Deshabhimani

'സർക്കാരിനെ ചോദ്യം ചെയ്യുന്നത് രാജ്യവിരുദ്ധതയല്ല': എസ്ഐആർ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം- ജോബ് കുര്യൻ

job kurian
വെബ് ഡെസ്ക്

Published on Oct 19, 2026, 05:08 PM | 1 min read

തിരുവനന്തപുരം: എസ്‌ഐആറിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗായകൻ ജോബ് കുര്യൻ. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും കേന്ദ്രസർക്കാർ മാറേണ്ട സമയം അതിക്രമിച്ചെന്നും ജോബ് കുര്യൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. ജനങ്ങളെ അടക്കിഭരിക്കാനല്ല, ജനങ്ങൾക്കുവേണ്ടി ഭരണനിർവഹണം നടത്താനാണ് ഭരണാധികാരികൾ അധികാരത്തിലെത്തുന്നത്. ജനങ്ങളിലാണ് യഥാർഥ അധികാരം നിലനിൽക്കേണ്ടത്. സർക്കാരിനെ ചോദ്യം ചെയ്യുന്നത് രാജ്യവിരുദ്ധ പ്രവർത്തനമല്ലെന്നും നേതാക്കളുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് ദോഷകരമാകുമ്പോൾ അവരെ മാറ്റാനുള്ള വിവേകം ജനങ്ങൾക്കുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മതത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രാകൃത സമീപനമാണ്. മതവിദ്വേഷം പ്രചരിപ്പിക്കുക, മുൻ ഭരണാധികാരികളെ കുറ്റപ്പെടുത്തുക, സ്ഥലങ്ങളുടെ പേരുകൾ മാറ്റുക, ഭാഷകൾ അടിച്ചേൽപ്പിക്കുക, ഭക്ഷണത്തിന് വിലക്കേർപ്പെടുത്തുക തുടങ്ങിയ നടപടികളൊന്നും സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നില്ല. ജനങ്ങൾ നേരിടുന്ന യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ പരാജയപ്പെട്ട സർക്കാർ സ്വീകരിക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങളാണിവ. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരിൽ എന്റെ മുത്തച്ഛനും ഉൾപ്പെടുന്നുണ്ട്. സ്വാതന്ത്ര്യസമരത്തിൽ യാതൊരു സംഭാവനയും നൽകാത്ത സംഘടനകൾക്ക് ജനാധിപത്യത്തിന്റെ പ്രാധാന്യം മനസ്സിലാകണമെന്നില്ല. ജനാധിപത്യം സംരക്ഷിക്കപ്പെടുകയും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ ഉറപ്പാക്കുകയും വേണം. ഓരോ പൗരന്റെയും വോട്ട് മാനിക്കപ്പെടണം. അല്ലാത്തപക്ഷം അത് സ്വാതന്ത്ര്യസമര സേനാനികളോടുള്ള കടുത്ത അനാദരവായിരിക്കും.


തെരഞ്ഞെടുപ്പ് കമീഷൻ സർക്കാരിന്റെ സ്വാധീനങ്ങൾക്ക് വഴങ്ങാതെ നിഷ്പക്ഷവും സ്വതന്ത്രവുമായി പ്രവർത്തിക്കണം. കമീഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി അത് വീണ്ടെടുക്കണം. ഗ്യാനേഷ് കുമാറിന്റെ നടപടികളിൽ ഗുരുതരമായ ആശങ്കയുണ്ടെന്നും അദ്ദേഹം സ്ഥാനമൊഴിയണമെന്നുമാണ് തന്റെ നിലപാട്. ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ള എല്ലാ രാഷ്ട്രീയ പാർടികളും എസ്‌ഐആറിനെതിരായ പ്രക്ഷോഭത്തെ പിന്തുണയ്ക്കണം. പിന്തുണയ്ക്കാത്തവരുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നാൽ യഥാർഥ ഭരണമാറ്റം സാധ്യമാകില്ല. കേന്ദ്രസർക്കാർ മാറേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഓരോ വ്യക്തിയുടെയും ചിന്തകളും പ്രവൃത്തികളും രാജ്യത്തിന്റെ ഭാവിയെ സ്വാധീനിക്കുന്നുണ്ട്. വിദ്വേഷമല്ല, സ്നേഹവും സമാധാനവുമാണ് വിജയിക്കേണ്ടതെന്നും ജോബ് കുര്യൻ കുറിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home