print edition ആവേശ ബാറ്റൺ

കോഴിക്കോട്: 4x100 മീറ്റര്‍ റിലേ ആവേശപ്പോരായി. ആലപ്പുഴ, മലപ്പുറം, പാലക്കാട് ജില്ലകൾ തമ്മിലായിരുന്നു അങ്കം. ആറ് വിഭാഗങ്ങളിൽ ആലപ്പുഴ രണ്ട് സ്വര്‍ണവും ഒന്നുവീതം വെള്ളിയും വെങ്കലവും സ്വന്തമാക്കി. ആകെ– 14 പോയിന്റ്. രണ്ട് സ്വര്‍ണവും മൂന്ന് വെങ്കലവുമായി മലപ്പുറത്തിന് 13 പോയിന്റാണ്. ഒരു സ്വര്‍ണവും രണ്ട് വെള്ളിയുമുള്ള പാലക്കാട് 11 പോയിന്റും നേടി.
സീനിയര്‍ പെണ്‍കുട്ടികളില്‍ ആലപ്പുഴയ്‌ക്കാണ് പൊന്ന് (49.43 സെക്കൻഡ്). ആർ ശ്രേയ, ജൂലി പോൾ, ബി സരയുലക്ഷ്മി, അനാമിക അജേഷ് എന്നിവരാണ് ഓടിയത്.
പാലക്കാട് വെള്ളിയും (50.04) കണ്ണൂര്‍ വെങ്കലവും നേടി (50.51). സീനിയര്‍ ആണ്‍കുട്ടികളില്‍ ഫോട്ടോ ഫിനിഷില്‍ തൃശൂരിന് സ്വര്‍ണം ലഭിച്ചു (42.73). സി ആർ അനൽ, ടി ആർ സനീഷ്, അബിയാത്ത് ജോ, ജിയോ ഐസക് എന്നിവരാണ് ട്രാക്കിലിറങ്ങിയത്. ആലപ്പുഴ വെള്ളിയും (42.76) മലപ്പുറം വെങ്കലവും (42.80) നേടി.
ജൂനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാട് പൊന്നണിഞ്ഞു (48.95). ഒ എ നജ്‌വ, ശിഖ രാജ്, ഐശ്വര്യ സുരേഷ്, ആൻവി സുരേഷ് എന്നിവരാണ് ഓടിയത്. കണ്ണൂര്‍ വെള്ളിയും (49.84) മലപ്പുറം വെങ്കലവും (50.37) നേടി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ മലപ്പുറത്തിനാണ് സ്വര്‍ണം (43.55). കെ മുഹമ്മദ് അൻസിൽ, നിയാസ് അഹമ്മദ്, ആകാശ് ശിവകുമാർ, സി ടി മഹ്സിൻ എന്നിവരുൾപ്പെട്ടതായിരുന്നു ടീം. പാലക്കാട് വെള്ളിയും (43.58) തൃശൂര്‍ വെങ്കലവും (43.75) നേടി.
സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ ആലപ്പുഴയ്‌ക്കാണ് സ്വര്‍ണം (52.43 ). ആപി അഥീന, ഹര്‍ഷ ജോണ്‍, ഉത്തര ഷംജി, എസ് സ്നേഹ എന്നിവരാണ് ഓടിപ്പിടിച്ചത്.
കണ്ണൂരിന് വെള്ളിയും (52.96) മലപ്പുറത്തിന് വെങ്കലവുമുണ്ട് (53.47). സബ്ജൂനിയര്‍ ആണ്‍കുട്ടികളില്‍ മലപ്പുറത്തിനാണ് സ്വര്‍ണം (49.27). ഹാമിൻ അലി, സാജൻ സൂര്യ, മിഷാല്‍ പർവീസ്, കെ വി മുഹമ്മദ് ഇസാൻ എന്നിവരാണ് ട്രാക്കിലിറങ്ങിയത്. കാസര്‍കോട് വെള്ളിയും (49.35) ആലപ്പുഴ വെങ്കലവും (49.48) നേടി.









0 comments