10 വർഷം ഒരു ഗഡുപോലും മുടങ്ങിയില്ല 3 മാസമായി പ്രവാസിക്ഷേമ പെൻഷനില്ല

ഉദുമ സാധാരണക്കാർക്കും പാവപ്പെട്ടവർക്കുമായി എൽഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കിയ ക്ഷേമ പദ്ധതികൾ ഇല്ലാതാക്കുന്ന യുഡിഎഫ് സർക്കാർ പ്രവാസിക്ഷേമ പെൻഷനും തടഞ്ഞു. കഴിഞ്ഞ 10 വർഷമായി മുടങ്ങാതെ കിട്ടിയിരുന്ന പെൻഷൻ കഴിഞ്ഞ മൂന്നുമാസമായി ലഭിക്കുന്നില്ല. ഓണക്കാലത്തെങ്കിലും കിട്ടുമെന്നു പ്രതീക്ഷിച്ചവർക്കാണ് തിരിച്ചടി. പ്രായമായവർ, അസുഖബാധിതർ ഉൾപ്പെടെയുള്ളവർക്ക് ഒരു ആശ്രയവും ആശ്വാസവുമായിരുന്നു പെൻഷൻ തുക. പ്രവാസി പെൻഷൻ തുടങ്ങിയതിനുശേഷം ഒരു ഓണക്കാലത്തും തുക കിട്ടാത്ത സ്ഥിതിയുണ്ടായിരുന്നില്ല. കേരള സർക്കാരിന്റെ കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ 10 വർഷം പ്രവാസികളെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാനം പുലർത്തിയത്. പെൻഷൻതുക 3000 മുതൽ 5999 രൂപ വരെയായി വർധിപ്പിച്ചു. എന്നാൽ യുഡിഎഫ് സർക്കാർ വന്നതിനുശേഷം ഒരു മാസത്തെ പെൻഷൻ നൽകിയതുതന്നെ ക്ഷേമനിധിയിലെ അംശാദായ തുക ഉപയോഗിച്ചാണ്. 12 കോടി രൂപയാണ് പ്രവാസികളുടെ പെൻഷൻ അംശാദായമായി ഒരു മാസം കിട്ടുന്നത്. എൽഡിഎഫ് സർക്കാർകാലത്ത് പ്രവാസി ബോർഡ് പെൻഷൻ കൊടുത്തത് സർക്കാർ സഹായിച്ചിട്ടാണ്. ഈ സർക്കാർ അവതരിപ്പിച്ച ആദ്യ ബജറ്റിൽ ഒരു രൂപപോലും പ്രവാസികൾക്കായി മാറ്റിവച്ചിട്ടില്ല. 18 വയസ് പൂർത്തിയായി 60 വയസിന് താഴെയുള്ള പ്രവാസികൾ, വിദേശത്ത് ജോലി ചെയ്യുന്നവർ അല്ലെങ്കിൽ കുറഞ്ഞത് രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തു നാട്ടിൽ തിരിച്ചെത്തിയവർ, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലിചെയ്യുന്ന കേരളീയർ എന്നിവർ 200 രൂപ ഫീസ് നൽകിയാണ് അംഗത്വമെടുക്കുന്നത്. പിന്നീട് അവരുടെ കാലയളവ് അനുസരിച്ച് പ്രതിമാസ അംശാദായം അടയ്ക്കുന്നുണ്ട്. 60 വയസു കഴിഞ്ഞ, അഞ്ചുവർഷമെങ്കിലും അംശദായമടച്ചവർക്കാണ് പെൻഷൻ ലഭിക്കുക. ഇതെല്ലാം കൃത്യതയോടെ ചെയ്‌തവരെയാണ് യുഡിഎഫ് സർക്കാർ ചതിച്ചത്. പ്രതിവർഷം രണ്ടര ലക്ഷം കോടിരൂപ വിദേശപണം നാട്ടിലേക്ക് അയക്കുന്നതായാണ് ഔദ്യോഗിക കണക്ക്. കേന്ദ്ര സർക്കാർ ഉത്സവകാലങ്ങളിൽ മൂന്നിരട്ടിവരെ വിമാനടിക്കറ്റ് ചാർജ് വർധിപ്പിച്ചും പ്രവാസികളെ കൊള്ളയടിക്കുന്നു. കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ ദ്രോഹ നടപടിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കേരള പ്രവാസിസംഘം









0 comments