ad
Deshabhimani

യാത്രയായത്‌ സഹനങ്ങളുടെ തീയിൽകുരുത്ത പോരാളി

തലിച്ചാലം കുഞ്ഞാലി സ്മാരക വായനശാല കെട്ടിടം ഉദ്ഘാടനത്തിന് എത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനോടൊപ്പം 
എം പി കരുണാകരൻ (ഫയൽ ചിത്രം)
വെബ് ഡെസ്ക്

Published on Aug 23, 2026, 03:00 AM | 2 min read

തൃക്കരിപ്പൂർ കമ്യൂണിസ്റ്റ്, കർഷക പ്രസ്ഥാനത്തിന്റെ കരുത്തുറ്റ പോരാളിയെയാണ്‌ ഇളമ്പച്ചിയിലെ എം പി കരുണാകരന്റെ വിയോഗത്തിലൂടെ നാടിന്‌ നഷ്ടമായത്‌. അരനൂറ്റാണ്ട് കാലം ദേശാഭിമാനിയുടെ ഏജന്റും വിതരണക്കാരനുമായിരുന്നു അദ്ദേഹം. ബീരിച്ചേരി മനയുടെ സമീപം ആർഎസ്എസ് പശ്ചാത്തലത്തിലാണ് വളർന്നത്. ജനസംഘം പ്രവർത്തകനായിരിക്കെ അടിയന്തരാവസ്ഥക്കെതിരെ കണ്ണൂരിൽ സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്തതിന്റെ പേരിൽ പൊലീസ് മർദ്ദനത്തിനിരയായി ഒരു രാത്രി മുഴുവൻ ഓവുചാലിൽ കഴിഞ്ഞതും തൊട്ടടുത്ത ദിവസം ബോധം വന്നപ്പോൾ ആശുപത്രി കിടക്കയിലായതായുമായ അനുഭവം അദ്ദേഹം പങ്കുവഹിച്ചിരുന്നു. പിന്നീട്‌ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിലേക്ക്‌ ആകർഷിക്കപ്പെട്ടു. കെഎസ്‌വൈഎഫിൽ സജീവമായി. ഡിവൈഎഫ്ഐ രൂപീകൃതമായശേഷം നടന്ന ആദ്യ കലക്ടറേറ്റ് വളയൽ സമരത്തിന്‌ 1982 ൽ തൃക്കരിപ്പൂരിൽനിന്ന്‌ ചെരുപ്പിടാതെ കാൽനട ജാഥയായി കണ്ണൂരിലേക്ക് പോയി. പൊലീസ് ലാത്തിച്ചാർജിൽ തലക്ക് അടിയേറ്റ്‌ ആശുപത്രിയിലായി. മിച്ചഭൂമി സമരത്തിന്റെ രണ്ടാംഘട്ടത്തിൽ പങ്കെടുത്ത് ജയിലിലായി. തൃക്കരിപ്പൂരിലും ഇളമ്പച്ചിയിലും കമ്യൂണിസ്‌റ്റ്‌ പാർടി പ്രവർത്തകരെയും ഓഫീസുകളും മുസ്ലിംലീഗുകാർ അക്രമിച്ചപ്പോൾ പ്രതിരോധത്തിന്റെ മുന്നണിയിൽ കരുണാകരേട്ടനുണ്ടായിരുന്നു. എ ബി ഇബ്രാഹിം മാസ്‌റ്റർ, കെ വി അമ്പുവേട്ടൻ തുടങ്ങിയവരുമായുള്ള സഹവാസം അദ്ദേഹത്തെ കരുത്തുറ്റ സംഘാടകനാക്കി. സിപിഐ എം ലോക്കൽ സെക്രട്ടറിയായും ഏരിയാ കമ്മിറ്റിയംഗമായും പ്രവർത്തിച്ചു. കർഷകത്തൊഴിലാളി പ്രസ്ഥാനത്തിൽ മുന്നിൽനിന്ന്‌ പ്രവർത്തിച്ചു. പാർട്ടി വളന്റിയറുമായിരുന്നു. ദേശാഭിമാനി ഏജന്റായി സൈക്കിളിലും കാൽനടയായും മുഴുവൻ വീടുകളിലും പത്രം എത്തിച്ചു. ജീവിതത്തിൽ ഒരിക്കൽപ്പോലും ചെരുപ്പ് ധരിച്ചില്ലെന്നത്‌ അദ്ദേഹത്തിന്റെ സവിശേഷതയാണ്‌. ഇളമ്പച്ചി വീവേഴ്സ് സൊസൈറ്റി പ്രസിഡന്റായിരുന്നു. ഇളമ്പച്ചി ഗവ. ഹൈസ്കൂൾ നേടിയെടുക്കുന്നതിനുള്ള സമരങ്ങൾക്കും ഇടപെടലുകൾക്കും നേതൃത്വംനൽകി. പിടിഎ പ്രസിഡന്റായും ഏറെക്കാലം പ്രവർത്തിച്ചു. ജീവിതപങ്കാളി എ ജാനകിയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബത്തെ തന്റെ രാഷ്ട്രീയവഴിയിൽ സജീവമായി ചേർത്തുനടത്തി. പാർടിയുടെ മുഴുവൻ സമയ പ്രവർത്തകനായി. ബാർബർ തൊഴിലാളിയായിരുന്നു. ഏതാനും വർഷം മുമ്പ് പക്ഷാഘാതംവന്ന് ശരീരം തളർന്നെങ്കിലും മനസ് പതറിയില്ല. ഇളമ്പച്ചിയിലും പരിസരത്തും നടക്കുന്ന എല്ലാ പരിപാടികളിലും നടന്നുതന്നെ എത്തും. കഴിഞ്ഞ ദിവസം ക്ഷേമപെൻഷൻ ഗുണഭോക്താക്കൾ വില്ലേജ് ഓഫീസിനുമുന്നിൽ നടത്തിയ മാർച്ചിലും പങ്കെടുത്തു. അയൽപക്കത്തെ വീട്ടിൽ കല്യാണ ചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കെ ക്ഷീണം അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തിക്കുന്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പഠനാവശ്യത്തിന്‌ വിട്ടുനൽകാൻ വർഷങ്ങൾക്ക് മുന്പേ തീരുമാനിച്ചിരുന്നു. മൃതദേഹം ഞായർ രാവിലെ എട്ടുമുതൽ ഇളമ്പച്ചി എ ബി ഇബ്രാഹിം മാസ്റ്റർ മന്ദിരത്തിൽ പൊതുദർശനത്തിനുവയ്‌ക്കും. പത്തിന് വിലാപയാത്രയായി പരിയാരത്തെ കണ്ണൂർ ഗവ. പരിയാരം മെഡിക്കൽ കോളേജിലെത്തിച്ച്‌ കൈമാറും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home