Deshabhimani

ഈ കുടിലിലുണ്ട് ഡോക്ടറും എൻജിനിയറും

S

ഡോ.സവിൻ രാജ് , അച്ഛൻ രാജനും അമ്മ സാവിത്രിക്കുമൊപ്പം

avatar
മനാഫ് താഴത്ത്

Published on Oct 30, 2026, 02:06 AM | 1 min read

രാമനാട്ടുകര

ചോർന്നൊലിക്കുന്ന കുടിലിൽനിന്നാണ്‌ നവിൻ രാജും സനൽ രാജും പ്രതീക്ഷകൾ നെയ്‌തത്‌. പ്ലാസ്റ്റിക് ഷീറ്റ് മറച്ച ഒറ്റമുറിയിലിരുന്ന്‌ ഇരുവരും പ്രതിസന്ധികളോട്‌ പൊരുതി. ജീവിതത്തിന്റെ പരിമിതികളെ അവർ പഠനത്തിൽ മറികടന്നു. ഒരാൾ ഡോക്ടറും രണ്ടാമൻ എൻജിനിയറുമാകാൻ കുപ്പായം തുന്നുന്നു. ദാരിദ്ര്യത്തിന് പ്രതീക്ഷകൾക്ക് അതിരിടാനാകില്ലെന്ന്‌ ഇരുവരും ലോകത്തോട്‌ വിളിച്ചുപറയുന്നു.

രാമനാട്ടുകര നഗരത്തിലെ തോട്ടുങ്ങൽ പടിപറമ്പൻ രാജൻ, കെ വി സാവിത്രി ദമ്പതികളുടെ മക്കളാണിവർ. മൂത്ത മകൻ നവിൻ രാജ് മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽനിന്ന്‌ എംബിബിഎസ് പഠനം പൂർത്തിയാക്കി പിജി പ്രവേശന പരീക്ഷയുടെ ഫലം കാത്തിരിക്കുന്നു. രണ്ടാമൻ സനൽ രാജ് തൃശൂർ ജിഇസിയിൽ ബിടെക് കഴിഞ്ഞ് തൃശിനാപ്പള്ളി എൻഐടിയിൽ എംടെക് തെർമൽ എൻജിനിയറിങ് വിദ്യാർഥിയാണ്.

രാമനാട്ടുകര നഗരത്തിലെ ഭാരത് സ്റ്റോറിലെ ജോലിക്കാരനായ രാജന്റെ ചെറുവരുമാനത്തിലാണ് ഇരുവരും പഠിച്ച്‌ മുന്നേറിയത്‌. പഠിച്ചതെല്ലാം പൊതുവിദ്യാലയങ്ങളിൽ. പണം മാത്രമല്ല, രോഗവും ഇവർക്കുമുന്നിൽ വില്ലനായി വന്നു. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഹൃദയത്തിലെ രണ്ട്‌ ദ്വാരങ്ങളടയ്‌ക്കാൻ നവിൻ രാജിന് ശസ്ത്രക്രിയ നടത്തേണ്ടിവന്നു. ഹൃദ്രോഗിയായ രാജൻ 2020ൽ ബൈപാസ് ശസ്‌ത്രക്രിയക്ക്‌ വിധേയനായി. പ്രതിസന്ധികളിലും കുടുംബം തളർന്നില്ല. അവർ പരസ്‌പരം താങ്ങായി. മക്കളുടെ പഠനത്തിനും മറ്റും ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ അബ്‌ദുൾ ഗഫൂറിന്റെ അകമഴിഞ്ഞ സഹായമുണ്ടെന്ന് രാജൻ പറയുന്നു.

പഴയ തറവാട് വീട് പൊളിച്ചെങ്കിലും മറ്റൊരു വീടുവയ്ക്കാനായില്ല. പ്ലാസ്‌റ്റിക്‌ കൂരയിലാണെങ്കിലും മക്കളുടെ പഠനാവശ്യങ്ങളിൽ രാജൻ ഒരു കുറവും വരുത്തിയില്ല. സാവിത്രി ഭക്ഷണം പാകംചെയ്യുന്നത് കുടിലിന് മുറ്റത്താണ്. മഴപെയ്താൽ അതും മുടങ്ങും. ചോർന്നൊലിക്കാത്ത, തലകുനിക്കാതെ കയറാനാകുന്ന ഒരുവീടെന്നത് ഇവരുടെ സ്വപ്‌നമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home