സൈക്കിളിൽ താണ്ടിയ ജീവിതലഹരി

ഫാ. ജോസഫ് വർഗീസ് സൈക്കിൾ യാത്രക്കിടെ
സ്വന്തം ലേഖിക
Published on Aug 30, 2026, 02:40 AM | 1 min read
കണ്ണൂർ
പുതുതലമുറയിൽ ലഹരി ഉപയോഗം വർധിക്കുമ്പോൾ സൈക്ലിങ് ജീവിതചര്യയാക്കി ലഹരിക്കെതിരായ സന്ദേശംപകരുകയാണ് ഫാ. ജോസഫ് വർഗീസ്. കന്യാകുമാരി- – കാസർകോട് ഓൾ ഇന്ത്യ സൈക്ലിങ് ദൗത്യത്തിന്റെ ഭാഗമായി കൊച്ചിയിൽനിന്ന് പുറപ്പെട്ട് കണ്ണൂരിൽ എത്തിയിരിക്കുകയാണ് ഫാ. ജോസഫ്. ജീവിതലഹരി ആഘോഷിക്കാൻ യുവാക്കളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. സ്‌കൂളിൽ പഠിക്കുന്ന കാലംതൊട്ടേ സൈക്കിൾ ജോസഫിന്റെ ജീവിതത്തിന്റെ ഭാഗമാണ്. തേവര സേക്രഡ് ഹാർട്ട് കോളേജിലെ ഇംഗ്ലീഷ് അധ്യാപകനും ചീഫ് ഫിനാൻസ് ഓഫീസറുമായ ഫാ. ജോസഫ് ജോലിക്കിടയിൽ ലഭിക്കുന്ന അവധി ദിവസങ്ങളിലാണ് യാത്ര നടത്തുന്നത്. കോളേജിലുൾപ്പെടെ നിരവധി സൈക്ലിങ് ബോധവൽക്കരണ പരിപാടികൾ നടത്തി. ഗാന്ധിജയന്തി, സ്വാതന്ത്ര്യ ദിനം, പരിസ്ഥിതി ദിനം തുടങ്ങിയ ദിവസങ്ങളിൽ സൈക്ലിങ് റാലികളും ക്ലീനിങ് ഡ്രൈവുകളും നടത്താറുണ്ട്. 2019ൽ തേവര കോളേജിന്റെ പ്ലാറ്റിനം ജൂബിലിയുമായി ബന്ധപ്പെട്ട് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലൂടെ കുട്ടികളുമായി ‘ഗോ ഗ്രീന്‍, ബ്രീത്ത് ക്ലീന്‍, സേ നോ ടു ഡ്രഗ്‌സ്' എന്ന സന്ദേശവുമായി സൈക്ലിങ് നടത്തി. ഗ്രാമങ്ങളെ പരിചയപ്പെടുത്താൻ ‘എക്സ്പ്ലോറൂറൽ’- എന്ന പേരിൽ ആഴ്ചകളിൽ സൈക്കിൾ യാത്രകളും സംഘടിപ്പിക്കുന്നു. സിഎംഐ സഭയുടെ കൊച്ചി സേക്രഡ് ഹാർട്ട് പ്രൊവിൻസ് അംഗമായ ഫാ. ജോസഫ് സർക്കാരിന്റെ ‘തൂഫാൻ’ ഓപ്പറേഷൻ പോരാളി കൂടിയാണ്. വൈക്കം വെച്ചൂർ വർഗീസിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്.









0 comments