ശ്യാമളയ്ക്ക് ജീവനാണ് കൃഷി

കരിന്തളം കൃഷിയെന്നാൽ ജീവിതത്തിൽനിന്ന് അടർത്തിമാറ്റാൻ പറ്റാത്ത ഒന്നാണ് കരിന്തളം സ്വദേശിനി എം വി ശ്യാമളയ്ക്ക്. മണ്ണോട് ചേരുംവരെ മണ്ണിൽ പണിയെടുക്കാനാണ് താൽപര്യമെന്നാണ് അവരുടെ പക്ഷം. പതിവുപോലെ ഇത്തവണയും പച്ചക്കറി കൃഷിക്ക് വിത്തിട്ട് അവർ കൃഷിയാരംഭിച്ചു. പക്ഷെ മഴക്കുറവ് കാരണം വെള്ളം നനയ്ക്കേണ്ടി വരുന്നുണ്ട്. മഴ ലഭിച്ചില്ലെങ്കിൽ വിളവ് കുറയുമെന്ന ആശങ്കയിലാണ് മിക്ക കർഷകരെയും പോലെ ശ്യാമളയും. ഇടയ്ക്ക് പെയ്യുന്ന മഴ അല്പം ആശ്വാസം. കാലിച്ചാമരം ക്ഷീര സഹകരണ സംഘം വൈസ് പ്രസിഡന്റ് കൂടിയായ ശ്യാമള (58) 15 വർഷമായി പശു വളർത്തലിലും പച്ചക്കറി കൃഷിയിലും സജീവമാണ്. 10 വർഷമായി വ്യാവസായികാടിസ്ഥാനത്തിൽ പച്ചക്കറി കൃഷിയും ചെയ്യുന്നു. ആദ്യം ഒരുപശുവിൽ തുടങ്ങി അത് ഒമ്പതുവരെ എത്തിയിരുന്നെങ്കിലും നിലവിൽ മൂന്നെണ്ണം മാത്രമാണുള്ളത്. കാലിത്തീറ്റ വില വർധനവും കാലാവസ്ഥ പ്രശ്നങ്ങളും പശുവളർത്തലിന് വെല്ലുവിളിയാണെന്ന് ശ്യാമള പറയുന്നു. ദിവസം രണ്ടു നേരവും ചേർത്ത് 28 ലിറ്റർ പാൽ അളക്കുന്നു. ആദ്യകാലത്ത് ദിവസം 60 ലിറ്റർവരെ പാൽ അളന്നിരുന്നു. കാലിച്ചാമരം ക്ഷീര സംഘത്തിലെ കരിന്തളം സബ് സെന്ററിലാണ് പാൽ കൊടുക്കുന്നത്. 10 വർഷമായി ഒട്ടുമിക്ക എല്ലാ പച്ചക്കറികളും ഇവർ പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്യുന്നു. മഴക്കാലം, വേനൽക്കാലം എന്നിങ്ങനെ രണ്ടു തവണ കൃഷിചെയ്യുന്നതാണ് ഇവരുടെ രീതി. പാവയ്ക്ക, നരമ്പൻ, വെള്ളരി, കക്കിരി, പടവലം, വഴുതന, കുമ്പളം, തക്കാളി, പച്ചമുളക്, മത്തൻ ഉൾപ്പെടെ എല്ലാ കൃഷികളും ചെയ്യുന്നു. പാട്ടത്തിനെടുത്ത രണ്ട് ഏക്കറോളം സ്ഥലത്താണ് കൃഷി. വിഷു വിപണി മാത്രം ലക്ഷ്യമിട്ട് വർഷങ്ങളായി വെള്ളരി കൃഷിയും ചെയ്തുവരുന്നു. കപ്പ, ചേമ്പ്, ചേന എന്നിവയും കൃഷി ചെയ്യുന്നു. ഈ വർഷം പൈനാപ്പിൾ കൃഷിയും തുടങ്ങി. രണ്ടായിരത്തിലധികം പൈനാപ്പിൾ തൈകളാണ് നട്ടത്. കുടുംബശ്രീ സഹായത്തോടെ മീൻകൃഷിയും ചെയ്യുന്നു. മുമ്പ് പച്ചക്കറി തൈകളും മരത്തൈകളും വിൽപന നടത്തിയിട്ടുണ്ട്. കൃഷിയിൽ താങ്ങായി ഭർത്താവ് എ ആർ മോഹനനും ഒപ്പമുണ്ട്. മകൻ: ശ്യാം മോഹൻ.









0 comments