ad
Deshabhimani

പൂക്കളിൽ തൊട്ടാൽ കൈപൊള്ളും

കാഞ്ഞങ്ങാട് നഗരത്തിലെ പൂ വിൽപ്പന
വെബ് ഡെസ്ക്

Published on Aug 23, 2026, 03:00 AM | 1 min read

നീലേശ്വരം ഓണപൂക്കളത്തിനും പൂക്കള മത്സരങ്ങൾക്കും ഇത്തവണ നിറം മങ്ങിയേക്കും. ഓണത്തിരക്കിനൊപ്പം വിപണിയിലും പൂക്കളുടെ വില കുതിച്ചുയരുകയാണ്. പൂക്കളമൊരുക്കാൻ പൂക്കൾ വാങ്ങാനെത്തുന്നവർക്ക് ഇത്തവണ കൈ പൊള്ളുമെന്ന് ഉറപ്പ്. കാലാവസ്ഥ വ്യതിയാനം കാരണം തമിഴ്‌നാട്ടിലും ഇതര സംസ്ഥാനങ്ങളിലും പൂക്കളുടെ ലഭ്യത കുറഞ്ഞതാണ് വിലവർധനയ്ക്ക് പ്രധാന കാരണം. കിലോയ്ക്ക് നൂറ് രൂപ മുതൽ 1500 രൂപ വരെയാണ് വിവിധ പൂക്കളുടെ വില. തിരുവോണത്തിന് മൂന്ന്‌ ദിവസം മാത്രം ബാക്കിനിൽക്കെ വിപണിയിലെത്തുന്നവർ വില കേട്ട് മൂക്കത്ത് വിരൽ വയ്‌ക്കുന്നു. കാഞ്ഞങ്ങാട്, നീലേശ്വരം നഗരങ്ങളിൽ ശനിയാഴ്ച നല്ല തിരക്കായിരുന്നു. ഇത്തവണ പൂകച്ചവടക്കാരുടെ സ്റ്റാളുകൾ ശുഷ്കമാണ്. വിലക്കൂടുതൽ കാരണം പലരും മുൻപത്തേതുപോലെ വൻശേഖരം ഒരുക്കിയിട്ടില്ല. മുല്ലപ്പൂവിന് ഇത്തവണ വമ്പൻ വിലയാണ്. കിലോയ്ക്ക് 1500 മുതൽ 1600 രൂപ വരെ. വില കുതിച്ചതോടെ മുഴം കണക്കിലാണ് വിൽപ്പന. ഒരു മുഴം മുല്ലയ്ക്ക് 150 – 200 രൂപ. വിലയുടെ കാര്യത്തിൽ മുല്ലയ്ക്ക് പിന്നാലെ അരളിയും ജമന്തിയുമുണ്ട്. അരളിയ്‌ക്കും ജമന്തിപ്പൂക്കൾക്കും കിലോയ്ക്ക് 200 മുതൽ 400 രൂപ മുതലാണ് വില. കാവേരിയ്ക്ക് കിലോയ്ക്ക് 600 രൂപ. മറ്റ് പൂക്കൾക്കും വില കുറവല്ല. റോസ് – 600 രൂപ, ചെത്തി, വാടാർമുല്ല എന്നിവ 200 രൂപയുമാണ് വിവിധ വിപണികളിലെ നിരക്ക്. തുളസിക്ക് കിലോയ്ക്ക് 100 രൂപ വരെയും നൽകണം. തമിഴ്‌നാട്ടിൽ പൂക്കളുടെ ലഭ്യത കുറഞ്ഞതും ഗതാഗതച്ചെലവും ഓണക്കാലത്തെ അധിക ആവശ്യകതയുമാണ് വില ഉയരാൻ പ്രധാന കാരണങ്ങളെന്ന് വ്യാപാരികൾ പറയുന്നു. വില എത്ര ഉയർന്നാലും പൂക്കളം ഒഴിവാക്കാൻ മലയാളി തയ്യാറല്ല. ഇതര സംസ്ഥാനങ്ങളിൽ നിന്ന് പൊന്നുംവില കൊടുത്താണെങ്കിലും പൂക്കൾ വാങ്ങി മുറ്റത്ത് പൂക്കളം തീർക്കാൻ മലയാളി തയാറാകുമെന്ന് കച്ചവടക്കാർക്കും അറിയാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home