ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ്; ട്രീസ ജോളി–ഗായത്രി സഖ്യം സെമിയിൽ

ന്യൂഡൽഹി: അർജുന പുരസ്‌കാരത്തിളക്കത്തിനിടയിൽ ഇന്ത്യക്കായി ലോക മെഡൽ ഉറപ്പിച്ച് മലയാളി ബാഡ്‌മിന്റൺ താരം ട്രീസ ജോളി. ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ് വനിതാ ഡബിൾസിൽ ഗായത്രി ഗോപിചന്ദിനൊത്ത് സെമിയിൽ കടന്നതോടെയാണ് നേട്ടം. ക്വാർട്ടറിൽ ലോക നാലാം റാങ്കുകാരായ ചൈനയുടെ യി ഫാൻ ജിയ–ഷു സിയാൻ സാങ് കൂട്ടുകെട്ടിനെ 16–21, 21–15, 21–13ന് അട്ടിമറിച്ചാണ് വിജയം. കളി ഒരു മണിക്കൂറും 15 മിനിറ്റും നീണ്ടു. 15 വർഷത്തെ ഇടവേളക്കുശേഷമാണ് വനിതാ ഡബിൾസ് മെഡൽ. 2011ൽ ജ്വാല ഗുട്ട–അശ്വനി പൊന്നപ്പ സഖ്യം വെങ്കലം നേടിയിട്ടുണ്ട്. ചാമ്പ്യൻഷിപ്പിൽ അവശേഷിക്കുന്ന ഏക ഇന്ത്യക്കാരാണ് ഇരുവരും.
ലോക റാങ്കിങ്ങിൽ 39–ാം സ്ഥാനത്തുള്ള ട്രീസ–ഗായത്രി സഖ്യം യാതൊരു പതർച്ചയുമില്ലാതെയാണ് ചൈനക്കാരെ നേരിട്ടത്. ആദ്യ ഗെയിം നഷ്‌ടമായശേഷം പൊരുതിക്കയറുകയായിരുന്നു. കളിയിലുടനീളം കണ്ണൂരുകാരി ട്രീസയുടെ കരുത്തുറ്റഷോട്ടുകളും പ്രതിരോധവും വിജയത്തിൽ നിർണായകമായി. ഇന്ന് സെമിയിൽ പകൽ ഒന്നരയ്‌ക്ക് ചൈനീസ് സഖ്യമായ ലിയു ഷെങ് ഷു–ടാൻ നിങിനെ നേരിടും.
ഇന്ത്യൻ സഖ്യത്തിന് മങ്ങിയ തുടക്കമായിരുന്നു. ആദ്യ ഗെയിമിൽ 2–6ന് പിന്നിൽപോയി. അതിൽനിന്നും തിരിച്ചുവരാൻ സമയമെടുത്തു. അപ്പോഴേക്കും ചൈനീസ് താരങ്ങൾ മുന്നേറി. തുടക്കത്തിലെ പിഴവിന് ആദ്യ ഗെയിം നഷ്‌ടപ്പെടുത്തേണ്ടിവന്നു. രണ്ടാം ഗെയിമിൽ നല്ല ആസൂത്രണമുണ്ടായിരുന്നു. തുടക്കംമുതൽ ആക്രമിച്ചുകളിച്ചു. നീണ്ട റാലികളും ഷോട്ടുകളുമായി ചൈനീസ് പ്രതിരോധത്തെ ഉലച്ചു. കളി ഒപ്പത്തിനൊപ്പമായി. സ്‌കോർ 10–10. എതിരാളിയുടെ പിഴവിൽ ഇന്ത്യ ഒരു പോയിന്റ് ലീഡ് നേടി. പിന്നെ വിട്ടുകൊടുത്തില്ല. ഇന്ത്യൻ താരങ്ങളുടെ ക്രോസ് കോർട്ട് സ്‌മാഷുകൾക്ക് മറുപടിയുണ്ടായില്ല.
നിർണായകമായ അവസാന ഗെയിമിൽ 11–5 ലീഡ് നേടി ഇന്ത്യ ആധിപത്യമുറപ്പിച്ചു. ചൈനക്കാർ പിന്നാലെ എത്തുമ്പോഴേക്കും ഇന്ത്യ മുന്നേറിയിരുന്നു.
ചൈനയുടെ ജിയ യി ഫാൻ പാരിസ് ഒളിമ്പിക്‌സിലെ സ്വർണ മെഡൽ ജേതാവാണ്. ടോക്യോ ഒളിമ്പിക്‌സിൽ വെള്ളിയുണ്ടായിരുന്നു. നാല് ലോക ചാമ്പ്യൻഷിപ്പ് സ്വർണവുമുണ്ട്.
പുരുഷ ഡബിൾസിൽ മെഡൽ പ്രതീക്ഷയായിരുന്ന ഇന്ത്യയുടെ സാത്വിക് സായ്‌രാജ് രെങ്കിറെഡ്ഡി–ചിരാഗ് ഷെട്ടി സഖ്യം പുറത്തായി. ക്വാർട്ടറിൽ ചൈനയുടെ ലിയാങ് വെയ് കെങ്–വാങ് ചാങ് സഖ്യം 21–18, 21–9ന് ജയിച്ചു. ഇന്ത്യൻ ജോഡി കഴിഞ്ഞ തവണ വെങ്കലം നേടിയിരുന്നു. സെമി ലക്ഷ്യമിട്ടുള്ള പോരാട്ടത്തിൽ ടീം മങ്ങിപ്പോയി. ആദ്യ ഗെയിമിൽ ഒപ്പത്തിനൊപ്പമായിരുന്നു. സ്‌കോർ 8–8ൽനിന്ന് 11–10, 18–16 എന്ന നിലയിലേക്ക് ഇന്ത്യ ലീഡ് നേടി. എന്നാൽ ചൈനക്കാർ തുടർച്ചയായി അഞ്ച് പോയിന്റ് നേടി ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിൽ ഇന്ത്യയുടെ സാനിധ്യംപോലും ഇല്ലായിരുന്നു. ചൈന 11–5 എന്ന സ്‌കോറിലേക്ക് കുതിച്ചപ്പോൾ ഇന്ത്യ തളർന്നു, സ്റ്റേഡിയം നിശബ്ദമായി.










0 comments