ഭക്ഷ്യമേള സംഘടിപ്പിച്ചു

ഏലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഭക്ഷ്യമേള
കളമശേരി
ലോക ഭക്ഷ്യദിനത്തിൽ രുചിവൈവിധ്യങ്ങളുമായി ഏലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഭക്ഷ്യമേള ‘രുചി 2026' സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിക്കൊണ്ടുവന്ന വിവിധ വിഭവങ്ങളുമായാണ് മേളയൊരുക്കിയത്.
അധ്യാപകരും രക്ഷിതാക്കളും പങ്കാളികളായി. പാരമ്പര്യ വിഭവങ്ങൾ, മറ്റു രാജ്യങ്ങളിലെ ഭക്ഷണവിഭവങ്ങൾ, ചെറുധാന്യവിഭവങ്ങൾ, ഫലവിഭവങ്ങൾ, ‘അമ്മൂമ്മയുടെ അടുക്കള' എന്നിവയെ അടിസ്ഥാനമാക്കി ഒരുക്കിയ മേള വേറിട്ട അനുഭവമായി.
ഏലൂർ നഗരസഭാ വൈസ് ചെയർപേഴ്സൺ ലീലാ ബാബു മേള ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ജോസഫ് ഷെറി അധ്യക്ഷനായി. ഹൈസ്കൂൾ പ്രധാനാധ്യാപിക എ എഫ് ലിനി സംസാരിച്ചു.
വൈപ്പിൻ
ദിവസവും വിദ്യാലയത്തിൽ രുചിയുള്ള ഉച്ചഭക്ഷണം തയ്യാറാക്കിനൽകുന്ന പാചകത്തൊഴിലാളികൾക്ക് മധുരം നൽകി സ്നേഹം പങ്കുവച്ച് വിദ്യാർഥികൾ. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ചെറായി രാമവർമ യൂണിയൻ ഹൈസ്കൂളിലെ ജൂനിയർ റെഡ്ക്രോസ് യൂണിറ്റാണ് പാചകത്തൊഴിലാളികൾക്ക് ആദരവ് സംഘടിപ്പിച്ചത്. ഭക്ഷണം തയ്യാറാക്കി നൽകുന്നവരോടുള്ള നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്നതിനൊപ്പം ഭക്ഷണത്തിന്റെ മഹത്വവും ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യവും വിദ്യാർഥികളിലേക്ക് എത്തിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.
ഭക്ഷ്യസുരക്ഷാപ്രതിജ്ഞ, ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയ പരിപാടികളും നടന്നു. പ്രധാനാധ്യാപകൻ കെ പി ശിവപ്രസാദ്, ജെആർസി കൗൺസിലർമാരായ ടി എച്ച് സുപ്രിയ, നോബി കുഞ്ഞപ്പൻ, ജെആർസി കേഡറ്റുമാരായ എസ് കൃഷ്ണപ്രിയ, എ എൽ ആവണി, ദീപിക ആർ പ്രഭു, സി എസ് നിവേദിത, കെ എസ് സ്കന്ദദേവ് എന്നിവർ സംസാരിച്ചു.
മൂവാറ്റുപുഴ
കിഴക്കേക്കര ഗവ. ഈസ്റ്റ് ഹൈസ്കൂളിൽ ലോകഭക്ഷ്യദിനം ആചരിച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം, ന്യൂൺ മീൽ പ്രോഗ്രാം, പിടിഎ എന്നിവയുടെ നേതൃത്വത്തിലായിരുന്നു ദിനാചരണം. രക്ഷിതാക്കൾക്കും കുട്ടികൾക്കും പാചകമത്സരവും നാടൻ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവുമുണ്ടായി. മൂവാറ്റുപുഴ നഗരസഭാ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ പി രജിത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി എ സന്തോഷ്കുമാർ അധ്യക്ഷനായി. സ്കൂളിൽ പാചകജോലി ചെയ്യുന്ന അംബിക ബാലകൃഷ്ണൻ, ബിനി ദാസൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
പ്രധാനാധ്യാപിക വി വി വിജയകുമാരി, എസ്എംസി ചെയർപേഴ്സൺ ബീമ കരീം, മാതൃസംഗമം ചെയർപേഴ്സൺ ജിഷ പ്രജു, പൂർവവിദ്യാർഥി സംഘടനാ ചെയർമാൻ എൻ പി ജയൻ, സ്കൂൾസംരക്ഷണ സമിതി കൺവീനർ എ കെ അയൂബ്, പിടിഎ വൈസ് പ്രസിഡന്റ് സജ്ന മുജീബ് തുടങ്ങിയവർ സംസാരിച്ചു. തിരുവാതിരപ്പുഴുക്ക്, ഓട്ടട, നട്സ് ബോൾ, ചാമ ന്യൂടിൽസ്, മത്തങ്ങപ്പായസം, ബീറ്റ്റൂട്ട് ഹൽവ, ചക്കയട, റാഗിപുട്ട്, ചെമ്പരത്തി സ്ക്വാഷ് തുടങ്ങിയ 75 ഇനങ്ങൾ പാചകമത്സരത്തിനുണ്ടായി. മത്സരവിജയികളെയും തെരഞ്ഞെടുത്തു.
പിറവം
വെളിയനാട് ഗവ. യുപി സ്കൂളിൽ ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് തത്സമയ കുക്കറിഷോയും ഭക്ഷണപ്രദർശനവും നടന്നു. ഇരുനൂറോളം ഭക്ഷ്യവിഭവങ്ങൾ പ്രദർശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജൂലിയ ജെയിംസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പാർവതി ആർ നായർ അധ്യക്ഷയായി. എൽദോ ചാക്കോ ജോഷി, എം എ അനിൽകുമാർ, ചിഞ്ചു സജി, പി ആർ ഹീര, പി യു ഡെയ്സി, ദിവ്യ വിജയൻ എന്നിവർ സംസാരിച്ചു.
രാമമംഗലം ഹൈസ്കൂളിലെ ഭക്ഷ്യമേള ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെന്റ് ബോർഡ് പ്രസിഡന്റ് ശ്രീരാം മംഗലത്ത് അധ്യക്ഷനായി. ഹരീഷ് ആർ നമ്പൂതിരിപ്പാട്, എം എൻ പ്രസീദ, സിനി സി ഫിലിപ്പ്, ബിൻസി പോൾ, രേഷ്മ കൃഷ്ണൻ, സോന സന്തോഷ് എന്നിവർ സംസാരിച്ചു.
കോലഞ്ചേരി
ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് കുന്നക്കുരുടി ഗവ. യുപി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. പോഷകാഹാരത്തിന്റെ പ്രാധാന്യവും കേരളത്തിന്റെ തനതായ ഭക്ഷണസംസ്കാരവും കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.
പ്രധാനാധ്യാപിക കെ വി ബീന ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ വിവിധതരം പോഷകസമൃദ്ധവും പരമ്പരാഗതവുമായ ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.
വലമ്പൂർ ഗവ. യുപി സ്കൂളിൽ ഭക്ഷ്യദിനാഘോഷം വാർഡ് അംഗം കെ ആർ രാജി ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസുരക്ഷയുടെയും പോഷകാഹാരത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മുൻ പ്രധാനാധ്യാപകൻ ടി പി പത്രോസ്, പിടിഎ പ്രസിഡന്റ് വി ആർ രാകേഷ് എന്നിവർ സംസാരിച്ചു. ഭക്ഷ്യദിനസന്ദേശങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്റർ പ്രദർശനം, ഭക്ഷണങ്ങളുടെ പ്രദർശനം എന്നിവയും നടത്തി.








0 comments