വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിൽ മോഷണം

പൊലീസ് നായയെ ഉപയോഗിച്ച് പരിശോധന നടത്തുന്നു
വൈറ്റില
ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ ശ്രീകോവിൽ തുറന്ന് മോഷണം. ഭണ്ഡാരങ്ങളിൽ നിന്നും വഴിപാട് കൗണ്ടറിൽ നിന്നും പണം കവർന്നു. സുബ്രഹ്മണ്യന്റെയും ദേവീ ക്ഷേത്രത്തിലേയും ശ്രീകോവിലുകൾ തുറന്ന് അകത്തു കയറിയെങ്കിലും വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടില്ല. നാഗ ദൈവങ്ങളുടെയും അയ്യപ്പൻ പടിഞ്ഞാറേ ഗോപുരം എന്നിവിടങ്ങളിലെയും ഭണ്ഡാരങ്ങളാണ് പൂട്ടുതകർത്ത് കവർന്നത്. മറ്റു ഭണ്ഡാരങ്ങൾ കുത്തിതുറക്കാൻ ശ്രമിച്ചെങ്കിലും ഇരട്ടപൂട്ടായതിനാൽ തുറക്കാൻ കഴിഞ്ഞില്ല. എണ്ണകൗണ്ടറിൽ ഉണ്ടായിരുന്ന രണ്ടായിരം രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ട്.
ഭണ്ഡാരങ്ങളിലും നല്ല തുക ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ശ്രീകോവിലുകളുടെ താക്കോൽ പുറത്തായിരുന്നു സൂക്ഷിച്ചിരുന്നത്. ഇതുപയോഗിച്ചാണ് തുറന്നത്. സെക്യൂരിറ്റി ജീവനക്കാരൻ സംഭവം അറിഞ്ഞില്ല. വ്യാഴം പുലർച്ചെ മേൽശാന്തി അമ്പലത്തിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മരട് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.
ഫൊറൻസിക് വിദഗ്ധർ തെളിവ് ശേഖരിച്ചു. പൊലീസ് നായ് മണം പിടിച്ച് വൈറ്റില ജങ്ങ്ഷൻവരെയെത്തി തിരിച്ചുപോന്നു. അവിടെനിന്നും മോഷ്ടാക്കൾ വാഹനത്തിൽ കടന്നിരിക്കാനാണ് സാധ്യതയെന്നാണ് നിഗമനം. അമ്പലത്തിൽ അടിയന്തരമായി സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും ഒരേ സമയം ഡ്യൂട്ടിയിൽ രണ്ടു സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണമെന്നും ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെട്ടു.









0 comments