print edition അണ്ടർ 23 അത്ലറ്റിക്സ്; ഷീബയ്ക്ക് സ്വർണം

ജയ്പുർ : അണ്ടർ 23 ഓപ്പൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്ക്ക് സ്വർണം. രാജസ്ഥാനിലെ ജയ്പുർ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ വനിതകളുടെ ലോങ് ജന്പിൽ 6.29 മീറ്റർ ചാടിയാണ് ഷീബ ചാമ്പ്യനായത്.
ചങ്ങനാശേരി അസംപ്ഷൻ കോളേജിലെ മൂന്നാം വർഷ വിദ്യാർഥിയാണ്. ദേശീയ തലത്തിൽ ആദ്യമായാണ് സ്വർണനേട്ടം. സ്പോർട്സ് കൗൺസിൽ പരിശീലകൻ ബൈജു ജോസഫിന്റെ കീഴിലാണ് പരിശീലനം. തിരുവനന്തപുരം പുതിയതുറയാണ് സ്വദേശം. മീറ്റിൽ നാല് റെക്കോഡുകൾ പിറന്നു. പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ മഹാരാഷ്ട്രയുടെ റുഷിപ്രസാദ് ദേശായ് റെക്കോഡിട്ടു.
10.35 സെക്കൻഡിൽ ദൂരം പൂർത്തിയാക്കി. 2024ൽ അനിമേഷ് കുജുർ കുറിച്ച 10.38 സെക്കൻഡ് തിരുത്തി. വനിതകളുടെ 100 മീറ്ററിൽ റിലയൻസിനായി മത്സരിക്കുന്ന ഉന്നതി ബൊല്ലണ്ട 11.62 സെക്കൻഡിൽ റെക്കോഡിനൊപ്പമെത്തി. പുരുഷ പോൾവോൾട്ടിൽ ദേവ്കുമാർ മീണ 5.30 മീറ്ററിൽ റെക്കോഡിട്ടു. സ്വന്തം റെക്കോഡാണ് തിരുത്തിയത്. വെള്ളി നേടിയ കുൽദീപ് കുമാറും നിലവിലെ റെക്കോഡ് തിരുത്തി. വനിതാ ഡിസ്കസ് ത്രോയിൽ ഹരിയാനയുടെ പ്രിയ 53.07 മീറ്റർ എറിഞ്ഞ് റെക്കോഡിട്ടു. ആദ്യ മൂന്ന് പേരും നിലവിലെ റെക്കോഡ് മറികടന്നു.









0 comments