന്നതിനിടെ കടന്നൽക്കുത്തേറ്റു. ശക്തമായ വേദന അനുഭവപ്പെട്ടെങ്കിലും കടന്നൽകൂട് എങ്ങനെ സുരക്ഷിതമായി നശിപ്പിക്കാമെന്ന പഠനമായിരുന്നു പിന്നെ. ശേഷം രാത്രിയിൽ സുരക്ഷിതമായി കടന്നൽക്കൂട് നീക്കംചെയ്തു. ​2026 ആയപ്പോഴേക്കും പതിനായിരത്തിലധികം കടന്നൽക്കൂടുകളാണ് പ്രകാശൻ നീക്കം ചെയ്‌തത്. ഒരു വർഷം ആയിരത്തിലധികം കടന്നൽക്കൂടുകൾ നീക്കി. ​കുഞ്ഞനും വന്പനും ക്ലീൻ 10 മുതൽ 30 കിലോഗ്രാം വരെ ഭാരമുള്ള കടന്നൽക്കൂടുകളുണ്ട്‌. ഇവയിൽ പതിനായിരക്കണക്കിന് കടന്നലുകളുമുണ്ടാകും. കടന്നലുകളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ സുരക്ഷാ മുൻകരുതലുകളോടെയാണ് പ്രകാശൻ മരത്തിൽ കയറുക. രാത്രിയിൽ ജാക്കറ്റും ഗ്ലൗസും ഹെൽമെറ്റും ധരിച്ചാണ് ‘ഓപ്പറേഷൻ’. മണ്ണെണ്ണയോ പെട്രോളോ കൂടിന് ചുറ്റും തളിച്ചശേഷം മാറിനിന്ന് കടലാസിൽ തീകൊളുത്തി കൂടിനരികിലേക്ക് എറിയും. എന്നാൽ കൂട് കത്തിക്കുന്നതിൽ ചെറിയ പിഴവുണ്ടായാൽ ജീവന് ഭീഷണിയാകും. മിന്നൽവേഗത്തിൽ താഴെയിറങ്ങിയില്ലെങ്കിൽ സ്വന്തം ശരീരത്തിലും തീപിടിക്കാം. ചൂടേറ്റ് പുറത്തേക്കുചാടുന്ന കടന്നലുകളും ആക്രമിക്കും. ​നിരവധിതവണ കടന്നലുകളുടെ കുത്തേറ്റ പ്രകാശൻ രണ്ട് തരമ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽകഴിഞ്ഞിട്ടുണ്ട്. വനംവകുപ്പും ആവശ്യമായ സന്ദർഭങ്ങളിൽ സഹായിക്കാറുണ്ട്. സ്പ്രേ ഉപയോഗിച്ച് കടന്നലുകളെ മയക്കിവീഴ്ത്തിയശേഷമാണ് പലപ്പോഴും കൂട് തീയിട്ട് നശിപ്പിക്കുന്നത്. ​വളരെ ഉയരത്തിലുള്ള മരങ്ങളിലും വീടുകളിലും വിദ്യാലയങ്ങളിലും കൂടുകൂട്ടിയ കടന്നലുകളെയും പ്രകാശൻ നശിപ്പിച്ചിട്ടുണ്ട്. ​വനംവകുപ്പിനും 
അഗ്നിരക്ഷാസേനയ്ക്കും തുണ ​വനംവകുപ്പിനും അഗ്നിശരക്ഷാസേനയ്ക്കും അടിയന്തര സാഹചര്യങ്ങളിൽ പ്രകാശൻ സഹായവുമായി എത്താറുണ്ട്‌. ​ കടന്നലുകളുടെ കുത്തേറ്റാലും പ്രകാശൻ ജോലി നിർത്തില്ല. കടന്നലാക്രമണം നേരിടാനുള്ള പരിചയവും ആത്മവിശ്വാസവുമാണ് കരുത്ത്. ​ഭൂതപ്പാനി, പോത്തൻ, ചാമുണ്ഡി തുടങ്ങിയ കടന്നലുകൾ അപകടകാരികളാണ്‌. കടന്നൽ കുത്തേറ്റാൽ ഉടൻ വിദഗ്ധ ചികിത്സതേടണം. ചികിത്സ വൈകിയാൽ ജീവന് തന്നെ ഭീഷണിയാകാം. ​പരേതനായ നടക്കൽ ദാമോദരന്റെയും നാണിയിൽ നാരായണിയുടെയും മകനാണ് പ്രകാശൻ. ഫോൺ: 99612 38795.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home